കൂട്ടക്കുരുതിയുടെ നൂറ് ദിനങ്ങൾ; ഐ സി ജെയിലെ വെളിച്ചം

ഫലസ്തീൻ ജനതക്ക് മേൽ ഇസ്‌റാഈൽ ഭീകരതയുടെ ക്രൂരതാണ്ഡവം നൂറ് ദിനം പിന്നിട്ടും തുടരുകയാണ്. മനുഷ്യത്വം ഇത്തിരിയെങ്കിലും അവശേഷിക്കുന്ന ഏതൊരാളുടെയും ഹൃദയം പിളർക്കാൻ പോന്ന ക്രൂരത നിർബാധം തുടരുമ്പോഴും അതിനെ എല്ലാ അർഥത്തിലും പിന്തുണക്കുകയാണ് അമേരിക്കയിലെയും പാശ്ചാത്യ വൻകിട രാഷ്ട്രങ്ങളിലെയും ഭരണാധികാരികൾ. ട്രംപിനേക്കാൾ യുദ്ധോത്സുകനും ഇസ്‌റാഈൽ പക്ഷപാതിയുമാണ് ജോ ബൈഡനെന്ന് നാൾക്കുനാൾ തെളിയുകയാണ്. റബ്ബി അലിസാ വൈസ് അൽ ജസീറയിൽ എഴുതിയ ലേഖനത്തിൽ ബൈഡനോട് പറയുന്നുണ്ട്: പ്രസിഡന്റ്ബൈഡൻ, പ്ലീസ് സ്റ്റോപ് വീറ്റോയിംഗ് പീസ്!
ഈ നാടുകളിലെല്ലാം സാധാരണ മനുഷ്യർ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധമുയർത്തുന്നുണ്ട്. യു എസിലടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ആ പ്രതിഷേധ ജ്വാലയുടെ പൊള്ളലുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്തിനാണ് ഇങ്ങനെയൊരു ലോക സംഘടനയെന്ന ചോദ്യമുയർത്തി യു എൻ പിരിച്ചുവിടാൻ ഏറ്റവും നല്ല സമയമിതാണെന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഉറച്ച സ്വരമുയരുകയും ചെയ്യുന്നു. വീറ്റോ അധികാരമെന്ന ജനാധിപത്യവിരുദ്ധ ഏർപ്പാട് നിലനിൽക്കുവോളം യു എൻ സെക്രട്ടറി ജനറലിന്റെ വികാരഭരിതമായ വാക്കുകൾക്കപ്പുറം ഒന്നും നടക്കില്ലെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും സമാധാന സ്‌നേഹികൾ യു എൻ പ്രമേയങ്ങൾക്ക് കാതോർക്കുന്നു; ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ സി ജെ)യിൽ നടക്കുന്ന നടപടിക്രമങ്ങളിൽ പ്രതീക്ഷവെക്കുന്നു. ഗസ്സക്ക് നേരെ ഒക്ടോബർ ഏഴിന് തുടങ്ങിയ കൂട്ടക്കുരുതിയിൽ ഇതിനകം 24,000 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവിധ ഏജൻസികൾ നൽകുന്ന കണക്ക്. കണക്കുകൾക്കപ്പുറമാണ് യാഥാർഥ്യം. ഇവരിൽ മഹാഭൂരിപക്ഷവും പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമാണ്. ആദ്യം വടക്കൻ ഗസ്സയിൽ തുടങ്ങിയ കൂട്ടക്കുരുതി പിന്നീട് തെക്കൻ ഗസ്സയിലേക്കും ഇസ്‌റാഈൽ വ്യാപിപ്പിച്ചു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഉൾപ്പെടെ ആർക്കും ഗസ്സ യുദ്ധത്തിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാനാകില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആക്രോശം. ആക്രമണം നീളുമെന്ന പ്രഖ്യാപനം ദിനംപ്രതി ആവർത്തിക്കുകയാണ് നെതന്യാഹുവിന്റെ വാർ ക്യാബിനറ്റിലെ അംഗങ്ങൾ.
ആക്രമണ, പ്രത്യാക്രമണങ്ങളുടെ സ്വഭാവം വല്ലാതെ മാറിയിട്ടുണ്ട്. യുദ്ധം മധ്യപൗരസ്ത്യ ദേശത്താകെ പടരുകയാണോയെന്ന ഭയമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ലബനാനിലും ഇറാനിലും യമനിലും ഇസ്‌റാഈൽ ആക്രമണ മുഖം തുറന്നിരിക്കുകയാണ്. ഇവിടെയെല്ലാം പ്രത്യക്ഷമായും പരോക്ഷമായും അമേരിക്കയുണ്ട്. ചെങ്കടലും ഇന്ത്യൻ മഹാസമുദ്രവും അശാന്തമായി. ഈ ഏറ്റുമുട്ടലുകളിൽ പലവിധത്തിൽ ഇറാൻ പങ്കാളിയാണ്. യമനിലെ ഹൂത്തികൾക്കുള്ള പിന്തുണയുടെ രൂപത്തിലും ഹിസ്ബുല്ലക്കുള്ള സഹായത്തിന്റെ രൂപത്തിലുമെല്ലാം അതുണ്ട്. ഇറാന്റെ ഈ ഇടപെടൽ ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഉജ്ജ്വല പോരാട്ടമെന്നൊക്കെ ചിലർ ആഘോഷിക്കുന്നു. അത് വസ്തുതക്ക് നിരക്കുന്നതല്ല. ഞങ്ങളാണ് ഫലസ്തീൻ ലക്ഷ്യം ഉയർത്തിപ്പിടിക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കാൻ ഇറാൻ ശ്രമിക്കുന്നത് അത്ര നിഷ്‌കളങ്കമായ നടപടിയാണെന്ന് തോന്നുന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ യുദ്ധം വ്യാപിക്കുന്നത് ഫലസ്തീൻ രാഷ്ട്ര സ്വപ്‌നങ്ങൾക്ക് ഗുണകരമാകുമെന്നും കരുതുക വയ്യ. അശാന്തമായ ചെങ്കടൽ ചൂണ്ടിക്കാട്ടി ഗസ്സ കൂട്ടക്കുരുതി അവസാനിപ്പിക്കാമെന്ന തന്ത്രമാണ് ഹൂത്തികൾ പയറ്റുന്നതെന്ന് പറയാമെങ്കിലും അതിന്റെ ഫലപ്രാപ്തി സംശയാസ്പദമാണ്.

1967ലെ അതിർത്തിയിലെങ്കിലും ഫലസ്തീൻ രാഷ്ട്രം സാധ്യമാക്കിയും കൃത്യമായി നിർണയിക്കപ്പെട്ട അതിർത്തി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തിയും മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ. ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷമുണ്ടായ പ്രശ്‌നങ്ങളാണ് ഇവയെന്നത് ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും പ്രചാരണമാണ്. ഇതിനെ തകർത്തെറിയുന്ന ധീരമായ സ്വരമാണ് ദക്ഷിണാഫ്രിക്ക ഐ സി ജെയിൽ ഉയർത്തിയത്. വർണവിവേചന ഭീകരത അനുഭവിച്ച ആ രാജ്യം ചരിത്രപരമായ ദൗത്യം നിർവഹിക്കുകയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ചെയ്തത്. ഒക്‌ടോബർ ഏഴിന് തുടങ്ങിയതല്ല, 76 വർഷമായി ആക്രമണം അനുഭവിക്കുന്ന ജനതയാണ് ഫലസ്തീനിലുള്ളതെന്നും ഇക്കാലമത്രയും തുടരുന്ന വംശഹത്യാപരമായ ആക്രമണത്തിന്റെ ഏറ്റവും ക്രൂരതമായ അധ്യായമാണ് ഇപ്പോൾ നടക്കുന്നതെന്നും ഐ സി ജെയിൽ ആഫ്രിക്കൻ നിയമവിദഗ്ധർ വ്യക്തമാക്കി. ഞങ്ങൾ അരക്ഷിതരാണെന്ന അടിസ്ഥാനരഹിതമായ പതിവ് വാദത്തിനപ്പുറം ഇതിന് ഒരു മറുപടിയും ഇസ്‌റാഈലിന്റെ കൈയിലുണ്ടായിരുന്നില്ല.

വംശഹത്യാക്കുറ്റം ചുമത്താവുന്ന എല്ലാ തെളിവുകളും ഇസ്‌റാഈലിനെതിരെയുണ്ട്. ആശുപത്രികൾക്ക് നേരെ നിരന്തരം ആക്രമണം നടന്നു. രോഗികളെയും ആരോഗ്യപ്രവർത്തകരെയും കൊന്നു. മിക്ക ആശുപത്രികളും തകർത്തു. ക്രിസ്ത്യൻ, മുസ്‌ലിം ആരാധനാലയങ്ങൾ തകർത്ത്, പ്രാർഥനയിലഭയം തേടാൻ വന്നവരെയും കൊന്നു. സ്വന്തം സൈനികരെ പോലും കൊല്ലാൻ മാത്രം ഭ്രാന്തമായ നിലയിലെത്തിയ ഒരു സൈന്യത്തെയും അതിന് നിർദേശം കൊടുക്കുന്നവരെയും ശിക്ഷിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് അന്താരാഷ്ട്ര യുദ്ധക്കുറ്റ ചട്ടങ്ങൾ.

ജീവിതം ദുസ്സഹമാക്കി ഗസ്സയെ സമ്പൂർണമായി മനുഷ്യരഹിതമാക്കുകയായിരുന്നു നെതന്യാഹുവിന്റെ പദ്ധതി. അതിന് തയ്യാറാകാത്തതിനുള്ള ശിക്ഷയാണ് ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ രക്തസാക്ഷിത്വം. ആ ജനത അങ്ങനെ എളുപ്പത്തിൽ കീഴടങ്ങില്ല. വെസ്റ്റ് ബാങ്കിലെ ഭൂമിക്കൊള്ളക്കെതിരെയും ചെറുത്തുനിൽപ്പുയരുന്നുണ്ട്. ലോകത്താകെയുള്ള മനുഷ്യർ ഒരുമിച്ച് നിൽക്കേണ്ട ഘട്ടമാണിത്. യു എസ്- ഇസ്‌റാഈൽ ബാന്ധവത്തിനെതിരെ ശക്തമായ ബദൽ രാഷ്ട്ര കൂട്ടായ്മ ഉയർന്നുവരണം. ഇസ്‌റാഈൽ ഭീകരത തള്ളിപ്പറയണം. ജൂതരാഷ്ട്രം പിറന്ന ശേഷം ഒരിക്കലെങ്കിലും ആയുധം താഴെവെച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും അതിർത്തി അംഗീകരിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും ഭൂമി കൊള്ള നിർത്തിയിട്ടുണ്ടോ? അന്താരാഷ്ട്ര നീതിന്യായ കോടതിമുറിയിൽ ഈ ചോദ്യങ്ങൾ മുഴങ്ങട്ടേ. വെടിനിർത്താനെങ്കിലുമുള്ള ഉത്തരവ് അവിടുന്ന് വന്നാൽ അത്രയും നല്ലത്.



source https://www.sirajlive.com/hundred-days-of-massacre-light-on-icg.html

Post a Comment

أحدث أقدم