മോദിയുമായി മനുഷ്യാവകാശങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയെന്ന് ബൈഡന്‍

ഹാനോയ് | ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ജി 20 ഉച്ചകോടിക്കിടെ നടന്ന നയതന്ത്ര കൂടിക്കാഴ്ചയിലാണ് ഈ വിഷയങ്ങള്‍ ഉന്നയിച്ചതെന്ന് ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലെത്തിയ ബൈഡന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജി 20 ഉച്ചകോടി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബൈഡന്‍ ഇന്ത്യയില്‍ നിന്ന് വിയറ്റ്നാമിലേക്ക് തിരിച്ചിരുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിനെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും പൊതുസമൂഹത്തിന്റെ പ്രധാന്യത്തെ കുറിച്ചും മോദിയോട് ഉണര്‍ത്തിയിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ അഭിവൃദ്ധിയുള്ളതും കരുത്തുള്ളതുമായ രാജ്യം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യ- യു എസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഗഹനമായമായ ചര്‍ച്ചകള്‍ നടത്തിയതായി ബൈഡന്‍ വ്യക്തമാക്കി.

മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളോട് മോദി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ വ്യാപക പ്രതിഷേധമുള്ള സാഹചര്യത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. വേള്‍ഡ് പ്രസ്സ് ഫ്രീഡം സൂചികയില്‍ ഇന്ത്യ 11 സ്ഥാനം പിന്തള്ളി 161ലെത്തിയതും മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ജി 20 ഉച്ചകോടിയില്‍ ഇത്തരം വിഷയങ്ങള്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉന്നയിക്കണമെന്ന് ആഗോള തലത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

വൈറ്റ് ഹൗസില്‍ നിന്ന് ഒന്നിലധികം അഭ്യര്‍ഥനകള്‍ ഉണ്ടായിട്ടും വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷം ബൈഡനോടും മോദിയോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. ബൈഡന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തി.

 



source https://www.sirajlive.com/biden-said-he-discussed-human-rights-with-modi.html

Post a Comment

أحدث أقدم