കൊച്ചി | കൈ വെട്ടു കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എന്‍ ഐ എ മജിസ്ട്രേറ്റ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.
തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തില്‍ കസ്റ്റഡിയില്‍ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ജനുവരി 24 വരെ റിമാന്റിലായ സവാദ് എറണാകുളം സബ് ജയിലില്‍ തടവില്‍ കഴിയുകയാണ്. പ്രതിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ ഐ എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സവാദിനെ പിടികൂടാന്‍ എന്‍ ഐ എക്ക് തുണയായത് ഇളയകുഞ്ഞിന്റെ ജനനസര്ട്ടിഫിക്കറ്റാണെന്നു സൂചന. ഷാജഹാന് എന്നപേരിലാണ് സവാദ് ഒളിവില്‍ കഴിഞ്ഞതെങ്കിലും ഒമ്പതുമാസംമുമ്പ് ജനിച്ച കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് സവാദ് എന്നാണ് ചേര്‍ത്തിരുന്നത്. ആധാര്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡ് എന്നിവയിലും സവാദ് എന്നാണ് ചേര്‍ത്തിരുന്നത്. ഇവ വീട്ടില്‍നിന്ന് എന്‍ ഐ എ സംഘം പിടിച്ചെടുത്തു.
source https://www.sirajlive.com/hand-mutilation-case-nia-to-move-magistrate-court-soon-to-speed-up-sawad-39-s-identification-parade.html
Post a Comment