രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയിലേക്കാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട സി ബി ഐ റിപോര്‍ട്ടിലെ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാനും രാഷ്ട്രീയമായി തളച്ചിടാനും ഗൂഢാലോചന നടന്നതായാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരി സരിതാ നായര്‍ എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നാണ് സി ബി ഐ കണ്ടെത്തല്‍. പരാതിക്കാരി പത്തനംതിട്ട ജയിലില്‍ കഴിയുന്ന സമയത്താണ് വിവാദ കത്തെഴുതിയത്. ഉമ്മന്‍ ചാണ്ടിയുടെ ചില രാഷ്ട്രീയ പ്രതിയോഗികള്‍ പ്രസ്തുത കത്ത് പണം കൊടുത്ത് കൈവശപ്പെടുത്തി ഉമ്മന്‍ ചാണ്ടിയുടെ പേര് അതില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നും പ്രസ്തുത കത്ത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കിയതിനു പിന്നില്‍ സി പി എം നേതാക്കളുടെ സമ്മര്‍ദമാണെന്ന് ദല്ലാള്‍ നന്ദകുമാര്‍ മൊഴി നല്‍കിയെന്നും സി ബി ഐ റിപോര്‍ട്ടില്‍ പറയുന്നു.
2013 മുതല്‍ 2022 വരെയുള്ള ഒമ്പത് വര്‍ഷക്കാലം കേരള രാഷ്ട്രീയത്തെ, വിശേഷിച്ചും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ സംഭവമാണ് സോളാര്‍ കേസ്. 2013 ജനുവരിയില്‍ സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റിലാകുന്നതോടെയാണ് തുടക്കം. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി സരിതാ നായര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തോടെയായിരുന്നു വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി കടന്നു വരുന്നത്. സരിതയുടെയും സോളാര്‍ കമ്പനിയുടെയും തട്ടിപ്പിന് ഉമ്മന്‍ ചാണ്ടി കൂട്ടുനിന്നുവെന്ന് മാത്രമല്ല, സരിതാ നായരെ അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം വരെ ഉയര്‍ന്നു. ഇതിന്റെ പേരില്‍ ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ പോലും നിയമസഭയിലും പുറത്തും ഉമ്മന്‍ ചാണ്ടിയെ വ്യക്തിഹത്യ നടത്തി. കടുത്ത അവഹേളനവും മാനഹാനിയുമാണ് അദ്ദേഹവും കുടുംബവും അനുഭവിക്കേണ്ടി വന്നത്. കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു.
സോളാര്‍ കേസ് കത്തിച്ചതില്‍ ഇടതു രാഷ്ട്രീയത്തിന് മാത്രമല്ല, കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനും പങ്കുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതയെ ഉപയോഗിക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ശ്രമമുണ്ടായെന്ന ആരോപണം ഉയര്‍ന്നത് പ്രതിപക്ഷത്ത് നിന്നല്ല കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ അത് സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പ് നടത്തണമെന്ന് ഒരു പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് തന്നോട് ആവശ്യപ്പെട്ടതായുള്ള സരിതാ എസ് നായരുടെ വെളിപ്പെടുത്തലും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
‘സോളാറു’മായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരായ നീക്കത്തില്‍ പരിമിതപ്പെടുന്നതല്ല കേരള രാഷ്ട്രീയത്തിലെ ഗൂഢാലോചനയും അധാര്‍മികതയും. കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കര്‍, ലീഡര്‍ കെ കരുണാകരന്‍, കുഞ്ഞാലിക്കുട്ടി, വി എസ് അച്യുതാനന്ദന്‍ തുടങ്ങി പല പ്രമുഖരും ഇരയായിട്ടുണ്ട് ഇതുപോലുള്ള രാഷ്ട്രീയ ഗൂഢാലോചനക്ക്. 1960 സെപ്തംബറില്‍ മുഖ്യമന്ത്രി പദമേറ്റെടുത്ത ആര്‍ ശങ്കറിനെ കാലാവധി പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ രണ്ട് വര്‍ഷത്തിനു ശേഷം താഴെയിറക്കിയത് സ്വന്തം പാര്‍ട്ടിക്കാരായിരുന്നല്ലോ. വ്യാജ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ശങ്കറിനെ പിന്നില്‍ നിന്ന് കുത്തിയത്. ചാരക്കേസില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം ത്യജിക്കാന്‍ ഇടയായതും ഭരണത്തില്‍ തിളങ്ങിയ വി എസ് അച്യുതാനന്ദനെ പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ഒതുക്കിയതും രാഷ്ട്രീയ രംഗത്തെ ഗൂഢാലോചനക്കും നെറികേടിനും ഉദാഹരണങ്ങളാണ്. ഐ എസ് ആര്‍ ഒ ചാരക്കേസ് പടച്ചുണ്ടാക്കിയത് കരുണാകരനെ വീഴ്ത്താനായിരുന്നുവെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ മകനും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ കെ മുരളീധരനാണ്.
രാഷ്ട്രീയത്തെയാകെ ഗ്രസിച്ചിരിക്കുകയാണിന്ന് മൂല്യച്യുതിയും അധാര്‍മികതയും. രാഷ്ട്രീയ നിഘണ്ടുവിലെ അപരിചിത പദങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് സദാചാരവും ധാര്‍മികതയും. ‘അധികാരത്തോട് ആര്‍ത്തി കൂടിയാല്‍ അധികാരികളുടെ പെരുമാറ്റത്തില്‍ ജീര്‍ണത വരു’മെന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജഫേഴ്‌സന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്നതാണ് കക്ഷിരാഷ്ട്രീയത്തിലെ വൃത്തികേടുകള്‍. അധികാര പദവികള്‍ക്കായി രാഷ്ട്രീയ പ്രതിയോഗിയെ വ്യക്തിഹത്യ നടത്തുകയും ജനമധ്യത്തില്‍ താറടിച്ചു കാണിക്കുകയും ചെയ്യുന്നത് പതിവു സംഭവമായി മാറിയിരിക്കുന്നു. രാഷ്ട്രീയ മര്യാദയുടെ സകല അതിര്‍ വരമ്പുകളും ലംഘിക്കുന്നതായിരുന്നു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ നീക്കങ്ങള്‍. ഇതേചൊല്ലി വല്ലാതെ കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹം. എങ്കിലും ക്രൈം ബ്രാഞ്ചും സി ബി ഐയും നിരപരാധിയെന്ന് വിധിയെഴുതിയ ആശ്വാസത്തോടെയാണ് അദ്ദേഹം വിടപറഞ്ഞത്.
രാഷ്ട്രീയ നേതൃത്വങ്ങളില്‍ പുനരാലോചനക്കും ആത്മവിചിന്തനത്തിനും വഴിയൊരുക്കേണ്ടതുണ്ട് ഈ സംഭവം. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ ധാര്‍മികത വീണ്ടെടുക്കാനും പ്രതിയോഗികളെ കൈകാര്യം ചെയ്യുമ്പോള്‍ മാന്യതയും സംസ്‌കാരവും നിലനിര്‍ത്താനും പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഇത് പ്രേരകമാകണം. രാഷ്ട്രീയ ശത്രുക്കളുടെ നയപരമായ വൈകല്യങ്ങളെയും ആശയ പാപ്പരത്തത്തെയും ഭരണപരമായ വീഴ്ചകളെയും എത്ര ശക്തമായ ഭാഷയിലും വിമര്‍ശിക്കാം. അതവരുടെ വ്യക്തിജീവിതത്തെ മലിനമാക്കി ചിത്രീകരിച്ചും ജനമധ്യത്തില്‍ താറടിച്ചുമാകരുത്. ആധുനിക രാഷ്ട്രീയ വ്യവസ്ഥയില്‍ ഏറ്റവും മികച്ചതും മെച്ചപ്പെട്ടതുമാണ് ജനാധിപത്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനാധിപത്യത്തിന്റെ ഈ മികവ് സദാചാര രാഷ്ട്രീയം മുറുകെ പിടിക്കുമ്പോള്‍ മാത്രമാണെന്ന കാര്യം നേതൃത്വങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.
source https://www.sirajlive.com/political-morality-that-comes-from-abroad.html
Post a Comment