നീലേശ്വരം | കണ്ടല്‍ചെടികള്‍ കൊണ്ട് വേറിട്ട പൂക്കളമൊരുക്കി ശ്രദ്ധനേടി കടിഞ്ഞിമൂലയിലെ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ പി വി ദിവാകരന്‍. കണ്ടലിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവോണ പൂക്കളത്തോടൊപ്പം കണ്ടല്‍ ചെടികളും ഉള്‍പ്പെടുത്തിയത്. മൂന്ന് മാസം പ്രായമുള്ളതും ശുദ്ധജലത്തില്‍ വളരുന്നതുമായ നല്ല കണ്ടല്‍, ഭ്രാന്തന്‍ കണ്ടല്‍, കുറ്റി കണ്ടല്‍ എന്നീ ചെടികളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്.
ആഗോളതാപനം നിയന്ത്രിക്കുന്നതിനും, വായുവിലെയും വെള്ളത്തിലെയും മാരക വിഷാംശങ്ങള്‍ സ്വീകരിച്ച് ശുദ്ധവായുവും ശുദ്ധജലവും പ്രദാനം ചെയ്യുന്നതിനും ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്‍പ്പിന് സഹായകരമാകുന്നതിനും തീരസംരക്ഷണം തുടങ്ങി ഒട്ടനവധി നല്ല കാര്യങ്ങള്‍ അമൂല്യമായ കണ്ടല്‍ക്കാടുകള്‍ നമുക്ക് സമ്മാനിക്കുന്നുണ്ട്. ഈ തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്ന സന്ദേശമാണ് പൂക്കളം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദിവാകരന്‍ പറയുന്നു. പൂക്കളം ഒരുക്കുന്നതിനു പി ചന്ദ്രന്‍, രേണുക, ചന്ദ്രമതി, പുഷ്പവല്ലി എന്നിവരുടെ പങ്കാളിത്തവുമുണ്ടായി.
മരത്തിൽ പൂക്കളമൊരുക്കി ചന്ദ്രൻ ആചാരി
ചെറുവത്തൂർ | പൂവുകളില്ലാതെ തീർത്ത പൂക്കളം വ്യത്യസ്ത കാഴ്ചയായി. പൂവുകൊണ്ട് മാത്രമല്ല കരവിരുതിൽ മരക്കഷണം, മരപ്പൊടി തുടങ്ങിയവ കൊണ്ടും നയനാനന്ദകരമായ പൂക്കളം തീർക്കാമെന്ന് തെളിയിച്ചിരിക്കയാണ് തിമിരിക്കടുത്ത കുതിരുംചാലിലെ വി വി ചന്ദ്രൻ ആചാരി.
ജോലി ചെയ്യുന്നതിനിടയിൽ ബാക്കി വരുന്ന മരക്കഷണങ്ങൾ കൊണ്ടാണ് ചന്ദ്രൻ വിസ്മയം തീർത്തത്.
മരക്കഷണങ്ങളെ ഉളി കൊണ്ട് പൂവിന്റെ മാതൃകയിലാക്കി വിവിധ മരപ്പൊടികളും ചേർത്ത് തനിമ നഷ്‌ടപ്പെടാതെ ഉണ്ടാക്കിയ പൂക്കളം കണ്ടാൽ ആരും ഒന്നു നോക്കി പോകും. സൂര്യകാന്തിയും വാടാർമല്ലിലും തുമ്പയും ചെന്താമരയുമൊക്കെ തനിമയോടെ കൊത്തി വെച്ചാണ് ഈ പൂക്കളം നിർമിച്ചത്.
പൂവിൽ നിന്ന് തേൻ നുകരുന്ന പൂമ്പാറ്റയും മാവേലിക്കുടയും പൂക്കളത്തിൽ ഉണ്ട്. മരത്തിൽ കൊത്തിയ നില വിളക്കും ഓണക്കിണ്ടിയും ഈ പൂക്കളത്തിനൊപ്പം ചേരുമ്പോൾ മരക്കഷണത്തിൽ തീർത്ത പൂക്കളത്തിന്റെ ചന്തം വർണിക്കാൻ പറ്റാത്തതായി.
source https://www.sirajlive.com/today-is-thiruvonam-mangrove-plants-and-trees-have-been-used-as-flower-beds-by-the-people-of-kasarkot.html
إرسال تعليق