എല്‍ കെ അദ്വാനിക്ക് ഭാരതരത്ന: വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകനുനേരെ ബി ജെ പി ആക്രമണം

പൂനെ | എല്‍ കെ അദ്വാനിക്ക് ഭാരതരത്ന നല്‍കിയതിനെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകന്‍ നിഖില്‍ വാങ്ക്ലെക്കുനേരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം.

നിഖില്‍ വാങ്ക്ലെ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതിനെച്ചൊല്ലിയാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. ആക്രമണം നടക്കുമ്പോള്‍ നിഖിലിന്റെ വാഹനത്തില്‍ അഭിഭാഷകന്‍ അസിം സരോഡെയും സാമൂഹ്യ പ്രവര്‍ത്തകന്‍ വിശ്വംഭര്‍ ചൗധരിയുമുണ്ടായിരുന്നു. മൂന്നുപേരും പുനെയിലെ നിര്‍ഭയ് ബാനോ പരിപാടിയില്‍ പങ്കെടുക്കാനായി യാത്രതിരിച്ചപ്പോഴായിരുന്നു ആക്രമണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയെയും അപകീര്‍ത്തിപ്പെ ടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നിഖില്‍ വാങ്ക്ലെയ്ക്കെതിരെ വെള്ളിയാഴ്ച പോലീസ് കേസെടുത്തിരുന്നു. ബി ജെ പി നേതാവ് സുനില്‍ ദിയോധര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്.

അദ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌നം നല്‍കുമെന്ന് ഫെബ്രുവരി മൂന്നിന് മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണു നിഖില്‍ വാങ്ക്ലെ മോദിയേയും അദ്വാനിയേയും വിമര്‍ശിച്ചിരുന്നത്.
നിഖില്‍ വാങ്ക്ലെയെ ഉള്‍പ്പെടെ പ്രാസംഗികനായി നിശ്ചയിച്ച നിര്‍ഭയ് ബാനോ പരിപാടിയ്ക്കുള്ള അനുമതി നിഷേധിക്കണമെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി പരാതി സമര്‍പ്പിച്ചിരുന്നു. ഇതേ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം നടന്നത്.

 



source https://www.sirajlive.com/bharat-ratna-for-lk-advani-bjp-attack-on-journalist-who-criticized-him.html

Post a Comment

أحدث أقدم