ഹൈന്ദവ ഘോഷയാത്രയിലേക്ക് തുപ്പിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മൂന്ന് മുസ്ലിം കൗമാരക്കാരെ 151 ദിവസത്തിനു ശേഷം ജാമ്യം നല്‍കി ജയില്‍ മോചിതരാക്കിയിരിക്കുന്നു മധ്യപ്രദേശ് ഹൈക്കോടതി. കേസിന് യാതൊരു തെളിവുമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അനില്‍ വര്‍മയുടെ സിംഗിള്‍ ബഞ്ച് കുട്ടികളെ ജയില്‍ മോചിതരാക്കിയത്. ഉജ്ജൈനിലെ ബാബാ മഹാകാല്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലേക്ക് കുട്ടികള്‍ തുപ്പിയെന്നായിരുന്നു കേസ്. ആരോപണം കെട്ടിച്ചമച്ചതാണെന്നും പോലീസ് വ്യാജ പരാതിയുണ്ടാക്കി അതില്‍ ചിലരെക്കൊണ്ട് ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നും കേസിന്റെ തുടക്കം മുതലേ ആരോപണമുയര്‍ന്നിരുന്നു. കോടതിയും ഈ വാദം ശരിവെച്ചു. ഉള്ളടക്കം അറിയാതെയാണ് എഫ് ഐ ആറില്‍ ഒപ്പ് വെച്ചതെന്നും പോലീസ് നിര്‍ബന്ധിച്ച് ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നും സാക്ഷികള്‍ മൊഴി നല്‍കിയതായി കോടതി ഉത്തരവില്‍ പറയുന്നുണ്ട്. അറസ്റ്റിലായ ഒരു കുട്ടിയുടെ പിതാവ് അശ്റഫ് ഹുസൈന്‍ മന്‍സൂരിയുടെ വീട് ബുള്‍ഡോസര്‍ വെച്ച് പൊളിച്ചു നീക്കുകയും ചെയ്തു. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് വീട് തകര്‍ക്കാന്‍ ഉത്തരവിട്ടത്.
രാജ്യത്ത് ഇതൊരു പുത്തന്‍ അനുഭവമല്ല. കള്ളക്കേസില്‍ കുടുക്കി മുസ്ലിംകളെ ജയിലിലടക്കുന്നത് സാധാരണ സംഭവം. 2016 മെയ് മൂന്നിന് ഉത്തര്‍ പ്രദേശിലെ ദയൂബന്ദില്‍ നിന്ന് ശാക്കിര്‍ അന്‍സാരി എന്ന യുവാവിനെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ജെയ്ശെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. എന്നാല്‍ 2017 ഫെബ്രുവരി ഏഴിന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജസ്റ്റിസ് റിതേഷ് സിംഗ,് ശാക്കിര്‍ അന്‍സാരിയെ കുറ്റവിമുക്തനാക്കി വിട്ടയച്ചു. എഫ് ഐ ആറില്‍ ചുമത്തിയ കുറ്റം തെളിയിക്കുന്നതിന് പോലീസിന് ഒരു തെളിവ് പോലും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. 2006ല്‍ മലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ ഒമ്പത് മുസ്ലിംകളെയാണ് ഐ ടി എസ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) അറസ്റ്റ് ചെയ്തത്. ഒരു ദശാബ്ദത്തിനു ശേഷം 2016 ഏപ്രില്‍ 26ന് മുംബൈ സെഷന്‍സ് കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി. 2011ല്‍ കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി പ്രതികള്‍ നിരപരാധികളാണെന്ന് കണ്ടെത്തുകയായിരുന്നു. ഹുബ്ലി ഗൂഢാലോചനാ കേസിന്റെ അവസ്ഥയും സമാനമാണ്. പോലീസ് പ്രതികളാക്കിയ പതിനേഴ് മുസ്ലിം യുവാക്കളെ നിരപരാധികളാണെന്നു കണ്ട് 2015 മെയില്‍ ഹുബ്ലി ജില്ലാ കോടതി വെറുതെ വിട്ടു.
ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയെന്നാരോപിച്ച് കശ്മീര്‍ കുപ്വാര സ്വദേശി സയ്യിദ് ലിയാഖത്ത് ഷായെ അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷത്തോളം ക്രൂരമായ പീഡനത്തിനിരയാക്കി ഡല്‍ഹി പോലീസ്. പാര്‍ലിമെന്റ് ആക്രമണ കേസിലെ ‘പ്രതി’ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരമായി ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയതായിരുന്നു ലിയാഖത്ത് ഷാ എന്നാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ മേധാവി എസ് എന്‍ ശ്രീവാസ്ത ആരോപിച്ചത്. ഇത് ഡല്‍ഹി പോലീസിന്റെ കള്ളക്കഥയാണെന്ന് അന്വേഷണത്തില്‍ എന്‍ ഐ എ കണ്ടെത്തുകയും ലിയാഖത്ത് ഷായെ ജയില്‍ മോചിതനാക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ്, സി എ എ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത ഹിന്ദുത്വരെ സഹായിക്കുന്ന നിലപാടായിരുന്നല്ലോ സ്വീകരിച്ചത്.
ഉത്തരേന്ത്യയില്‍ പോലീസിനെയും വര്‍ഗീയത ആഴത്തില്‍ ബാധിച്ചിരിക്കുന്നുവെന്നതാണ് ഇത്തരം കള്ളക്കേസുകള്‍ വ്യക്തമാക്കുന്നത്. ജയില്‍ തടവുകാരില്‍ മുസ്ലിംകള്‍ ആനുപാതികമായി മറ്റുള്ളവരേക്കാള്‍ കൂടുതലാകാനും ഇത് തന്നെയാണ് കാരണം. ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ പോലീസ് സേന അടിമുടി വര്‍ഗീയവത്കരിക്കപ്പെട്ടിരിക്കുന്നു. പലപ്പോഴായി അവിടെ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പോലീസ് പരോക്ഷമായും പ്രത്യക്ഷമായും മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ചതായി കലാപങ്ങളെക്കുറിച്ചന്വേഷിച്ച കമ്മീഷനുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏതാനും വര്‍ഷം മുമ്പ് ഹൈദരാബാദ് പോലീസ് അക്കാദമിയില്‍ നടന്ന ഒരു പരിപാടിയിലെ അനുഭവം ഡോ. അസ്ഗറലി എന്‍ജിനീയര്‍ ഒരു ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പോലീസിലെ മേല്‍ത്തട്ടിലുള്ളവര്‍ക്ക് താഴേത്തട്ടിലുള്ളവരേക്കാള്‍ വര്‍ഗീയത കുറവാണെന്ന് തന്റെ സംസാരത്തില്‍ ഡോ. അസ്ഗറലി അഭിപ്രായപ്പെട്ടു. എന്നാല്‍ പിന്നീട് സംസാരിച്ച ഒരു പ്രമുഖ ഐ പി എസ് ഉദ്യോഗസ്ഥന്‍ അതിനോട് ശക്തിയായി വിയോജിച്ചു. കീഴുദ്യോഗസ്ഥരേക്കാള്‍ വര്‍ഗീയത കൂടുതലാണ് മേലുദ്യോഗസ്ഥരിലെന്നാണ് തന്റെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അവിടെ വ്യക്തമാക്കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങള്‍ തന്നെയാണ് പോലീസിനെ ഇവ്വിധം വര്‍ഗീയവത്കരിച്ചത്. പോലീസിനെ ആര്‍ എസ് എസിന്റെ ഒരു വിംഗായാണ് ഭരണകൂടങ്ങള്‍ രൂപപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് ഭരണകാലത്ത് പോലും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. 1960കളുടെ ആദ്യത്തില്‍ കോണ്‍ഗ്രസ്സിലെ ഗോവിന്ദ വല്ലഭ് പന്ത് യു പി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, മുസ്ലിംകളെ പോലീസിലെടുക്കുന്നത് നിരുത്സാഹപ്പെടുത്തി ഉത്തരവിറക്കിയതായി അക്കാലത്തെ പ്രമുഖ ഐ പി എസ് ഉദ്യോഗസ്ഥനായ കേകി ദാരുവാല വെളിപ്പെടുത്തിയിട്ടുണ്ട്. നന്നായി വര്‍ഗീയത കളിക്കുകയും മുസ്ലിം വിരുദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ക്കാണ് അവിടെ ഭരണാധികാരികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയും അംഗീകാരവും. മുംബൈ കലാപത്തെക്കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍, എട്ട് മദ്റസാ വിദ്യാര്‍ഥികളെ കലാപകാരികളെന്നു പറഞ്ഞ് വെടിവെച്ചു കൊന്ന മുംബൈ പോലീസ് അസ്സിസ്റ്റന്റ് കമ്മീഷണറെക്കുറിച്ച് തന്റെ റിപോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുകയും ശാസിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം മുംബൈ പോലീസ് കമ്മീഷണറായി ഉയര്‍ത്തുകയായിരുന്നു അന്നത്തെ ശിവസേനാ സര്‍ക്കാര്‍. ഗുജറാത്ത് വംശഹത്യയില്‍ മികച്ച പങ്കുവഹിച്ച പോലീസുദ്യോഗസ്ഥന്മാര്‍ക്കും ലഭിച്ചതാണല്ലോ ഇത്തരം സ്ഥാനക്കയറ്റങ്ങള്‍.
source https://www.sirajlive.com/fake-cases-made-by-the-police.html
Post a Comment