സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം | സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. തൈപ്പൊങ്കല്‍, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മകരശീവേലി പ്രമാണിച്ചാണ് തിരുവനന്തപുരം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടും പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടുമാണ് അവധി. അവധി നേരത്തെ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയും സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആറ് ജില്ലകളിലെയും കെ എസ് ഇ ബി ഓഫീസുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

പൊങ്കല്‍, മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പുര്‍-കൊച്ചുവേളി, കൊല്ലം-ചെന്നൈ-എഗ്മോര്‍ റൂട്ടുകളിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

മകരജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഒന്നര ലക്ഷത്തില്‍ അധികം ഭക്തര്‍ മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദര്‍ശിക്കാന്‍ 10 വ്യൂ പോയിന്റുകളാണുള്ളത്.
മകരജ്യോതി ദര്‍ശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടര്‍ന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. ഭക്തര്‍ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്.

മകരവിളക്ക് ദര്‍ശനത്തിന് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന പുല്ലുമേട്ടിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ടു ഡിവൈ എസ് പിമാരുടെ നേതൃത്വത്തില്‍ 1,400 പോലീസുകാരെ ജില്ലയില്‍ വിവിധ ഭാഗത്തു സുരക്ഷക്കായി നിയോഗിക്കും.

പുല്ലുമേട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങള്‍ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് രണ്ടു വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. മകര വിളക്ക് കണ്ട ശേഷം സന്നിധാനത്തേക്കു പോകാന്‍ ഭക്തരെ അനുവദിക്കില്ല.

 

 



source https://www.sirajlive.com/holiday-for-six-districts-of-the-state-today.html

Post a Comment

أحدث أقدم