ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്

ധാക്ക| ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേക്ക്. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളിലും ഹസീനയുടെ അവാമി ലീഗ് വിജയിക്കുകയായിരുന്നു.

ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ തെരഞ്ഞെടുപ്പ് വിജയം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത് പോളിങ് കുറച്ചു. 40 ശതമാനം മാത്രമാണ് പോളിങ് ശതമാനം.

2018ലെ തെരഞ്ഞെടുപ്പില്‍ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. രാജ്യത്തെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്. അവാമി ലീഗ് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ ഒരിടത്തെ വോട്ടെടുപ്പ് മാറ്റിവെച്ചു. 27 രാഷ്ട്രീയപ്പാര്‍ട്ടികളിലെ 1,500-ലേറെ സ്ഥാനാര്‍ത്ഥികളും 436 സ്വതന്ത്രസ്ഥാനാര്‍ഥികളുമാണ് മത്സരിക്കാനുണ്ടായിരുന്നത്.

അതേസമയം രാജ്യം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്ന് ഷെയ്ഖ് ഹസീന പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

 

 

 



source https://www.sirajlive.com/sheikh-hasina-is-back-in-power-in-bangladesh.html

Post a Comment

Previous Post Next Post