കൊണ്ടുനടന്നതും നീയേ…

കൊണ്ട് നടന്നതും നിയ്യേ ചാപ്പാ, കൊണ്ടോയ് കൊല്ലിച്ചേ നിയ്യേ ചാപ്പാ… ഇത് വടക്കൻ പാട്ടിൽ, മരണാസന്നനായ ഒതേനക്കുറുപ്പ് സുഹൃത്ത് ചാപ്പനോട് പറയുന്നതാണ്. വർത്തമാനകാല റഷ്യൻ അധിനിവേശ കഥയിലെ വില്ലനും നായകനുമായ യെവ്ഗിനി പ്രിഗോഷിന് പ്രസിഡന്റ് വ്ലാദമിർ പുടിനോടും പറയാവുന്ന വരികളാണിത്. വാളെടുത്തവൻ വാളാലെന്ന പതിവ് മറുപടിയാകും പുടിൻ നൽകുക. പ്രഗോഷിന്റെയും അയാളുടെ നേതൃത്വത്തിലുള്ള കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെയും ചരിത്രത്തിൽ നിന്ന് പുടിനെ വെട്ടിമാറ്റാനേ സാധ്യമല്ല. മോഷണവും അടിപിടിയുമായി നടന്ന പ്രിഗോഷിൻ 12 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്ന് 1990കളിൽ പുറത്തിറങ്ങുമ്പോൾ പുടിൻ തീരുമാനിച്ചു. ഇവനെ കൂടെക്കൂട്ടണം… ഭാവിയിൽ ഉപകരിക്കും. സ്വയം ചെയ്യാനാകാത്തത് ചെയ്യിക്കാൻ ഒരാൾ വേണമെന്ന് മുൻ കെ ജി ബി കേണലായ പുടിന് നന്നായറിയാം. ചാര ഏജൻസികളിൽ പ്രവർത്തിച്ചവർക്കെല്ലാം നിഴൽ യുദ്ധത്തിൽ വലിയ താത്പര്യമായിരിക്കും. അവർ ആരെയും കൊല്ലുകയില്ല. എന്നാൽ കൊല്ലിക്കും. ഉൾഭയം, സംശയം, നിഗൂഢമായ ശത്രുത എന്നിവയാകും ഇത്തരക്കാരുടെ മുഖമുദ്ര. പുടിനും ഇതിൽ നിന്ന് വിഭിന്നനല്ല. തന്റെ നിഴൽ യുദ്ധങ്ങളുടെ കമാൻഡറായി പ്രിഗോഷിനെ പുടിൻ തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. കാറ്ററിംഗ് ബിസിനസ്സുമായി രംഗത്തുവന്ന പ്രിഗോഷിന് വെച്ചടി കേറ്റമായിരുന്നു. അതിവേഗം അയാൾ ശതകോടീശ്വരനായി. എല്ലാ മുന്നേറ്റത്തിലും പുടിന്റെ അളവറ്റ സഹായമുണ്ടായിരുന്നു. അങ്ങനെ ആ പേര് വീണു: പുടിന്റെ ഷെഫ്.

ദിമിത്രി ഉത്കിനുമായി ചേർന്ന് വാഗ്നർ കൂലിപ്പട്ടാള സംഘം രൂപവത്കരിച്ചപ്പോഴും രക്ഷകർത്താവും പ്രധാന ഉപഭോക്താവും പുടിനായിരുന്നു. വ്യക്തികളുടെ സംരക്ഷണ ദൗത്യമായിരുന്നു തുടക്കത്തിൽ. പിന്നെയത് ഖനി മുതലാളിമാർക്കുള്ള കുടിയൊഴിപ്പിക്കലും കാവൽപ്പണിയുമായി. അതിവേഗം ആൾബലവും ആയുധബലവുമേറി. യുദ്ധത്തിന് സൈനികരെ സപ്ലേ ചെയ്യുന്ന നിലയിലേക്ക് വളർന്നു. എല്ലാത്തിനും പുടിന്റെ പിന്തുണയുണ്ടായിരുന്നു. പുടിന് വേണ്ടി നിരവധി ഓപറേഷനുകളിൽ വാഗ്നർ ഗ്രൂപ്പ് പങ്കെടുത്തു. പുടിനെതിരെ ശബ്ദിച്ച മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ നിശബ്ദമാക്കാൻ വാഗ്നർ ഗ്രൂപ്പിനെ നിരവധി തവണ ഉപയോഗിച്ചു. സമാന്തര സേനയായി അത് വളർന്നു. യുക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് വേണ്ടി ക്രൂരമായ ആക്രമണങ്ങൾ അഴിച്ചു വിട്ടതോടെയാണ് പ്രിഗോഷിനും വാഗ്നർ ഗ്രൂപ്പും വാർത്തകളിൽ നിറഞ്ഞത്. റഷ്യയുടെ ഔദ്യോഗിക സൈന്യത്തെ കവച്ചു വെക്കുന്ന പ്രകടനമാണ് ഈ സ്വകാര്യ സേന യുക്രൈനിൽ കാഴ്ചവെച്ചത്. റഷ്യ സൈനിക ഇടപെടൽ നടത്തുന്ന ആഫ്രിക്കയടക്കം സർവ ഇടങ്ങളിലും ഇവരുണ്ടായിരുന്നു.

യുക്രൈനിൽ പക്ഷേ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. സെലൻസ്‌കിയുടെ സൈന്യം വാഗ്നർ ഗ്രൂപ്പിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. അതോടെ പ്രിഗോഷിൻ സ്വരം മാറ്റിത്തുടങ്ങി. റഷ്യൻ സൈന്യം ബുദ്ധിമുട്ടേറിയ ഭാഗങ്ങളിൽ നിന്ന് ഒഴിയുകയാണെന്നും ആയുധങ്ങൾ എത്തിച്ചു തരുന്നില്ലെന്നും തന്റെ പടയാളികളെ കൊലക്ക് കൊടുക്കുകയാണെന്നും ആരോപണമുന്നയിച്ചു. ഈ ആരോപണം പുടിനുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. പ്രിഗോഷിൻ ശരിക്കും ഒറ്റപ്പെട്ടു. അയാൾ രോഷം കൊണ്ട് ജ്വലിച്ചു. വഞ്ചിക്കപ്പെട്ടുവെന്ന ബോധം അയാളെ ഭ്രാന്തനാക്കി.

അങ്ങനെയാണ് കഴിഞ്ഞ ജൂണിൽ പ്രിഗോഷിന്റെ സൈന്യം മോസ്‌കോയിൽ വിമത കലാപത്തിന് മുതിർന്നത്. ജൂൺ 23ന് ആയിരക്കണക്കിന് വാഗ്നർ പടയാളികൾ മോസ്‌കോയിലേക്ക് മാർച്ച് ചെയ്തു. ജസ്റ്റിസ് മാർച്ചെന്ന് പ്രിഗോഷിൻ വിശേഷിപ്പിച്ച ആ വിമത മുന്നേറ്റത്തെ റഷ്യൻ സൈന്യം നഗരാതിർത്തിയിൽ തടഞ്ഞു. റഷ്യ ആഭ്യന്തര സംഘർഷത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് വാർത്തകൾ പരന്നു. പുടിനെതിരെ തിരിയാനുള്ള കെൽപ്പൊന്നും പ്രിഗോഷിനുണ്ടായിരുന്നില്ല എന്ന് വളരെ വേഗം വ്യക്തമാകുകയായിരുന്നു. ഒരു ഭാഗത്ത് റഷ്യൻ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം. മറുഭാഗത്ത് ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുക്കാഷെങ്കോയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ച. വിമത നീക്കത്തിൽ നിന്ന് പിന്തിരിയുന്ന പ്രിഗോഷിനെയാണ് പിന്നീട് കണ്ടത്. പ്രിഗോഷിനും 25,000ത്തോളം വരുന്ന വാഗ്നർ അംഗങ്ങൾക്കുമെതിരെ ക്രിമിനൽ കേസെടുക്കില്ലെന്നും അഭയം നൽകുമെന്നുമുള്ള ഉറപ്പിൻമേലായിരുന്നു അവർ ഒത്തുതീർപ്പിന് വഴങ്ങിയത്.

പരാജയമടഞ്ഞ അട്ടിമറി നീക്കത്തിന് പിറകേ പുടിനുമായി പ്രിഗോഷിൻ കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലും പുറത്ത് വരുന്നുണ്ട്. റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ ഈ കൂടിക്കാഴ്ചയിൽ പുടിൻ പ്രിഗോഷിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഈ നിർദേശം അയാൾ സ്വീകരിച്ചില്ല. ഇതോടെയാണത്രേ പ്രിഗോഷിന്റെ “മരണ വാറണ്ടിൽ പുടിൻ ഒപ്പുവെച്ചത്’. ഏതായാലും ആ കൂടിക്കാഴ്ചക്ക് ശേഷം പ്രിഗോഷിനെ ആരും പുറത്തുകണ്ടിട്ടില്ല. പുടിൻ- പ്രിഗോഷിൻ കൂടിക്കാഴ്ച റഷ്യൻ ഭരണകൂടം നടത്തിയ ഒരു നാടകമായിരിക്കാനാണ് സാധ്യതയെന്നും അയാളെ ഇനി പൊതുമധ്യത്തിൽ കാണുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അമേരിക്കൻ മുൻ സൈനിക ഉദ്യോഗസ്ഥനായ റോബർട്ട് എബ്രാംസ് ഉൾപ്പെടെയുള്ള പാശ്ചാത്യ വിദഗ്ധർ പറഞ്ഞതിനെ റഷ്യ ശക്തമായ ഭാഷയിൽ അപലപിക്കുകയാണ് ചെയ്തത്.

പ്രിഗോഷിനും ദിമിത്രിയും വിമാനാപകടത്തിൽ മരിച്ചുവെന്ന വാർത്ത മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. ബുധനാഴ്ച രാത്രി വടക്കൻ മോസ്‌കോയിലെ ടിവിർ മേഖലയിൽ തകർന്നു വീണ വിമാനത്തിൽ പത്ത് പേരുണ്ടായിരുന്നു. യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെയും ദിമിത്രിയുടെയും പേരുണ്ട്. അത്രയേ ഉള്ളൂ വിവരം. പ്രിഗോഷിൻ വിമാനാപകടത്തിൽ മരിച്ചതാണോ വിമാനം വെടിവെച്ചിട്ട് കൊന്നതാണോ അതോ പ്രിഗോഷിൻ ജീവിച്ചിരിപ്പുണ്ടോ? വ്ലാദിമിർ പുടിൻ ഒരക്ഷരം പ്രതികരിച്ചിട്ടില്ല. ഭരണകൂടത്തിന് ഈ അപകടത്തിൽ പങ്കുണ്ടെന്നത് പച്ചക്കള്ളമാണെന്ന ഒരു പ്രസ്താവന ക്രംലിന്റെ വകയായി വന്നിട്ടുണ്ട്. എന്നാൽ വടക്കൻ മോസ്‌കോയിലെ ടിവർ മേഖലയിൽ ഈ വിമാനം വ്യോമ പ്രതിരോധ വിഭാഗം വെടിവെച്ചിട്ടുവെന്ന് വാഗ്നർ അനുകൂല ടെലിഗ്രാം ചാനലയ ഗ്രേ സോൺ റിപോർട്ട് ചെയ്തിരുന്നു. റഷ്യൻ ഏവിയേഷൻ ഏജൻസിയായ റോസാവിയോറ്റ്‌സ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡി എൻ എ പരിശോധന നടന്നിട്ടേ പ്രിഗോഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.

വിധേയത്വമാണ് പുടിന്റെ മെയിൻ. അത് പാലിക്കുന്നവർക്ക് സമ്മോഹനമായ സ്ഥാനങ്ങൾ കിട്ടിക്കൊണ്ടേയിരിക്കും. ലംഘിക്കുന്നവർ, സി ഐ എ ഡയറക്ടർ വില്യം ബേൺസിന്റെ ഭാഷയിൽ പറഞ്ഞാൽ “അൽപ്പം തണുത്തിട്ടാണെങ്കിലും പ്രതികാരത്തിന്റെ സദ്യ’ നുണയുക തന്നെ ചെയ്യും. പ്രതികാരം നടപ്പാക്കിയതിന് തെളിവുണ്ടോ എന്ന് ചോദിച്ചാൽ നിരത്തുക ബുദ്ധിമുട്ടായിരിക്കും. ജനങ്ങൾക്കിടയിൽ നല്ല പേരുണ്ടായിരുന്ന ഗവർണർ അലക്‌സാണ്ടർ ലെബെഡ് 2002ൽ മരിച്ചത് ഹെലികോപ്റ്റർ തകർന്നായിരുന്നു. പുടിന്റെ അധികാര പ്രയാണത്തിൽ എതിരാളിയാകുമെന്ന് കരുതപ്പെട്ടയാളാണ് അലക്‌സാണ്ടർ. പുടിന്റെ വിമർശകനായ ബോറിസ് ബെറസോവ്‌സ്‌കി ലണ്ടനിലേക്ക് പലായനം ചെയ്യുകയും 2013ൽ അവിടെ വെച്ച് കൊല്ലപ്പെടുകയും ചെയ്തു. അലക്‌സാണ്ടർ ലിറ്റ്‌വിനെങ്കോയെ റേഡിയോ ആക്ടീവ് പ്ലോട്ടോണിയം -210 ഭക്ഷണത്തിൽ കലർത്തിയാണ് കൊന്നത്. അതും ലണ്ടനിൽ വെച്ച്. ആ സംഭവത്തിൽ പ്രതിയെന്ന് ബ്രിട്ടൻ മുദ്രകുത്തിയവർക്കെല്ലാം പ്രത്യേക ദേശീയ പുരസ്‌കാരം നൽകി ആദരിക്കുകയായിരുന്നു പുടിൻ ഭരണകൂടം. സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടവരെയെല്ലാം പുടിൻ വിളിച്ച പേര് ‘രാജ്യദ്രോഹി’ എന്നായിരുന്നു. ഒരു കാലത്ത് “പുടിൻസ് ഷെഫാ’യിരുന്ന പ്രിഗോഷിനെയും ഒടുവിൽ വിളിച്ചു: രാജ്യദ്രോഹി, നയവഞ്ചകൻ.
അതുകൊണ്ട്, കൊണ്ടുനടന്നതും കൊണ്ടുപോയി കൊന്നതും പുടിൻ തന്നെയാകാനേ തരമുള്ളൂ. പക്ഷേ, അതിനുള്ള തെളിവൊന്നും ആരുടെയും കൈയിലില്ല. പ്രിഗോഷിൻ തിരിച്ചു വരാത്തിടത്തോളം അയാളുടെ ദാരുണ അന്ത്യം മാത്രം സത്യമായി നിലനിൽക്കും. ബാക്കിയെല്ലാം അഭ്യൂഹം. യുക്രൈൻ അധിനിവേശത്തിൽ പുടിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ പുതിയ സംഭവവികാസങ്ങൾ കാരണമായേക്കാം.

അന്താരാഷ്ട്രതലത്തിൽ കൂടുതൽ ഒറ്റപ്പെടാനും ഇത് വഴിവെക്കും. വാഗ്നർ സൈന്യത്തിന്റെ നല്ല പങ്കും ബലറൂസിലെ ക്യാമ്പിൽ കഴിയുന്നുണ്ട്. കൂടുതൽ നേതാക്കളെ വകവരുത്തി ആ കൂലിപ്പട്ടാളത്തെ ശിഥിലമാക്കാം. അല്ലെങ്കിൽ അവരെ പഴയതുപോലെ കൂടെക്കൂട്ടാം. നൈജറിനെച്ചൊല്ലി ആഫ്രിക്കയിൽ സംഘർഷം ഉരുണ്ടു കൂടുമ്പോൾ രണ്ടാമത്തേതിനാണ് സാധ്യത കൂടുതൽ.



source https://www.sirajlive.com/you-are-the-one-who-carried.html

Post a Comment

Previous Post Next Post