മാധ്യമ റെയ്ഡിന് മാര്‍ഗരേഖ

നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പ് വരുത്താന്‍ പ്രയോഗിക്കേണ്ട അന്വേഷണ ഏജന്‍സി റെയ്ഡുകള്‍ ഭരണ കക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന പ്രവണത മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുകയാണ്. മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും വിധേയമാകുന്നുണ്ട് അന്വേഷണ ഏജന്‍സികളുടെ ഈ വേട്ടക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടലായ ന്യൂസ് ലോണ്‍ട്രി മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2018 മുതല്‍ 2022 അവസാനം വരെ കേന്ദ്ര ഏജന്‍സികള്‍ 44 മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയെങ്കിലും കേസുകള്‍ ചുമത്തി റെയ്ഡ് നടത്തിയിട്ടുണ്ട്. 20 എണ്ണത്തില്‍ എന്‍ ഐ എയും 15 എണ്ണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് കേസുകള്‍ ചുമത്തിയത്. സ്വതന്ത്ര നിലപാടുള്ള മാധ്യമ സ്ഥാപനങ്ങളെയാണ് അന്വേഷണ ഏജന്‍സികള്‍ വരിഞ്ഞു മുറുക്കുന്നത്.

ദ ക്വിന്റ് തുടങ്ങി ഒമ്പത് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് 2018ല്‍ ഇന്‍കം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റ് കേസെടുത്തത്. അതിന്റെ സ്ഥാപകരായ രാഘവ് ബഹലിന്റെയും ഋതു കുമാറിന്റെയും ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടന്നു. 2021 ഫെബ്രുവരിയില്‍ ബി ബി സിയുടെ മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളില്‍ നികുതി വെട്ടിപ്പ് ആരോപിച്ച് റെയ്ഡ് നടന്നു. ജൂലൈയില്‍ വാര്‍ത്താ ചാനലായ ഭാരത് സമാചാറിന്റെ ഓഫീസിലും കയറി നിരങ്ങി. 2021ലെ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ പഞ്ചാബിലെ 12 പത്രപ്രവര്‍ത്തകര്‍ക്കെങ്കിലും എന്‍ ഐ എ മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു.

2022ല്‍ തെലുങ്ക് ദിനപത്രമായ ആന്ധ്രപ്രഭയുടെ ഓഫീസുകളിലും ഇന്ത്യ എ ഹെഡ് ചാനലിന്റെ ഓഫീസുകളിലും നാഷനല്‍ ഹെറാള്‍ഡിന്റെ ഓഫീസുകളിലും റെയ്ഡ് നടക്കുകയും ടി ആര്‍ പി റേറ്റിംഗിലെ കൃത്രിമത്വം ആരോപിച്ച് ഇന്ത്യാ ടുഡേയുടെ സി എഫ് ഒ ദിനേഷ് ഭാട്ടിയെ ഇ ഡി ചോദ്യം ചെയ്യുകയുമുണ്ടായി. പ്രാദേശിക ദിനപത്രമായ കശ്മീര്‍ ടൈംസിന് കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഐ ടി വകുപ്പ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ വാര്‍ത്താ പ്ലാറ്റ്ഫോമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടില്‍ ഉള്‍പ്പെടെ മുപ്പതിലേറെ സ്ഥലങ്ങളില്‍ ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയത് ഒരു മാസം മുമ്പാണ്. തീവ്രവാദ കുറ്റം ആരോപിച്ച് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കയസ്തയെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി.

റെയ്ഡുകളുടെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ മാധ്യമ പ്രവര്‍ത്തകരുടെ രേഖകളും ഡിജിറ്റല്‍ വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്യുന്നു. വ്യക്തിപരവും സാമ്പത്തികവുമായ രഹസ്യങ്ങളും വാര്‍ത്തയുടെ സോഴ്‌സ് ഉള്‍പ്പെടെയുള്ള വിവരങ്ങളുമുണ്ടായേക്കാം ഇത്തരം ഉപകരണങ്ങളില്‍. അന്വേഷണ ഏജന്‍സികളുടെ ഈ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതികരണമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന റെയ്ഡുകളും അവരുടെ സാധനങ്ങള്‍ പിടിച്ചെടുക്കലും അതീവ ഗൗരവമേറിയ വിഷയമാണെന്നു നിരീക്ഷിച്ച കോടതി സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും സ്വകാര്യത എല്ലാവരുടെയും മൗലികാവകാശമാണെന്നും ചൂണ്ടിക്കാട്ടി. മാധ്യമ കേന്ദ്രങ്ങളിലെ അന്വേഷണ ഏജന്‍സി റെയ്ഡുകള്‍ക്കും സാധനങ്ങള്‍ പിടിച്ചെടുക്കുന്നതിനും മാര്‍ഗരേഖ തയ്യാറാക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കി പുറത്തിറക്കുന്നില്ലെങ്കില്‍ കോടതിക്ക് ഇറക്കേണ്ടിവരുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബഞ്ച് മുന്നറിയിപ്പ് നല്‍കി. നിയമ നിര്‍വഹണ ഏജന്‍സികളുടെ മാധ്യമ വേട്ടക്കെതിരെ ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷനലുകള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. ന്യൂസ് ക്ലിക്ക് റെയ്ഡുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം മാധ്യമ സ്ഥാപനങ്ങള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയക്കുകയും മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുന്നത് തടയുന്നതിന് ചട്ടങ്ങള്‍ രൂപവത്കരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

വൈദേശിക ഭരണഘട്ടത്തിലെയും 1975-77ലെ അടിയന്തരാവസ്ഥ കാലത്തെയും പ്രതിസന്ധിയാണ് നിലവില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊളോണിയല്‍ കാലത്ത് ദേശീയ സമരത്തെ പിന്തുണക്കുകയും ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികളും ഫാസിസ്റ്റ് നിലപാടുകളും തുറന്നു കാണിക്കുകയും ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടപ്പെട്ടു. ബ്രിട്ടീഷ് രാജിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ അധികാരികള്‍ സെന്‍സര്‍ ചെയ്യുകയും മാധ്യമ പ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. 1975-77 കാലഘട്ടത്തില്‍ അടിയന്തരാവസ്ഥക്കെതിരെ ശബ്ദിച്ച പത്രങ്ങള്‍ക്കും ഇതേ ഗതിയായിരുന്നു. ഇന്നിപ്പോള്‍ കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാറിനെതിരെ പ്രതികരിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് വേട്ടയാടപ്പെടുന്നത്.
മാധ്യമ പ്രവര്‍ത്തനം ഒരു സാമൂഹിക പ്രവര്‍ത്തനമാണ്. സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് മാധ്യമ പ്രവര്‍ത്തകരുടെ ബാധ്യതയും കര്‍ത്തവ്യവും. സര്‍ക്കാറിനെ കണ്ണടച്ചു പിന്തുണക്കുക, തെറ്റായ നയങ്ങളില്‍ നിന്ന് നേതാക്കന്‍മാരുടെ മുഖം മിനുക്കുക എന്നതല്ല മാധ്യമ ധര്‍മം. നയങ്ങളെ കൃത്യമായി പരിശോധിച്ച് വിമര്‍ശനാത്മകവും യുക്തിസഹവുമായ വിലയിരുത്തലുകളാണ് ഉണ്ടാകേണ്ടത്. ഇത് സാധ്യമാകണമെങ്കില്‍ അധികാരി വര്‍ഗത്തിന്റെ ഇടപെടലുകളും ഭീഷണിയും ഇല്ലാത്ത മാധ്യമ പ്രവര്‍ത്തനം നിര്‍വഹിക്കാനുള്ള സാഹചര്യം അനിവാര്യമാണ്. ഇവിടെയാണ് മാധ്യമ റെയ്ഡിന് മാര്‍ഗ രേഖയുടെ പ്രസക്തി.



source https://www.sirajlive.com/guidelines-for-media-raid.html

Post a Comment

أحدث أقدم