‘അരിക്കൊമ്പന്‍’ പ്രശ്നവുമായി ബന്ധപ്പെട്ട് മലയോര പ്രദേശങ്ങളിലെ വര്‍ധിച്ചു വരുന്ന കാട്ടാന ആക്രമണത്തെയും പ്രദേശവാസികള്‍ അനുഭവിക്കുന്ന സുരക്ഷാ ഭീഷണിയെയും സംബന്ധിച്ച് സര്‍ക്കാറും ജുഡീഷ്യറിയും സമൂഹവും ഏറെ ചര്‍ച്ച ചെയ്തതാണ്. സംസ്ഥാനത്തെ കാട്ടാന ആക്രമണത്തിന് പക്ഷേ ഇപ്പോഴും യാതൊരു കുറവുമില്ല. അതിരപ്പിള്ളി പൊകലപ്പാറയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ വനം വാച്ചര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ഇഞ്ചി ശേഖരിക്കാന്‍ പോയപ്പോഴാണ് വാഴച്ചാല്‍ ഇരുമ്പുപാലം പരിസരത്തുവെച്ച് പെരിങ്ങല്‍കുത്ത് കോളനി നിവാസി ഇരുമ്പന്‍ കുമാരനെ കാട്ടാന ആക്രമിച്ചു കൊന്നത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ.് കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറാണ് കുമാരന്‍.
കാട്ടാന ശല്യം പതിവു സംഭവമാണ് ഈ ഭാഗത്ത്. കുമാരന്‍ കൊല്ലപ്പെട്ടതിന്റെ തലേ ദിവസം പ്രദേശത്തെ തോട്ടം തൊഴിലാളിയുടെ വീടിന് നേരേ കാട്ടാന ആക്രമണം നടന്നിരുന്നു. കാലടി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടിന്റെ പിന്‍ഭാഗം തകര്‍ത്ത് ഉള്ളില്‍ കയറിയ ആന വീട്ടിലുണ്ടായിരുന്ന സാധനങ്ങളും ഉപകരണങ്ങളും തകര്‍ത്തു. ഓടിക്കൂടിയ നാട്ടുകാര്‍ ബഹളംവെച്ചും പടക്കം പൊട്ടിച്ചുമാണ് ആനയെ തുരത്തിയത്. പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ പത്തോളം കാട്ടാനകള്‍ സ്ഥിരമായി തമ്പടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും അടിക്കടി നടക്കുന്നുണ്ട് കാട്ടാന ആക്രമണം. അട്ടപ്പാടി, കണ്ണൂര്‍ ചെറുപുഴ, ആറളം, ഇടുക്കി, തോല്‍പ്പെട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഇടക്കിടെ കാട്ടാന ആക്രമണം റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
കാട്ടാനയുടെ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ് സംസ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 105 പേര്‍ കൊല്ലപ്പെട്ടതായി വനം വകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു. 2018ല്‍ 20 പേര്‍, 2019ല്‍ 15, 2020ല്‍ 20, 2021ല്‍ 27, 2022ല്‍ 23 എന്നിങ്ങനെയാണ് കണക്ക്. വനം വകുപ്പിന്റെ പാലക്കാട് സര്‍ക്കിളിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. 45 പേര്‍. കോട്ടയം സര്‍ക്കിളില്‍ 23 പേരും കണ്ണൂരില്‍ 17ഉം തൃശൂരില്‍ 11ഉം കൊല്ലത്ത് ഏഴും തിരുവനന്തപുരത്ത് രണ്ടും പേര്‍ കൊല്ലപ്പെട്ടു. ഇതര വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. അഞ്ച് വര്‍ഷത്തിനിടെ 640 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2021-2022 കാലയളവില്‍ മാത്രം 144 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 1,416 വരും അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണം. 6,621 പേരുടെ കൃഷിയിടങ്ങളും 831 പേരുടെ വസ്തുവകകളും വീടും നശിപ്പിക്കപ്പെടുകയും ചെയ്തു.
വന്യജീവി ശല്യം മൂലമുള്ള ജീവാപായവും കൃഷി നാശവും വലിയൊരു സാമൂഹിക പ്രശ്‌നമായി മാറുകയാണ്. ഇത് തടയാന്‍ സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിക്കുകയും വന്‍ തുക നീക്കിവെക്കുകയും ചെയ്യുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാന ആക്രമണത്തില്‍ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ 2022 ഫെബ്രുവരിയില്‍ ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വന്യജീവി ആക്രമണം പ്രതിരോധിക്കാന്‍ ഹ്രസ്വകാല- ദീര്‍ഘകാല പ്രതിരോധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നു. വന്യജീവി ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സഹായകരമായ രീതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മില്‍ ആശയ വിനിമയത്തിനുള്ള സംവിധാനം ശക്തിപ്പെടുത്തുക, ഓരോ പ്രദേശങ്ങളിലും സിവില്‍, ഡിഫന്‍സ് സേനകളുടെ കൂടി സേവനം ലഭ്യമാക്കുക, അക്രമകാരികളായ ആനകളെ കണ്ടെത്തി ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഉള്‍വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയവയായിരുന്നു യോഗ തീരുമാനങ്ങള്‍.
2023-24 വര്‍ഷത്തെ ബജറ്റില്‍ വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിന് 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ആക്രമണത്തിന് കുറവില്ല. വന്യജീവികളെ വെടിവെക്കുന്നതിനും മറ്റുമുള്ള കേന്ദ്ര നടപടിക്രമങ്ങളിലെ കാര്‍ക്കശ്യമാണ് അവയെ തടയുന്നതിനുള്ള ഒരു തടസ്സമായി പറയപ്പെടുന്നത്. കേന്ദ്ര നിയമമനുസരിച്ച് മനുഷ്യന് ഉപദ്രവകാരികളായ മൃഗങ്ങളെ ഒഴിവാക്കുന്നതിന് സംസ്ഥാനത്തിന് പരിമിതികളുണ്ട്. വന്യജീവികളെ വെടിവെച്ചു കൊല്ലാന്‍ ഒരു സംസ്ഥാനത്തിനും അധികാരമില്ല. മനുഷ്യന് ഉപദ്രവകരമാകുന്ന ജീവികളെ മയക്കുവെടിവെച്ച് ഉള്‍വനത്തിലേക്കോ മറ്റ് ആവാസവ്യവസ്ഥയിലേക്കോ മാറ്റാന്‍ മാത്രമേ അധികാരമുള്ളൂ. വന്യജീവികളെ വേട്ടയാടുന്ന പ്രവണത വര്‍ധിച്ചപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. എങ്കിലും കേരളത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കാട്ടുപന്നിയെ വെടിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
അക്രമകാരികളായ വന്യജീവികളെ വെടിവെക്കുന്നതിനുള്ള അനുമതിയുള്‍പ്പെടെ ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിലെ തടസ്സമൊഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി കണ്‍വീനറായി ഉദ്യോഗസ്ഥ സമിതിയെ രണ്ട് മാസം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ജീവാപായം, പരുക്ക്, വിളനഷ്ടം, വീടിനും സ്വത്തിനും നാശം എന്നിവക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിക്കും. 1997ലെ കേന്ദ്ര നിയമത്തിന് നിയമസഭയില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണിത്. നിയമ ഭേദഗതിക്ക് സാങ്കേതിക തടസ്സം ഉണ്ടെങ്കില്‍ നിയമസഭ പ്രമേയം പാസ്സാക്കി കേന്ദ്രത്തിന് കൈമാറും. ഇതോടെ ഇതുസംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
source https://www.sirajlive.com/the-wild-fear-is-not-over-yet.html
إرسال تعليق