മുങ്ങിമരണങ്ങൾ വർധിച്ചിരിക്കുകയാണ് കേരളത്തിൽ. ശനിയാഴ്ച കോഴിക്കോട് ചാത്തമംഗലത്തിനു സമീപം പിലാശ്ശേരിയിൽ മൂന്ന് പേർ, വെള്ളിയാഴ്ച മലപ്പുറം നിലമ്പൂർ നെടുങ്കയത്ത് പുഴയിൽ രണ്ട് വിദ്യാർഥിനികൾ, ഈ മാസം ആറിന് കൊല്ലത്ത് കടലിൽ കുളിക്കവെ കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി മുഹമ്മദ് ശാനിർ, ഈ മാസം നാലിന് പത്തനംതിട്ട പമ്പാ നദിയിൽ രണ്ട് സഹോദരങ്ങൾ, വീരാജ്‌പേട്ട നീരുപാലു ചെലവറ വെള്ളച്ചാട്ടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് എന്നിങ്ങനെ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്തോളം മുങ്ങിമരണങ്ങളാണ് റിപോർട്ട് ചെയ്യപ്പെട്ടത്. 2017 മുതൽ 2022 വരെയുള്ള ആറ് വർഷത്തിനിടെ 11,947 മുങ്ങിമരണങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടു സംസ്ഥാനത്ത്. റോഡപകടങ്ങൾ കഴിഞ്ഞാൽ അപകട മരണങ്ങൾ ഏറെയും വെള്ളത്തിൽ അകപ്പെട്ടാണ് സംഭവിക്കുന്നത്. ജില്ല തിരിച്ച് കണക്കെടുക്കുമ്പോൾ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് കൂടുതൽ.
മഴക്കാലത്ത് നദികൾ കരകവിഞ്ഞൊഴുകുമ്പോഴും വയലിലും പാറക്കെട്ടുകളിലും ക്വാറികളിലും വെള്ളം നിറയുമ്പോഴുമായിരുന്നു മുൻകാലങ്ങളിൽ മുങ്ങിമരണങ്ങൾ കൂടുതൽ സംഭവിച്ചിരുന്നത്. ഇന്ന് വേനൽക്കാലങ്ങളിലും ധാരാളമായി അപകടം റിപോർട്ട് ചെയ്യപ്പെടുന്നു. വിനോദയാത്രകൾ വർധിച്ച സാഹചര്യത്തിലാണ് പരിചയമില്ലാത്ത ജലാശയങ്ങളിൽ കുളിക്കാനും നീന്താനും ഇറങ്ങുന്ന യുവാക്കളും കുട്ടികളും കൂടുതലും മരിക്കുന്നത്. നീന്താൻ അറിയാത്തവരല്ല, അറിയുന്നവർ തന്നെയാണ് മുങ്ങിമരിക്കുന്നവരിൽ ഏറെയും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതരുടെ കണക്കനുസരിച്ച് മുങ്ങിമരിക്കുന്നവരിൽ 60 ശതമാനവും നീന്തൽ പഠിച്ചവരാണ്. സ്വിമ്മിംഗ് പൂളിലും ചെറിയ കുളങ്ങളിലും നീന്തി പരിചയിച്ചവർ ആ പരിചയം വെച്ച് വലിയ ജലാശയങ്ങളിൽ എടുത്തുചാടുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്. നദികളുടെയും വലിയ ജലാശയങ്ങളുടെയും ആഴവും അടിയൊഴുക്കിന്റെ സ്വഭാവവും അവർക്കറിയണമെന്നില്ല. മണൽ വാരൽ മൂലവും മറ്റും നദികളിൽ കയങ്ങൾ രൂപപ്പെട്ടിരിക്കാം. മുകൾ ഭാഗത്തെ അപേക്ഷിച്ച് നദികളിലെ അടിഭാഗത്തെ ഒഴുക്കിന്റെ ശക്തിക്ക് മാറ്റവുമുണ്ടാകാം.
സൂക്ഷിച്ചുവേണം പരിചയമില്ലാത്ത ജലാശയങ്ങളിൽ കുളിക്കാനും നീന്താനും. കൂട്ടുകാർക്കിടയിൽ മിടുക്ക് കാണിക്കാനുളള ത്വരയിൽ ഇതൊന്നും ആലോചിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെയായിരിക്കും കൗമാരപ്രായക്കാരും യുവാക്കളും വെള്ളത്തിലേക്കെടുത്തു ചാടുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ വെള്ളത്തിലിറങ്ങുന്നതും അപകടത്തിനിടയാക്കുന്നു. അവധി ആഘേഷിക്കാൻ എത്തുന്ന യുവാക്കളിൽ നല്ലൊരു പങ്കും ലഹരി നുണഞ്ഞവരായിരിക്കും. അപസ്മാര രോഗികളും ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരും ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകടകരമാണ്.
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയും മരണങ്ങൾ സംഭവിക്കാറുണ്ട്. ശനിയാഴ്ച കോഴിക്കോട് ചാത്തമംഗലത്ത് അതാണ് സംഭവിച്ചത്. പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട അദ്വൈത് എന്ന പതിമൂന്നുകാരനെ രക്ഷിക്കാനായി പുഴയിലേക്ക് എടുത്തുചാടിയപ്പോഴാണ് അവിടെ രണ്ട് സ്ത്രീകൾ മരിച്ചത്. രക്ഷിക്കാൻ ഇറങ്ങിയവരും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. കൂടെയുള്ള ബന്ധുവോ കൂട്ടുകാരോ അപകടത്തിൽ പെടുമ്പോൾ കണ്ടുനിൽക്കുന്നവർ ഭവിഷ്യത്ത് ആലോചിക്കാതെ എടുത്തുചാടുക പതിവാണ്. നീന്തൽ നന്നായി വശമില്ലാത്തവരും പുഴയുടെ ഒഴുക്കിന്റെ ഗതിയും ആഴവും അറിയാത്തവരും എടുത്തുചാടരുത്. പകരം പിടിച്ചുകയറാനായി, അപകടത്തിൽപ്പെട്ടയാൾക്ക് കയറോ ബലമുള്ള എന്തെങ്കിലും വസ്തുവോ എറിഞ്ഞുകൊടുക്കുകയാണ് വേണ്ടത്. നീന്തൽ വൈദഗ്ധ്യമുള്ളവർ പോലും ശ്രദ്ധയോടെ ചെയ്യേണ്ടതാണ് രക്ഷാപ്രവർത്തനം. വെള്ളത്തിൽ മുങ്ങിത്താഴുന്നവർ മരണവെപ്രാളത്തിൽ രക്ഷിക്കാൻ എത്തുന്നവരെ അണച്ചുപിടിച്ചെന്നിരിക്കും. ഇതോടെ രക്ഷാപ്രവർത്തകർക്ക് വിചാരിച്ച പോലെ കൈ ചലിപ്പിക്കാനാകാതെ വരികയും രണ്ട് പേരും ഒന്നിച്ചു മുങ്ങിത്താഴുകയും ചെയ്ത സംഭവങ്ങളുമുണ്ട്. സംസ്ഥാനത്തെ മുങ്ങിമരണങ്ങളെക്കുറിച്ച് പഠനം നടത്തിയ ബാലാവകാശ കമ്മീഷൻ ജലസുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് കഴിഞ്ഞ നവംബറിൽ നിർദേശിച്ചിരുന്നു. നീരൊഴുക്കുളള സ്ഥലങ്ങളിലെ പാലങ്ങൾക്ക് ആൾമറ നിർമാണം, അപകടസാധ്യതയുളള സ്ഥലങ്ങളിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കൽ, സ്‌കൂൾ വിദ്യാർഥികൾക്ക് പഠനത്തിന്റെ ഭാഗമായി നീന്തൽ പരിശീലനം തുടങ്ങി വിവിധ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തിട്ടുമുണ്ട്. ഒന്നും യഥാവിധി നടപ്പാകുന്നില്ലെന്ന് മാത്രം. ചുരുക്കം ചില സ്‌കൂളുകളിൽ മാത്രമാണ് ഇതിനകം നീന്തൽ പരിശീലന സൗകര്യം സജ്ജീകരിക്കാനായത്. സ്‌കൂളുകളിൽ നീന്തൽ കുളം സ്ഥാപിക്കാൻ അസൗകര്യമുള്ളിടങ്ങളിൽ പരിശീലനത്തിന് പൊതുകുളങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
മുങ്ങിമരണങ്ങൾ കുറയ്ക്കാൻ കഴിഞ്ഞ വർഷം നവംബറിൽ സംസ്ഥാന പോലീസ് സാമൂഹിക മാധ്യമങ്ങൾ വഴി ചില നിർദേശങ്ങൾ നൽകിയിരുന്നു. ജലരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക, നന്നായി പരിശീലനം നേടിയവരിൽ നിന്ന് മാത്രം നീന്തൽ പഠിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. കുട്ടികൾ നീന്തൽ പഠിച്ചവരാണെങ്കിൽ തന്നെ മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളിൽ ഇറങ്ങാൻ അനുവദിക്കരുത്. വിനോദയാത്രകളിൽ ജലാശയങ്ങളിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നവർ ലൈഫ് ജാക്കറ്റ്, ടയർട്യൂബ്, നീളമുള്ള കയർ എന്നിവ കരുതുക. ശരിയായ പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനത്തിനിറങ്ങുക തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ. അഗ്നിശമന സേന ഫോർട്ട് കൊച്ചിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ വാട്ടർ റെസ്‌ക്യൂ (ഐ എ ടി ഡബ്ല്യു ആർ)എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങൾക്ക് വെള്ളത്തിലുണ്ടാകുന്ന അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനമാണ് മുഖ്യലക്ഷ്യമെങ്കിലും പൊതുജനങ്ങൾക്കും പരിശീലനം നൽകുന്നുണ്ടിവിടെ. സ്ഥാപനത്തിനകത്തെ നീന്തൽ പരിശീലനത്തിന് ശേഷം കടലിലും തുടർപരിശീലനം നൽകുന്നു. ഇതുപോലുള്ള പരിശീലന കേന്ദ്രങ്ങൾ പൊതുസമൂഹത്തിനായി സംസ്ഥാനത്തുടനീളം സ്ഥാപിതമാകേണ്ടതുണ്ട്.
source https://www.sirajlive.com/be-careful-when-entering-water-bodies.html
Post a Comment