ന്യൂഡല്‍ഹി| ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കണ്‍മുന്നില്‍ വെച്ച് കൊല്ലുകയും ചെയ്ത കേസില്‍ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ഒക്ടോബര്‍ 12നാണ് കേസില്‍ വാദം പൂര്‍ത്തിയാക്കി കോടതി വിധി പറയാന്‍ മാറ്റിവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സി.പി.എം പിബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുക. 2002 ലെ ഗുജറാത്ത് കലാപത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് 11 പ്രതികളെ ജയില്‍ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ മോചിപ്പിക്കുന്നതില്‍ നിലവില്‍ നിയമ തടസമുണ്ട്.
2014 ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത്. 15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രതി നല്‍കിയ അപേക്ഷ പരിഗണിച്ചു ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 11 പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരണം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മറ്റ് കേസുകളുമായി ബില്‍ക്കീസ് ബാനു കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമാണെന്നും പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണം എന്താണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വാദത്തിനിടെ ജസ്റ്റിസുമാരായ കെ.എം ജോസഫ് , ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചിരുന്നു. 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെക്കുകയായിരുന്നു
source https://www.sirajlive.com/bilquis-banu-case-today-the-supreme-court-verdict-on-the-release-of-the-accused.html
Post a Comment