പൊരുതാന്‍ പോലുമാകാതെ പാക്കിസ്ഥാന്‍; കൂറ്റന്‍ ജയവുമായി ഇന്ത്യ

കൊളംബോ | ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ കൂറ്റന്‍ ജയം നേടി ഇന്ത്യ. 228 റണ്‍സിനാണ് പാക് നിരയെ തകര്‍ത്തെറിഞ്ഞത്. പാക്കിസ്ഥാനെതിരെ ഇന്ത്യ ഇതുവരെ നേടിയതില്‍ വച്ച്‌ ഏറ്റവും വലിയ വിജയമാണിത്. ആദ്യം ബാറ്റ് കൊണ്ടും പിന്നെ പന്ത് കൊണ്ടുമുള്ള ഇന്ദ്രജാലമായിരുന്നു ഇന്ത്യന്‍ താരനിര കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത്. സ്‌കോര്‍: ഇന്ത്യ-356/2. പാക്കിസ്ഥാന്‍-32 ഓവറില്‍ 128ന് എല്ലാവരും പുറത്ത്.

ബാറ്റിങിലോ ബോളിങിലോ പാക്കിസ്ഥാന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. റണ്‍മലയിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാന്‍ താരങ്ങള്‍ ഒരുഘട്ടത്തിലും ഫോമിലേക്കുയര്‍ന്നില്ല. 18 ഓവറുകള്‍ അവശേഷിക്കേ അവര്‍ കൂടാരം കയറി. ഫഖര്‍ സമാന്‍ (27), ബാബര്‍ അസം (10), സല്‍മാന്‍ അലി ആഗ (23), ഇഫ്തിഖര്‍ അഹമ്മദ് (23) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കണ്ടെത്താനായത് എന്നത് പാക് ബാറ്റിങിന്റെ ദയനീയത വിളിച്ചോതുന്നതായി. സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കുത്തിത്തിരിയുന്ന പന്തുകളില്‍ പാക് ബാറ്റ്‌സ്മാന്മാര്‍ കറങ്ങിവീണു. അഞ്ച് വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചത്. ജസ്പ്രിത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ, വിരാട് കോലിയും കെ ആര്‍ രാഹുലും ശതകം നേടിയ അങ്കത്തില്‍ ഇന്ത്യയുടെ ബാറ്റില്‍ നിന്ന് റണ്‍സ് അവിരാമം ഒഴുകുകയായിരുന്നു. കോലി 94 പന്തില്‍ 122ഉം രാഹുല്‍ 106 പന്തില്‍ 111ഉം അടിച്ചെടുത്തു. 49ല്‍ 56 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ, 52ല്‍ 58ലേക്കെത്തിയ ശുഭ്മാന്‍ ഗില്‍ എന്നിവരും മികച്ച പ്രകടനം നടത്തി. പാക്കിസ്ഥാന് വീഴ്ത്താനായ രണ്ടേ രണ്ട് വിക്കറ്റുകള്‍ ഷഹീന്‍ അഫ്രിദിയും ഷദാബ് ഖാനും പങ്കിട്ടെടുത്തു.



source https://www.sirajlive.com/pakistan-without-even-fighting-india-with-a-big-win.html

Post a Comment

أحدث أقدم