റോബിന്‍ ബസും കേരള മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെ റോബിന്‍ ബസ് വീണ്ടും പിടിച്ചെടുത്തു കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. പത്തനംതിട്ട-കോയമ്പത്തൂര്‍ ട്രിപ്പ് പത്തനംതിട്ടയില്‍ മടങ്ങിയെത്തിയപ്പോഴാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് വന്‍ പോലീസ് സന്നാഹത്തോടെ റാന്നിയില്‍ വെച്ച് ബസ് പിടിച്ചെടുത്ത് പോലീസ് ക്യാമ്പിലേക്ക് മാറ്റിയത്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധത്തില്‍ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പെര്‍മിറ്റ് ലംഘിച്ചതിന് ബസ് ഉടമസ്ഥനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റോബിന്‍ ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയും സ്വീകരിക്കുമെന്നാണ് വിവരം.
അതേസമയം ബസ് പിടിച്ചെടുക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നാണ് റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് ആരോപിക്കുന്നത്. മാത്രമല്ല, മോട്ടോര്‍ വാഹന വകുപ്പിനെയും സര്‍ക്കാറിനെയും വെല്ലുവിളിച്ച് പത്തനംതിട്ട- പമ്പ റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ബേബി ഗിരീഷ്. ഗതാഗത നിയമ ലംഘനത്തിന്റെ പേരില്‍ തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പും കസ്റ്റഡിയിലെടുത്തിരുന്നു പത്തനംതിട്ട-കോയമ്പത്തൂര്‍ റോബിന്‍ ബസ്. കഴിഞ്ഞ വാരത്തില്‍ ഗാന്ധിപുരം ആര്‍ ടി ഒയാണ് ബസ് പിടിച്ചെടുത്തത്. 10,000 രൂപ പിഴ ഈടാക്കിയാണ് പിന്നീട് ബസ് വിട്ടുകൊടുത്തത്.
കോണ്‍ട്രാക്റ്റ് കാരിയേജ് പെര്‍മിറ്റുള്ള വാഹനം സ്റ്റേജ് കാരിയറായി സര്‍വീസ് നടത്തുന്നതാണ് പ്രശ്‌നത്തിന്റെ മര്‍മം. സ്റ്റേജ് കാരിയേജ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ബോര്‍ഡ് വെച്ച്, സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റി ഗതാഗതം നടത്താമെങ്കിലും കോണ്‍ട്രാക്ട് കാരിയേജ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് അതിന് അനുമതിയില്ല. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടം 85(9) പ്രകാരം കോണ്‍ട്രാക്റ്റ് കാരിയേജ് വാഹനങ്ങള്‍ക്ക് റൂട്ട് ബസായി ഓടാന്‍ പാടില്ല. ഒരു പ്രത്യേക പോയിന്റില്‍ നിന്ന് ആളുകളെ കയറ്റി മറ്റൊരു നിശ്ചിത പോയിന്റില്‍ ആളുകളെ ഇറക്കാനേ അവര്‍ക്ക് അനുമതിയുള്ളൂ. സ്റ്റേജ് കാരിയേജിന് താത്കാലികമായി സ്പെഷ്യല്‍ കോണ്‍ട്രാക്റ്റ് കാരിയേജ് പെര്‍മിറ്റ് ലഭിക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ കോണ്‍ട്രാക്റ്റ് കാരിയേജുകള്‍ക്ക് താത്കാലികമായിപ്പോലും സ്റ്റേജ് കാരിയേജ് പെര്‍മിറ്റ് നല്‍കാന്‍ അനുവാദമില്ല. കോണ്‍ട്രാക്റ്റ് കാരിയേജ് പെര്‍മിറ്റാണ് റോബിന്‍ ബസിനുള്ളത്. അവര്‍ ചട്ടം ലംഘിച്ച് സ്റ്റേജ് കാരിയറായി സര്‍വീസ് നടത്തുകയാണ്.
വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തില്‍ 2023 മെയ് ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 82 മുതല്‍ 85 എ വരെയുള്ള നിബന്ധനകള്‍ ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ബാധകമല്ല. ഇതുപ്രകാരം നിലവില്‍ കോണ്‍ട്രാക്ട് കാരിയേജ് ആയ ബസുകള്‍ക്ക് ബോര്‍ഡ് വെച്ച്, സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റി സ്റ്റേജ് കാരിയേജ് പോലെ ഓടിക്കാമെന്നാണ് റോബിന്‍ ബസ് ഉടമ അവകാശപ്പെടുന്നത്. അതേസമയം കേരളമടക്കം പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ ഈ ഭേദഗതി അപ്പടി അംഗീകരിക്കുന്നില്ല. ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ഓപറേറ്റര്‍മാര്‍ക്ക് തിരഞ്ഞെടുത്ത റൂട്ടുകളില്‍ സ്റ്റേജ് കാരിയേജ് പെര്‍മിറ്റുകള്‍ അനുവദിക്കുന്ന സമ്പ്രദായമാണ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നത്.
ആള്‍ ഇന്ത്യാ ടൂറിസ്റ്റിന്റെ പഴുതിലൂടെ സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര പാതകള്‍ കൈയടക്കിയാല്‍ കെ എസ് ആര്‍ ടി സി പോലുള്ള പൊതുഗതാഗത സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലാകും. സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള അവകാശം കെ എസ് ആര്‍ ടി സിക്കാണ്. സ്ഥാപന വരുമാനത്തിന്റെ 60 ശതമാനവും ദീര്‍ഘദൂര ബസുകളില്‍ നിന്നാണ് ലഭിക്കുന്നത്. റോബിന്‍ ബസ് നിയമ തടസ്സമില്ലാതെ സ്റ്റേജ് കാരിയേജായി ഓടിത്തുടങ്ങിയാല്‍ പിന്നാലെ നിരവധി ആള്‍ ഇന്ത്യാ ടൂറിസ്റ്റ് സ്വകാര്യ ബസുകളും ഈ വിധം സര്‍വീസ് സജ്ജരായി നില്‍പ്പുണ്ട്. പരമാവധി യാത്രാദൂരം 140 കിലോമീറ്റര്‍ കവിയാന്‍ പാടില്ലെന്ന നിബന്ധന കാരണം പെര്‍മിറ്റ് നഷ്ടമായ സംസ്ഥാനത്തെ പല സ്വകാര്യ ബസ് ഉടമകളും റോബിന്റെ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ്. ഇതോടെ, റൂട്ട് പെര്‍മിറ്റ് വ്യവസ്ഥ തകരുമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സര്‍ക്കാറിന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ഇത് സ്വകാര്യ ബസുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കുമെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതായും റിപോര്‍ട്ടുണ്ട്.
ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ഏത് ബസുകള്‍ക്കും നിയന്ത്രണങ്ങളില്ലാതെ ഇഷ്ടം പോലെ സര്‍വീസ് നടത്താവുന്ന സ്ഥിതിവിശേഷം പൊതുഗതാഗത സംവിധാനത്തെ മാത്രമല്ല, സ്വകാര്യ ബസ് സര്‍വീസുകളെയും ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് നിലവില്‍ പതിനായിരം സ്വകാര്യ ബസുകള്‍ ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ലഭിക്കാന്‍ പാകത്തിലുണ്ട്. ഇവയൊക്കെ ലോക്കല്‍ സര്‍വീസുകളായി നിരത്തിലിറങ്ങിയാല്‍ സാധാരണ യാത്രക്കാര്‍ യാത്രാ സൗകര്യവും സമയലാഭവും കണക്കിലെടുത്ത് അവയെ ആശ്രയിക്കാന്‍ തുടങ്ങും. മറ്റു സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ ഇത് ഇടിവ് വരുത്തും. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍, സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമെല്ലാമുള്ള അവകാശങ്ങള്‍, വിദൂരവും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങി സ്റ്റേജ് കാരിയേജ് സംവിധാനത്തിലുള്ള പല ആനുകൂല്യങ്ങളെയും ഇത് ബാധിക്കും.
source https://www.sirajlive.com/tight-robin-bus-government-war.html
إرسال تعليق