കോഴിക്കോട് | ജില്ലയിലെ നിപ ബാധിത മേഖലകളില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം നടക്കും. നിപ ബാധിത മേഖലകള്‍ കേന്ദ്രസംഘം ഇന്നു സന്ദര്‍ശിക്കും.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ചക്കു ശേഷം അവധി നല്‍കണമോ എന്ന കാര്യത്തില്‍ ഇന്നു ചേരുന്ന യോഗം തീരുമാനമെടുക്കും. രാവിലെ പത്തിനു നടക്കുന്ന യോഗത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍ എന്നിവരും പങ്കെടുക്കും. 11 മണിക്ക് പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകനയോഗവും ചേരും.
പുതുതായി 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചിട്ടു. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ നിപ പരിശോധനക്കായി അയച്ചിട്ടുണ്ട്. നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ നിപ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂര്‍, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളില്‍ പനി നിരീക്ഷണം ശക്തമാക്കാനും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപയെക്കുറിച്ച് ബോധവല്‍ക്കരണപരിപാടികളും നിപ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ഐസൊലേഷനില്‍ ആക്കാനും പി എച്ച് സി തലത്തില്‍ വരെ പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു മൃഗഡോക്ടറെ അടക്കം ഉള്‍പ്പെടുത്തി എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ സൗകര്യത്തോടെ രണ്ടു കിടക്കകള്‍, ഒരു ഐ സിയു സൗകര്യം എന്നിവ തയ്യാറാക്കി വയ്ക്കാനും പി പി ഇ കിറ്റുകള്‍, ഓക്‌സിജന്‍ വിതരണം എന്നിവ അടക്കം വേണ്ട സൗകര്യങ്ങള്‍ കാര്യക്ഷമമാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിപ എന്ന് സംശയിക്കുന്ന കേസ് വന്നാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യമെങ്കില്‍ സാമ്പിളുകള്‍ ബംഗളുരു എന്‍ ഐ വിയിലേക്ക് അയക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാല കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു നിര്‍ദ്ദേശിച്ചതു മലയാളി വിദ്യാര്‍ത്ഥികള്‍ക്കു തിരിച്ചടിയായി. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കില്‍ മലയാളി വിദ്യാര്‍ഥികള്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്നും നാളെയുമായി സര്‍വകലാശാലയില്‍ യു ജി, പി ജി പ്രവേശനത്തിനുള്ള ഓപ്പണ്‍ കൗണ്‍സലിങ് നടക്കുന്നുണ്ട്. ഇതിനായി കേരളത്തില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികളോടാണ് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
ഇതോടെ നേരത്തെ യാത്ര തിരിച്ച വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായി.വിദ്യാര്‍ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസന്‍ എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സര്‍വകലാശാല ഉത്തരവ് പിന്‍വലിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് നിപ പരിശോധന നടത്തുക പ്രായോഗികമല്ലെന്നത് മനസിലാക്കണമെന്നും എം പി ആവശ്യപ്പെട്ടിട്ടുണ്ട്.
source https://www.sirajlive.com/nipa-950-people-on-contact-list-central-team-to-nipa-region.html
Post a Comment