തമിഴ്‌നാട്ടിലെ മുസ്‌ലിം തടവുകാരുടെ മോചനം

ദീര്‍ഘ കാലമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുസ്‌ലിം തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയില്‍ ചര്‍ച്ച നടക്കുകയുണ്ടായി. ഇരുപത് വര്‍ഷത്തിലേറെയായി ജയില്‍വാസം അനുഭവിക്കുന്ന മുസ്‌ലിം തടവുകാരെ, അവരുടെ പ്രായവും ആരോഗ്യക്കുറവും പരിഗണിച്ച് വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിച്ച് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയത്. ബി ജെ പി ഒഴികെ നിയമസഭയിലെ മുഴുവന്‍ പാര്‍ട്ടികളും പ്രമേയത്തെ പിന്തുണച്ചു. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ മുസ്‌ലിം തടവുകാരെ മോചിപ്പിക്കുമെന്ന് പ്രമേയത്തിനു മറുപടി പറയവെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കുകയും ചെയ്തു. തടവുകാരുടെ മോചനം സംബന്ധിച്ച് റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ സമിതി നല്‍കിയ റിപോര്‍ട്ട് ഗവര്‍ണറുടെ പരിഗണനയിലാണെന്നും സ്റ്റാലിന്‍ അറിയിച്ചു.

മുസ്‌ലിം തടവുകാരുടെ കാര്യത്തില്‍ അണ്ണാ ഡി എം കെ ഇപ്പോള്‍ കാണിക്കുന്ന താത്പര്യം രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. നേരത്തേ എ ഐ എ ഡി എം കെ സംസ്ഥാനത്ത് ഭരണത്തിലിരുന്നതാണ്. അന്നൊന്നും മുസ്‌ലിം തടവുകാരെ മോചിപ്പിക്കുന്ന കാര്യം പാര്‍ട്ടിയുടെയോ സര്‍ക്കാറിന്റെയോ പരിഗണനക്കു വന്നിട്ടില്ല. ബി ജെ പിയുമായുണ്ടായിരുന്ന സഖ്യം അവസാനിപ്പിച്ച സാഹചര്യത്തില്‍, മുസ്‌ലിം പിന്തുണ നേടി സംസ്ഥാന രാഷ്ട്രീയത്തില്‍ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് എ ഐ എ ഡി എം കെയുടെ ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി പളനിസ്വാമി മുസ്‌ലിം സംഘടനാ നേതാക്കളുമായി ബന്ധപ്പെടുകയും അവരുടെ പിന്തുണ തേടുകയും ചെയ്തിരുന്നു.

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയില്‍, വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍, പാളയംകോട്ട സെന്‍ട്രല്‍ ജയില്‍, കടലൂര്‍ സെന്‍ട്രല്‍ ജയില്‍, ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളിലായി 20 വര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിക്കുന്ന 36 മുസ്‌ലിംകളുണ്ട് തമിഴ്‌നാട്ടില്‍. സ്വാതന്ത്ര്യ ദിനത്തിലും മറ്റു വിശേഷാവസരങ്ങളിലും ജയിലുകളില്‍ ദീര്‍ഘകാലം തടവ് അനുഭവിച്ചവരെ മോചിപ്പിക്കുക പതിവാണ്. 2008ല്‍, അന്നത്തെ ഭരണകക്ഷിയായ ഡി എം കെ സര്‍ക്കാര്‍ 10 വര്‍ഷം തടവ് അനുഭവിച്ച 1,405 ജീവപര്യന്തം തടവുകാരെ വിട്ടയച്ചിരുന്നു. 2018ല്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ എം ജി ആറിന്റെയും അണ്ണാദുരൈയുടെയും ജന്മശതാബ്ദി ആഘോഷവേളയില്‍ അന്നത്തെ എ ഐ എ ഡി എം കെ സര്‍ക്കാര്‍ 10 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ 1,750 ജീവപര്യന്ത തടവുകാരെ വിട്ടയച്ചു. ഈ രണ്ട് ശിക്ഷാ ഇളവുകളിലും ഒരു മുസ്‌ലിം തടവുകാരനെ പോലും പരിഗണിച്ചില്ല. 2010ല്‍ 10 മുസ്‌ലിം തടവുകാരെ വിട്ടയച്ചെങ്കിലും തടവുശിക്ഷ അവസാനിക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കുന്നവരായിരുന്നു അത്. അതൊരു കണ്ണില്‍ പൊടിയിടല്‍ മാത്രം.

നിയമപരമായി അവകാശപ്പെട്ട മോചനം മുസ്‌ലിം ജീവപര്യന്ത തടവുകാര്‍ക്ക് തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിരുന്നു. 2021ല്‍ തമിഴ്‌നാട്ടിലെ 23 മുസ്‌ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഇതുസംബന്ധിച്ച് സ്റ്റാലിന് നിവേദനവും നല്‍കി. ആ വര്‍ഷം സെപ്തംബര്‍ 15ന് മുന്‍ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 700 കുറ്റവാളികളെ കാലാവധിക്കു മുമ്പേ മോചിപ്പിക്കുമെന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിവേദന സമര്‍പ്പണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരം 20 വര്‍ഷം തടവ് അനുഭവിച്ച ജീവപര്യന്തം കുറ്റവാളികളെ മാനുഷിക കാരണങ്ങളാല്‍ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് 1994ല്‍ അവതരിപ്പിച്ച പദ്ധതിയെക്കുറിച്ച് നിവേദനത്തില്‍ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിവേദനത്തിന്മേല്‍ അര്‍ഹമായ പരിഗണനയുണ്ടായില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഇതര വിഭാഗക്കാരായ കുറ്റവാളികള്‍ ശിക്ഷാ കാലാവധിക്കു മുമ്പേ മോചിപ്പിക്കപ്പെടുമ്പോള്‍, കെട്ടിച്ചമച്ച കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും ജയില്‍ റെക്കോര്‍ഡില്‍ നല്ല നടപ്പിനു പ്രശംസിക്കപ്പെട്ടവരുമായ മുസ്‌ലിം തടവുകാര്‍ക്ക് ഈ ഇളവ് നിഷേധിക്കപ്പെടുന്നു. 2008ല്‍ മധുര കൗണ്‍സിലറായിരുന്ന ലീലാവതി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ സര്‍ക്കാര്‍ വിട്ടയച്ചപ്പോള്‍ കൂട്ടത്തില്‍ മുസ്‌ലിം കുറ്റവാളിയായ സാഹിറിനെയും മോചിപ്പിക്കാന്‍ ഉത്തരവിട്ടു. താമസിയാതെ സാഹിറിന്റെ മോചനത്തിനെതിരെ സുപ്രീം കോടതിയില്‍ ഒരു സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. അയാള്‍ ഇപ്പോഴും ജയിലിലാണ്. ജയിലുകളിലെ മതപരമായ വിവേചനത്തിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ഇതും.

ജയില്‍ മാന്വല്‍ പ്രകാരം 14 വര്‍ഷത്തിലധികം ശിക്ഷയനുഭവിച്ച 65 വയസ്സ് കഴിഞ്ഞ തടവുകാരെയും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന തടവുകാരെയും കാലാവധിക്കു മുമ്പേ മോചിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ട്. മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞ തടവുകാര്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ എസ്‌കോര്‍ട്ടില്ലാതെ 15 ദിവസത്തെ പരോളിനും അര്‍ഹതയുണ്ട്. മറ്റു തടവുകാര്‍ക്ക് നല്‍കുന്ന ഈ പ്രത്യേകാവകാശങ്ങളെല്ലാം മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നാണ് തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം (ടി എം എം കെ) പാര്‍ട്ടി നേതാവ് എം എച്ച് ജവഹറുല്ല പറയുന്നത്. തമിഴ്നാട്ടിലെ മുസ്‌ലിം ജനസംഖ്യ ആറ് ശതമാനമാണ്. അതേസമയം സംസ്ഥാനത്ത് കുറ്റവാളികളില്‍ മുസ്‌ലിംകളുടെ ശതമാനം 17 ആണ്. മുസ്‌ലിംകളോടുള്ള ഭരണകൂടത്തിന്റെ മതപരമായ വിവേചനത്തിന്റെ ഫലമാണ് ഈ അന്തരമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മതേതരത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ പോലും ഇസ്‌ലാമോഫോബിയ ആഴത്തില്‍ ബാധിച്ചിരിക്കുന്നു.



source https://www.sirajlive.com/release-of-muslim-prisoners-in-tamil-nadu.html

Post a Comment

أحدث أقدم