മൃഗത്തിനല്ല, പ്രഥമ പരിഗണന മനുഷ്യന്

കേരളീയ സമൂഹത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നിയമസഭയില്‍ ഉയര്‍ന്നത്. വന്യജീവി ആക്രമണത്തിന് കേന്ദ്രത്തില്‍ നിന്ന് മതിയായ പരിഹാരം ആവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. വന്യജീവി നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ അക്രമിക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ് സമീപകാലത്ത്. ഇക്കാര്യത്തില്‍ പരിഹാരം തേടി സര്‍ക്കാര്‍ പലവുരു കേന്ദ്രത്തെ സമീപിച്ചിട്ടും കേന്ദ്രം നിസ്സംഗത പാലിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമസഭ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചത്.

ആറ് പതിറ്റാണ്ട് പഴക്കമുള്ളതാണ് നിലവിലുള്ള വന്യജീവി (സംരക്ഷണ) നിയമം. മനുഷ്യരുടെ കടന്നു കയറ്റം മൂലം കാടുകളിലെ ജീവജാലങ്ങള്‍ വേരറ്റു പോകാതിരിക്കാനും വനം കൊള്ള തടയാനുമായി 1972ലാണ് ഈ നിയമം കൊണ്ടുവന്നത്. അന്നത്തെ അപേക്ഷിച്ച് വന്യജീവികളുടെ എണ്ണത്തിലും അവയുടെ സഞ്ചാരത്തിലുമെല്ലാം ഗണ്യമായ മാറ്റങ്ങള്‍ വന്നു. മുന്‍കാലങ്ങളില്‍ കാട്ടിലേക്ക് കടന്നു ചെല്ലുന്ന മനുഷ്യരെ അക്രമിക്കുകയല്ലാതെ വന്യജീവികള്‍ നാട്ടിലിറങ്ങി വന്ന് ആളുകളെ കൊല്ലുകയും പരാക്രമം കാണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വിരളമായിരുന്നു. ഇന്ന് പക്ഷേ അതൊരു പതിവു സംഭവമായി മാറിയിരിക്കുകയാണ്. ദിനംപ്രതിയെന്നോണം റിപോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു ആന, കരടി, പുലി തുടങ്ങി കാട്ടുമൃഗങ്ങളുടെ മനുഷ്യവാസ പ്രദേശങ്ങളിലേക്കുള്ള ഇറക്കവും പരാക്രമങ്ങളും. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 909 പേരാണ് കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 7,492 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോടിക്കണക്കിനു രൂപയുടെ കൃഷികള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു.

വനത്തിന്റെ വാഹകശേഷിയേക്കാള്‍ കൂടുതലാണ് കേരളീയ വനങ്ങളിലെ കാട്ടുമൃഗങ്ങളുടെ എണ്ണം. 1913ലെ സെന്‍സസ് പ്രകാരം 4,300 ആനകളാണ് കേരളത്തിലെ വനങ്ങളില്‍ ഉണ്ടായിരുന്നത്. 2011ല്‍ ഇത് 7,400 ആയി. അതേസമയം വനത്തിന്റെ വിസ്തൃതി കുറയുകയുമാണ്. ഇന്ത്യയിലെ മൊത്തം ആനകളുടെ 20 ശതമാനവും രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 1.2 ശതമാനം മാത്രം വരുന്ന കേരളത്തിലാണ്. കടുവകളുടെ എണ്ണത്തിലുമുണ്ടായി വര്‍ധന. 12 വര്‍ഷത്തിനിടെ രാജ്യത്ത് കടുവകളുടെ എണ്ണം ഇരട്ടിയായെന്നാണ് 2023 ജനുവരിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രതിവര്‍ഷം ആറ് ശതമാനമാണ് കടുവകളുടെ വര്‍ധന. കേരളത്തിലുമുണ്ട് വര്‍ധന. വയനാട് മേഖലയിലെ കടുവകളുടെ എണ്ണത്തില്‍ പത്ത് വര്‍ഷത്തിനിടെ 50 ശതമാനം വര്‍ധനവുണ്ടായെന്നാണ് 2023 ഡിസംബറില്‍ കടുവാ സംരക്ഷണ അതോറിറ്റി വെളിപ്പെടുത്തിയത്. 77 ആയിരുന്നു നേരത്തേ മേഖലയിലെ കടുവകളുടെ എണ്ണം. ഇപ്പോള്‍ 120ല്‍ കൂടുതലുണ്ട്.

മറ്റു വന്യമൃഗങ്ങളുടെ എണ്ണത്തിലുമുണ്ട് വര്‍ധന. ഈ വര്‍ധനവാണ് കാട്ടുമൃഗങ്ങളുടെ കാടിറക്കം വര്‍ധിക്കാനും അക്രമം പെരുകാനും ഒരു കാരണം. വനത്തിന്റെ വാഹകശേഷിയേക്കാള്‍ എണ്ണം പെരുകുമ്പോള്‍ കാട്ടുമൃഗങ്ങള്‍ക്ക് വിഹരിക്കാനുള്ള സ്ഥലങ്ങള്‍ കുറയുകയും പരസ്പരമുള്ള അക്രമം വര്‍ധിക്കുകയും ചെയ്യും. അക്രമത്തില്‍ പരുക്കേല്‍ക്കുന്ന മൃഗങ്ങള്‍ക്ക് മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളെയും അക്രമിക്കാനുള്ള പ്രവണത കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാടിന്റെ വാഹകശേഷിക്കനുസൃതമായി കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുകയാണ് ഇതിനു പരിഹാരം. എണ്ണക്കൂടുതലുള്ള മേഖലകളില്‍ നിന്ന് കുറവുള്ള മേഖലകളിലേക്ക് മാറ്റുക, അക്രമകാരികളായ, പ്രശ്നമുണ്ടാക്കുന്ന ആനകളെയും ഇതര വന്യമൃഗങ്ങളെയും വെടിവെച്ചു കൊല്ലാന്‍ സാധ്യമാകുന്ന വിധത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുക എന്നിവയാണ് ഇതിനുള്ള പരിഹാരം.

വനപരിസരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കാട്ടുമൃഗങ്ങളെ കൊല്ലുന്നതില്‍ പരിശീലനം നല്‍കി, നാട്ടിലിറങ്ങി പരാക്രമം കാണിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ അവര്‍ക്ക് അനുവാദം നല്‍കാവുന്നതാണ്. ചില കര്‍ഷക സംഘടനകള്‍ നേരത്തേ ഈ നിര്‍ദേശം മുന്‍വെച്ചിരുന്നു. മൃഗങ്ങളെ കൊല്ലുന്ന കാര്യം പറയുമ്പോള്‍ മൃഗസ്നേഹികളും സംഘടനകളും രൂക്ഷമായ എതിര്‍പ്പുമായി രംഗത്തുവന്നെന്നിരിക്കും. മൃഗസ്നേഹം വേണ്ടത് തന്നെ. എന്നാല്‍ മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ യാതൊരു പോറലുമേല്‍ക്കാതെ സംരക്ഷിക്കണമെന്ന വാദം അംഗീകരിക്കാനാകില്ല. അത് കാട്ടുനീതിയാണ്. മനുഷ്യനോ മൃഗമോ എന്ന ചോദ്യമുയരുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് മനുഷ്യനു തന്നെയല്ലേ?

കൃഷിനാശമാണ് മലയോര നിവാസികള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം. ദിവസങ്ങളോളം കഠിനാധ്വാനം ചെയ്തും വായ്പകള്‍ സംഘടിപ്പിച്ചുമാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. വിളവെടുപ്പിന് അടുക്കുമ്പോള്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങി വന്ന് ഈ കൃഷികള്‍ പലപ്പോഴും നശിപ്പിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഇതുമൂലം വന്നുചേരുന്നത്. കാട്ടുപന്നികളാണ് കൂടുതലായും കൃഷി നശിപ്പിക്കുന്നത്. വന്‍തോതില്‍ പെറ്റുപെരുകുന്ന ജീവിയാണ് കാട്ടുപന്നികള്‍. അവയുടെ എണ്ണം വര്‍ധിച്ച് ജനവാസ കേന്ദ്രങ്ങളില്‍ വരെ കൂട്ടമായെത്തി കൃഷി നശിപ്പിക്കുകയും തങ്ങളുടെ സഞ്ചാര വഴിയില്‍ കാണപ്പെടുന്ന മനുഷ്യരെ അക്രമിച്ച് കൊല്ലുകയും ചെയ്യുന്നു.

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നതും മാരകമായ പരുക്കേല്‍ക്കുന്നതും പതിവു വാര്‍ത്തയായിട്ടുണ്ട്. ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാന്‍ അനുമതി നല്‍കിയാല്‍ ഈ പ്രശ്നം വലിയൊരളവോളം പരിഹരിക്കാനാകും. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന ജീവിയാണ് കാട്ടുപന്നി. ഇവയെ ഷെഡ്യൂള്‍ അഞ്ചില്‍ പെടുത്തിയാലേ നിയമപരമായി കൊല്ലാനാകൂ. നിയമസഭ അംഗീകരിച്ച പ്രമേയത്തിലെ ആവശ്യങ്ങളോട് കേന്ദ്രം അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ മലയോര നിവാസികളുടെയും കര്‍ഷകരുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും.

 



source https://www.sirajlive.com/humans-are-the-first-priority-not-animals.html

Post a Comment

Previous Post Next Post