പള്ളിയും മദ്റസയും തകർത്തത് ഹൈക്കോടതി ഉത്തരവില്ലാതെ

ഹൽദ്വാനി | ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്റസയും പള്ളിയും തകർത്തത് ഹൈക്കോടതിയുടെ ഉത്തരവില്ലാതെയെന്ന് വെളിപ്പെടുത്തൽ. പ്രദേശവാസികൾ നിസ്‌കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കോടതി നിർദേശപ്രകാരമാണ് മദ്‌റസ പൊളിക്കാൻ അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും നൈനിറ്റാൾ ജില്ലാ മജിസ്ട്രേറ്റും അവകാശപ്പെട്ടിരുന്നു. മാധ്യമങ്ങളും ഇതു തന്നെയാണ് പ്രചരിപ്പിച്ചത്.

എന്നാൽ,ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പിൽ അദ്ദേഹത്തിന്റെ ബഞ്ച് വിഷയം ഈ മാസം 14 ലേക്ക് പരിഗണിക്കാൻ മാറ്റിവെച്ചു എന്നാണ് കാണിക്കുന്നത്. എന്നാൽ, അടുത്ത ഹിയറിംഗിന് കാത്തു നിൽക്കാതെ കോർപറേഷൻ മദ്റസ പൊളിക്കുകയായിരുന്നു. ജനുവരി 30ന് പള്ളിയും മദ്‌റസയും പൊളിക്കുന്നതിന് കോർപറേഷൻ നോട്ടീസ് നൽകിയിരുന്നതായും കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും മുനിസിപൽ കമ്മീഷണർ പങ്കജ് ഉപാധ്യായ പറഞ്ഞു.
എന്നാൽ, ഈ വാദത്തെ എതിർത്ത സ്ഥലമുടമയായ മാലികിന്റെ അഭിഭാഷകൻ അഹ്‌റാർ ബേഗ് കോർപറേഷൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും തങ്ങൾക്ക് നോട്ടീസ് നൽകുകയോ സമയം നൽകുകയോ ചെയ്തിട്ടില്ലെന്നും ആരോപിച്ചു.

ഈ മാസം എട്ടിനാണ് 95 ശതമാനം മുസ്‌ലിംകൾ താമസിക്കുന്ന ഹൽദ്വാനി പട്ടണത്തിലെ ബൻഭൂൽപുരയിൽ മദ്റസയും നിസ്‌കാരത്തിന് ഉപയോഗിക്കുന്ന കെട്ടിടവും തകർത്തത്.
ബുൾഡോസറുമായെത്തി പൊളിച്ചുനീക്കുന്നത് പ്രദേശവാസികളായ സ്ത്രീകൾ ഉൾപ്പെടെ ചെറുത്തത് വൻ സംഘർഷത്തിന് വഴിവെച്ചിരുന്നു. തുടർന്ന് കല്ലേറും തീവെപ്പുമുണ്ടായി. സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ബൻഭൂൽപുരയുടെ കമ്പനി ബാഗ് പ്രദേശത്ത് മറിയം മസ്ജിദ് എന്നും അബ്ദുർ റസാഖ് സകരിയ മദ്റസ എന്നും വിളിക്കപ്പെടുന്ന കെട്ടിടങ്ങൾ 2002 ലാണ് നിർമിച്ചത്. അബ്ദുൽമാലികും ഭാര്യ സഫിയ മാലികുമാണ് ഇത് പരിപാലിച്ചിരുന്നത്. എന്നാൽ, സർക്കാർ ഭൂമി കൈയേറിയാണ് കെട്ടിടങ്ങൾ നിർമിച്ചതെന്ന് പറഞ്ഞാണ് ബുൾഡോസർ ഉപയോഗിച്ചു തകർത്തത്.



source https://www.sirajlive.com/the-mosque-and-madrasa-were-demolished-without-the-order-of-the-high-court.html

Post a Comment

Previous Post Next Post