ജാതി സെന്‍സസ്: കോണ്‍ഗ്രസ്സ് കണ്ണാടി നോക്കുന്നു

ക്കാലവും ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും മൂര്‍ത്തമായ യാഥാര്‍ഥ്യങ്ങളില്‍ ഒന്ന് ജാതി തന്നെയാണ്. ഇന്ത്യ ഒരു ദേശീയത എന്നതിനേക്കാള്‍ വ്യത്യസ്ത ജാതികളുടെ കോണ്‍ഫെഡറേഷനാണ് എന്ന് പോലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വളരെ തുടക്കം മുതല്‍, ദേശീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ്സ് “ജാതി’യെ ഒരു പ്രതിബന്ധ സ്ഥാനമായി കാണുകയും ജാതീയമായ പ്രതിനിധാനത്തെ സമ്പൂര്‍ണമായി അവഗണിക്കുകയുമാണ് ചെയ്തത്. എന്നാല്‍ ഇത് ആത്യന്തികമായി ബാധിക്കുന്നത് നാളിതുവരെ അധികാരത്തില്‍ വിഹിതം ലഭിക്കാത്ത അടിത്തട്ട് ജാതികളെയാണെന്നും അതിനാല്‍ അവരെ സംബന്ധിച്ച് പ്രതിനിധാനത്തിന്റെ പ്രശ്‌നം പരമപ്രധാനമാണെന്നുമാണ് അംബേദ്കര്‍ പറഞ്ഞത്. അതിന് പ്രതിവിധിയായിട്ടാണ് അദ്ദേഹം പ്രത്യേക ഇലക‌്ടറേറ്റ് നിര്‍ദേശിക്കുകയും ഗാന്ധിജി അതിനോട് തീര്‍ത്തും വിയോജിക്കുകയും അത് അവര്‍ തമ്മിലുള്ള സംഘര്‍ഷമായി അവസാനം വരെ തുടരുകയും ചെയ്തത്.

ജാതിയെ തീര്‍ത്തും കാണാതെ പോയ മറ്റൊരു കൂട്ടര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ്. അവരെ സംബന്ധിച്ച്, അതിനുള്ള നീതീകരണം അവരുടെ പ്രത്യയ ശാസ്ത്രം തന്നെയാണ്. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ലോകത്ത് അംഗീകരിക്കാന്‍ കഴിയുന്നത്, രണ്ടേ രണ്ട് ജാതികളുടെ നിലനില്‍പ്പ് മാത്രമാണ്. ഉള്ളവനും, ഇല്ലാത്തവനും. വര്‍ഗ സമരത്തിലൂടെ വര്‍ഗങ്ങള്‍ ഇല്ലാതാകുന്നതോടെ മറ്റെല്ലാ അസമത്വങ്ങളും അവസാനിക്കുമെന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. ആ കമ്മ്യൂണിസ്റ്റ് അന്ധവിശ്വാസം പല കാര്യങ്ങളിലും കമ്മ്യൂണിസ്റ്റ് റഷ്യയെ മാതൃകയാക്കിയിരുന്ന നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് സരണിയെയും സ്വാധീനിച്ചു എന്ന് വേണം കരുതാന്‍.

അംബേദ്കറെ മാറ്റിനിര്‍ത്തിയാല്‍, ജാതിയെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ച മറ്റൊരു ഇന്ത്യന്‍ ദാര്‍ശനികന്‍ റാം മനോഹര്‍ ലോഹ്യയാണ്. പക്ഷേ, ലോഹ്യയുടെ പ്രസ്ഥാനം മുഖ്യധാരയെ സ്പര്‍ശിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ആവഡി സമ്മേളനത്തിന് ശേഷം അശോക് മേത്തയെപ്പോലുള്ള സോഷ്യലിസ്റ്റുകളും അംബേദ്കറുടെ മരണാനന്തരം അംബേദ്കറൈറ്റുകളില്‍ പലരും കോണ്‍ഗ്രസ്സിന്റെ ഭാഗമായെങ്കിലും, പ്രസ്ഥാനത്തിന്റെ മൊത്തം നയനിലപാടുകളെ ആ അര്‍ഥത്തില്‍ സ്വാധീനിക്കാനുള്ള ശേഷി അവര്‍ക്കുണ്ടായില്ല. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോടെ യുവതുര്‍ക്കികളും കോണ്‍ഗ്രസ്സിനെ കൈവിട്ടതോടെ കോണ്‍ഗ്രസ്സിനുള്ളില്‍ “ജാതി’യെ അഭിസംബോധന ചെയ്യാന്‍ കഴിയുമായിരുന്ന ഒരു തലമുറയുടെ തിരോധാനം സംഭവിച്ചു.

അടിയന്തരാവസ്ഥക്ക് ശേഷം അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായിയുടെ ഭരണകൂടം നിയോഗിച്ച മണ്ഡല്‍ കമ്മീഷനാണ് വീണ്ടും കുടത്തില്‍ നിന്ന് “ജാതി’യുടെ ഭൂതത്തെ തുറന്ന് വിടുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയും ഒ ബി സി ജനവിഭാഗങ്ങള്‍ ആണെന്നുള്ള കണ്ടെത്തലും അതിനാല്‍ തന്നെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനിവാര്യമാണെന്ന ശിപാര്‍ശയും കാര്യങ്ങള്‍ സ്‌ഫോടനാത്മകമാക്കി. ആദ്യമൊക്കെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കമ്മീഷന്‍ റിപോര്‍ട്ടിനോട് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും, അവസാനം വി പി സിംഗ് കോള്‍ഡ് സ്റ്റോറേജില്‍ കിടന്ന റിപോര്‍ട്ട് എടുത്ത് പ്രയോഗിച്ചു. അതിനോട് കോണ്‍ഗ്രസ്സിന്റെ സമീപനം നിഷേധാത്മകമായിരുന്നു. അതിന്റെ നഷ്ടം കോണ്‍ഗ്രസ്സിന് തന്നെയായിരുന്നു. കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും വലിയ വോട്ട് ബേങ്കായ പിന്നാക്ക സമുദായങ്ങളുടെ പിന്തുണ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടു. മറുവശത്ത് വി പി സിംഗ് പിന്നാക്കക്കാരുടെ മിശിഹാ ആയി വാഴ്ത്തപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് ആ പിന്തുണ അധികകാലം നിലനിര്‍ത്തി പോകാന്‍ കഴിഞ്ഞില്ല. മണ്ഡല്‍ കാലത്തെ കലങ്ങിമറിയലുകളില്‍ നിന്ന് ശാശ്വതമായ രാഷ്ട്രീയ മൂലധനം ഉണ്ടാക്കാന്‍ കഴിഞ്ഞ ഒരേയൊരു കൂട്ടര്‍ സംഘ്പരിവാര്‍ മാത്രമായിരിക്കും. അതാണെങ്കില്‍, മണ്ഡലിനെതിരായ ഹിന്ദുത്വ ഏകീകരണത്തിലൂടെയുമായിരുന്നു. “അവര്‍ മണ്ഡലിനെതിരെ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കമണ്ഡലിനെപ്പറ്റി സംസാരിക്കേണ്ടി വന്നു’ എന്നാണ് അക്കാലത്തെ പരിവാര്‍ രാഷ്ട്രീയത്തിന്റെ അവസാന വാക്കായ അഡ്വാനി പറഞ്ഞത്. മണ്ഡലാനന്തര കാലത്തെ മസ്ജിദ്-മന്ദിര്‍ തര്‍ക്കത്തിലേക്ക് തിരിച്ച് വിട്ട് സംഘ്പരിവാര്‍ രാഷ്ട്രീയ നേട്ടം കൊയ്‌തെങ്കില്‍, അതിലൂടെ ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും നഷ്ടപ്പെട്ട് കോണ്‍ഗ്രസ്സിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ച് പോയതാണ്, അതുവരെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളുടെ ആകെത്തുക.

അന്ന് നഷ്ടപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ തിരിച്ച് പിടിക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമം പിന്നീട് കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്, യു പി എ സര്‍ക്കാറിന്റെ കാലത്താണ്. അന്നത്തെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗിന്റെ രാഷ്ട്രീയ ധീരത അതിന് ഉല്‍പ്രേരകമായി. രാജ്യത്തെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളും ഐ ഐ ടികളും ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം സംവരണം നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം, രണ്ടാം മണ്ഡല്‍ എന്നറിയപ്പെട്ടെങ്കിലും, അത് ഉണ്ടാക്കിയ ദൂരവ്യാപകമായ പരിണത ഫലങ്ങള്‍ ഇപ്പോഴും അര്‍ഹിക്കുന്ന ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതിന് ശേഷമാണ് നജീബുമാരുടെയും രോഹിത് വെമുലമാരുടെയും ആദ്യ തലമുറ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും സക്രിയമാക്കിയത്. രോഹിത് വെമുലയുടെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ മര്‍ഡര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന സത്യഗ്രഹ സമര പന്തലില്‍ വെച്ച് തന്നെയാണ്, ആദ്യമായി ആയിരത്താണ്ടുകളുടെ പിന്‍ബലമുള്ള ജാതി എന്ന കുറ്റകൃത്യത്തിനെതിരെ സംസാരിക്കുന്ന, അതിന്റെ ദാര്‍ശനികമായ അടിത്തറയെ ആക്രമിക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ്സ് നേതാവായി രാഹുല്‍ ഗാന്ധി മാറുന്നത്. അന്ന് ലേഖകന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സത്യഗ്രഹ സമര പന്തലില്‍ വെച്ച്, നമ്മുടെ കാലത്തെ ഏറ്റവും വലിയ ജാതി വിരുദ്ധ ചിന്തകനായ കാഞ്ചാ ഇളയ്യയുടെ ക്ലാസ്സില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ കൗതുകത്തോടെയിരുന്ന രാഹുല്‍ ഗാന്ധി ഒരു രാഷ്ട്രീയ സൂചകം തന്നെയാണ്. അവിടെ നിന്നങ്ങോട്ട്, ആരേക്കാളും അംബേദ്കറിന്റെ സ്വാധീനം രാഹുലിന്റെ രാഷ്ട്രീയ യാത്രയില്‍ തെളിഞ്ഞ് കാണാം.

രാഹുലിന്റെ രാഷ്ട്രീയത്തെ ഇതുവരെയുള്ള കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ തുടര്‍ച്ച എന്നതിനേക്കാള്‍ വിച്ഛേദം എന്ന നിലയില്‍ കൂടി കാണേണ്ടി വരും. ഭൂതകാല കോണ്‍ഗ്രസ്സില്‍ നിന്ന് രാഹുലിനെ വ്യതിരിക്തമാക്കുന്ന നിരവധി ഘടകങ്ങള്‍ കാണാന്‍ കഴിയും. ആര്‍ എസ് എസിനെ ഏറ്റവും കൂടുതല്‍ പേരെടുത്ത് വിമര്‍ശിച്ചിട്ടുള്ള കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്ന് എല്ലാവര്‍ക്കും അറിയാം. പരമ്പരാഗതമായി മഹാരാഷ്ട്രയിലെ ചിത്പവന്‍ ബ്രാഹ്‌മണരാല്‍ നയിക്കപ്പെടുന്ന സംഘ്പരിവാറിന്റെ ന്യൂക്ലിയസ് ജാതിയാണെന്ന് മറ്റാരേക്കാളും രാഹുല്‍ മനസ്സിലാക്കിയിട്ടുണ്ട്. ബ്രാഹ്‌മണ്യ കുത്തകയില്‍ അധിഷ്ഠിതമായ അധികാര കുത്തകയെ തകര്‍ക്കേണ്ടത് പ്രതിനിധാന രാഷ്ട്രീയത്തിലൂടെയാണെന്ന ദാര്‍ശിനകാവബോധം തന്നെയാണ് അത്. ഗാന്ധിജി ഹരിജനോദ്ധാരണം പോലുള്ള ഉദാരതാ പൂര്‍ണമായ പദ്ധതികളുടെ ഉപജ്ഞാതാവായിരുന്നുവെങ്കില്‍, രാഹുല്‍ ഗാന്ധിയിലെത്തുമ്പോള്‍ എല്ലാവര്‍ക്കും ആനുപാതികമായ പ്രാതിനിധ്യം എന്ന കൃത്യമായ രാഷ്ട്രീയ വീക്ഷണമായി മാറുന്നു. അതുകൊണ്ട് തന്നെ അതിന് ജാതിയുടെ ഹൈറാര്‍ക്കിയെ തകര്‍ക്കുന്നതിനുള്ള പ്രഹര ശേഷിയും ഏറും. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കിയപ്പോള്‍ അതിന് കേവല പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിക്ക് ശേഷം രാഹുല്‍ ചെയ്തത്. മറിച്ച്, കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതിസെന്‍സസ് നടപ്പാക്കണം എന്ന രാഷ്ട്രീയ പ്രഖ്യാപനവും രാഹുല്‍ ഗാന്ധി നടത്തി. രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനത്തിന്റെ രാഷ്ട്രീയ ദിശ മനസ്സിലാക്കാന്‍ അദ്ദേഹം പത്രക്കാരോട് ചോദിച്ച ഒരു ചോദ്യം തന്നെ ധാരാളം. “ഇവിടെ കൂടിയിരിക്കുന്നവരില്‍ എത്ര പേര്‍ എസ് സി എസ് ടി’? ഉത്തരം, ആരുമില്ല. “എത്ര ഒ ബി സി’? ഒരാള്‍. അതും ഒരു ക്യാമറാമാന്‍ മാത്രം. ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക അസമത്വത്തിലേക്കാണ് രാഹുല്‍ ക്യാമറാ കണ്ണുകള്‍ തുറന്ന് വെച്ചിരിക്കുന്നത്. അത് അധീശത്വ രാഷ്ട്രീയത്തിനെതിരെ കൂടുതല്‍ സക്രിയമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.



source https://www.sirajlive.com/caste-census-congress-looks-in-the-mirror.html

Post a Comment

أحدث أقدم