സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായാണ് രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഓണക്കാലത്ത് മാത്രം 18,000 കോടി രൂപയാണ് ഖജനാവില്‍ നിന്ന് ജനങ്ങളിലേക്ക് എത്തിയത്. തുടര്‍ന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവര്‍ത്തനം ഒരു ദിവസവും സ്തംഭിച്ചിട്ടില്ല. ബില്ലുകള്‍ മുന്‍ഗണനാ ക്രമത്തില്‍ മാറിനല്‍കുന്നു. രണ്ട് മാസത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,223 കോടി രൂപ നല്‍കി. റബ്ബര്‍ കര്‍ഷക സബ്‌സിഡി, നാളികേര സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെല്ലാം ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. നെല്ല് സംഭരണത്തിനായി 700 കോടിയില്‍പരം രൂപയാണ് സപ്ലൈകോക്ക് ലഭ്യമാക്കിയത്. കൃത്യമായ സംഭരണത്തിന് ക്രമീകരണങ്ങളുമായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെക്കുന്ന തുകകളും സംസ്ഥാനം മൂന്‍കൂറായി നല്‍കുകയാണ്. ദേശീയ ആരോഗ്യ മിഷന് അമ്പത് കോടി നല്‍കി. കാരുണ്യ ബെനവലന്റ് സ്‌കീമിന് 60 കോടി അനുവദിച്ചു.
ചെറുതും വലുതുമായ പല പദ്ധതികള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ ധനാനുമതി നല്‍കി. കെ എസ് ആര്‍ ടി സിക്ക് ഈ ആഴ്ചയില്‍ അനുവദിച്ചത് 100 കോടിയാണ്. രണ്ടര വര്‍ഷത്തില്‍ ആകെ സഹായം 4,833 കോടിയായി. ക്ഷേമ പെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ വകയിരുത്തിയത് 23,350 കോടി രൂപയാണ്. ഒരു മാസത്തെ ക്ഷേമ പെന്‍ഷനായി 900 കോടിയും ഈ മാസം നീക്കിവെച്ചു. പരമ്പരാഗത മേഖലയിലെ ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിന് 183 കോടിയും ഖാദിക്ക് 181 കോടിയും കയറിന് 343 കോടിയും കശുവണ്ടിക്ക് 190 കോടിയും കരകൗശലത്തിന് പത്ത് കോടിയും നല്‍കി. സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ നവംബര്‍ വരെ വേതനം നല്‍കി.
വല്ലാത്ത ഞെരുക്കമുണ്ട്
സംസ്ഥാനത്ത് ചെലവുകള്‍ വെട്ടിച്ചുരുക്കുകയല്ല, വര്‍ധിപ്പിക്കുകയാണ്. 2020-21ല്‍ സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് 1,19,930 കോടി രൂപയായിരുന്നു. 2021-22ല്‍ 1,41,950 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 1,43,129 കോടി രൂപയാണ്. ശമ്പള പരിഷ്‌കരണം അടക്കം നടപ്പാക്കിയത് സര്‍ക്കാര്‍ ചെലവ് ഉയര്‍ത്തുകയാണ്.
ഇത്തരത്തില്‍ ചെലവ് ഉയരുന്നതിനിടയില്‍ അവശ്യകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംസ്ഥാനം വല്ലാതെ പ്രയാസം നേരിടുന്നുവെന്നതാണ് യാഥാര്‍ഥ്യം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം തരുന്നില്ല. കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടി വരുന്നത്. ജി എസ് ടിയില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നികുതി അധികാരങ്ങളില്ല. പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമായി ചുരുങ്ങി. ജി എസ് ടി നിരക്കില്‍ തട്ടുകള്‍ നിശ്ചയിച്ചതും റവന്യൂ നൂട്രല്‍ നിരക്ക് കുറച്ചതും കേരളത്തിന്റെ വരുമാനത്തിന് തിരിച്ചടിയായി.
ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുവാദത്തിലും 57,400 കോടി രൂപ കുറയും. വായ്പാനുമതിയില്‍ 19,000 കോടി നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8,400 കോടി കുറഞ്ഞു. ജി എസ് ടി നഷ്ടപരിഹാരം 12,000 കോടിയോളം ഇല്ലാതായി. നികുതി വിഹിതം 3.58 ശതമാനത്തില്‍ നിന്ന് 1.925 ശതമാനമായി കുറച്ചതിലൂടെ 18,000 കോടിയാണ് വരുമാനനഷ്ടം. കേന്ദ്ര സര്‍ക്കാറിന് നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് കേന്ദ്ര ധനകാര്യ കമ്മീഷന്‍ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തീര്‍പ്പ് അനുസരിച്ച് നിലവില്‍ കേന്ദ്രത്തിന് ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്നുള്ളൂ. ഇതിന്റെ 1.925 ശതമാനമാണ് കേരളത്തിന് അനുവദിക്കുന്നത്. കേരളത്തിനകത്തു നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന തുകയില്‍ നിന്ന് ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുകയാണിത്. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം ഗ്രാന്റുകള്‍ വെട്ടിക്കുറക്കുകയോ കുടിശ്ശിക വരുത്തുകയോ ചെയ്തിട്ടുമുണ്ട്.
ദേശീയ പാത വികസനത്തിന് ഭൂമിയുടെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന് കേരളത്തോടുമാത്രം കേന്ദ്രം നിര്‍ബന്ധം പിടിച്ചു. കിഫ്ബി വഴി സമാഹരിച്ച 5,580 കോടി രൂപയാണ് കേന്ദ്രത്തിന് കൈമാറിയത്. ഈ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശത്തില്‍ നിന്ന് വെട്ടിക്കുറക്കുകയായിരുന്നു കേന്ദ്രം.
കിഫ്ബിയും ക്ഷേമ പെന്‍ഷന്‍ കമ്പനിയും സമാഹരിക്കുന്ന തുകയും, 2017 മുതല്‍ ട്രഷറി സേവിംഗ്‌സ്, പി എഫ് നിക്ഷേപം എന്നിങ്ങനെ പൊതുകണക്കില്‍ വന്ന തുകയും നമ്മുടെ പൊതുകടമായി കണക്കാക്കുകയാണ് കേന്ദ്രം. ഇത്തരം വായ്പകള്‍ സംസ്ഥാനത്തിന്റെ കടത്തിന്റെ ഭാഗമാക്കുമെന്ന് ഇപ്പോള്‍ തീരുമാനിച്ച ശേഷം, മുന്‍കാല പ്രാബല്യം നല്‍കി ഈ വര്‍ഷത്തെ കടമെടുപ്പ് അവകാശത്തില്‍ നിന്ന് കുറക്കുന്നത് വിചിത്രമായ നടപടിയാണ്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരം വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നില്ല. സമാന സ്വഭാവത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എടുത്ത 12 ലക്ഷത്തിലേറെ കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാറിന്റെ കടക്കണക്കില്‍ ഉള്‍പ്പെടുത്തുന്നുമില്ല.
കടക്കെണി വാദം നിരര്‍ഥകം
ഇക്കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ കേരളം വലിയ കടക്കെണിയില്‍ എന്ന വാദം ഉയര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം കടമെടുത്തത് ജി ഡി പിയുടെ 6.8 ശതമാനം. സംസ്ഥാനത്തിന് അനുവദിച്ചത് 2.5 ശതമാനവും. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ റവന്യൂ കമ്മി 0.9 ശതമാനത്തിലെത്തി. ഒരു ശതമാനത്തില്‍ താഴെ റവന്യൂ കമ്മി എത്തിക്കാനായത് ചരിത്ര നേട്ടമാണ്. ഇതെല്ലാം ധന കമ്മീഷന്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധനദൃഢീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്.
കടമെടുക്കുക എന്നത് തെറ്റായ കാര്യമല്ല. വികസിത രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു പങ്ക് കടമാണ്. ജി ഡി പിയുടെ 58 ശതമാനത്തോളം കടമുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ മാര്‍ച്ച്‌വരെ കേന്ദ്ര സര്‍ക്കാറിന്റെ ആകെ കടം 157 ലക്ഷം കോടി രൂപയാണ്. 2020-21ല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന(ജി ഡി പി)ത്തിന്റെ 90 ശതമാനമാണ് സര്‍ക്കാറുകളുടെ കടം എന്ന് റിസര്‍വ് ബേങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 65 ശതമാനം കേന്ദ്ര സര്‍ക്കാര്‍ കടമാണ്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട അവസാന കണക്കനുസരിച്ച് തമിഴ്‌നാടിന്റെ കടം 7.54 ലക്ഷം കോടിയാണ്. ഉത്തര്‍ പ്രദേശിന്റേത് 7.10 ലക്ഷം കോടിയും. മഹാരാഷ്ട്രയുടെ കടം 6.80 ലക്ഷം കോടിയും പശ്ചിമ ബംഗാളിന്റേത് 6.08 കോടിയും. രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെല്ലാം അഞ്ച് ലക്ഷം കോടിക്കു മുകളിലാണ് കടമുള്ളത്.
ഫെഡറല്‍ ധനവ്യവസ്ഥയില്‍ കേന്ദ്രം വരുത്തിയ മാറ്റങ്ങള്‍ കേരളത്തെ വലിയ തോതിലാണ് ബുദ്ധിമുട്ടിക്കുന്നത്. പതിനഞ്ചാം ധന കമ്മീഷന്‍ റിപോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ചെലവിന്റെ 62.4 ശതമാനം സംസ്ഥാനങ്ങളാണ് നിര്‍വഹിക്കുന്നത്. കേന്ദ്രത്തിന്റെ ബാധ്യത 37.6 ശതമാനം മാത്രം. എന്നാല്‍, രാജ്യത്തെ വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രം കൈയാളുന്നു. സംസ്ഥാനങ്ങള്‍ക്ക് 37.8 ശതമാനം മാത്രം.
സംസ്ഥാന റവന്യൂ വരുമാനത്തിലെ കേന്ദ്ര വിഹിതം 2020-21ല്‍ 44 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം 29 ശതമാനമായി. ഈ വര്‍ഷം സെപ്തംബര്‍ വരെ അക്കൗണ്ടന്റ് ജനറലിന്റെ കണക്കില്‍, മൊത്തം ചെലവിന്റെ 18 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. ആകെ റവന്യൂ വരുമാനമായ 45,540 കോടി രൂപയില്‍ 38,509 കോടിയും സംസ്ഥാനത്തിന്റെ തനതു സമാഹരണമാണ്. കേന്ദ്ര നികുതി വിഹിതമായി 5,588 കോടിയും, ഗ്രാന്റായി 44.41 കോടി രൂപയുമാണ് ലഭിച്ചത്.
ചെലവ് ചുരുക്കല്‍ നയമല്ല
ശമ്പളം, സര്‍വീസ് പെന്‍ഷന്‍ ഉള്‍പ്പെടെ പ്രതിമാസ സര്‍ക്കാര്‍ ബാധ്യത വലുതാണ്. വായ്പാ തിരിച്ചടവ് അടക്കം അവശ്യം ചെലവുകളുണ്ട്. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമ, വികസനച്ചെലവുകള്‍ ഇതിനു പുറമെയാണ്. കേന്ദ്ര വിഹിതങ്ങള്‍ നിഷേധിക്കുന്നത് മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാല്‍ ചെലവ് ചുരുക്കലല്ല സംസ്ഥാന നയം. സൗജന്യങ്ങള്‍ പാടില്ലെന്ന കേന്ദ്ര നിലപാട് സംസ്ഥാനം അംഗീകരിക്കുന്നില്ല. ക്ഷേമത്തിനൊപ്പം വികസനമെന്നതാണ് സംസ്ഥാന നിലപാട്. തനത് വരുമാനം ഉയര്‍ത്തിയും അതീവ ശ്രദ്ധയാര്‍ന്ന ധന മാനേജ്‌മെന്റ് വഴിയും പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്. നികുതി പിരിവ് ഊര്‍ജപ്പെടുത്തിയും അധികച്ചെലവുകള്‍ നിയന്ത്രിച്ചും സാമ്പത്തിക ദൃഢീകരണ പാതയിലാണ് സംസ്ഥാനത്തിന്റെ ധന മാനേജ്‌മെന്റ്.
കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജി എസ് ടി വരുമാനം 23,000 കോടി വര്‍ധിപ്പിക്കാനായി. 2021-22ല്‍ തനത് നികുതി വരുമാന വര്‍ധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം 23.36 ശതമാനമായി വീണ്ടും ഉയര്‍ത്തി. ഈ വര്‍ഷവും തനത് വരുമാന നിശ്ചയങ്ങള്‍ ലക്ഷ്യത്തില്‍ എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക് ജി എസ് ടി വകുപ്പിന്റെ പുനഃസംഘടനയിലൂടെ നികുതി ഭരണത്തിന്റെ കാര്യക്ഷമതയും ഉയര്‍ത്താനായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം തനത് വരുമാന സ്രോതസ്സുകള്‍ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിര്‍വഹിച്ചത്. ഈവര്‍ഷവും ചെലവിന്റെ 80 ശതമാനവും സംസ്ഥാനം വഹിക്കേണ്ടി വരുന്ന സ്ഥിതിയാണ്. അതേസമയം, ചില സംസ്ഥാനങ്ങള്‍ക്ക് 72 ശതമാനം വരെ കേന്ദ്ര വിഹിതം കിട്ടുന്നുമുണ്ട്.
ഈ ധനപരമായ യാഥാര്‍ഥ്യങ്ങളെ കാണാതെ നമുക്ക് മുന്നോട്ടുപോകാനാകില്ല. സംസ്ഥാനത്തിന് അര്‍ഹമായും ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറക്കുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ വലിയ വെട്ടിക്കുറവ് വരുത്തുകയും ചെയ്യുന്നു. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി വായ്പ എടുത്ത് പൂര്‍ത്തീകരിക്കാനും അനുവദിക്കുന്നില്ല. 2017 മുതല്‍ പൊതുകണക്കിന്റെയും ബജറ്റിനു പുറത്തുള്ള കടത്തിന്റെയുമൊക്കെ പേരുപറഞ്ഞ് 1.07 ലക്ഷം കോടി രൂപയുടെ കടമെടുപ്പ് അവകാശമാണ് നിഷേധിച്ചത്. ഇത് സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യങ്ങള്‍ക്ക് എതിരാണ്. നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളീയര്‍ എന്ന നിലയില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാനാകണം.
source https://www.sirajlive.com/extreme-economic-aggression.html
إرسال تعليق