കോഴിക്കോട് | ഒന്നര വര്‍ഷത്തിന് ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്ന് ഈ വര്‍ഷത്തെ ഹജ്ജ് നടപടിക്രമങ്ങള്‍ വിലയിരുത്തി. 2022 ആഗസ്റ്റ് 17,18 തീയതികളില്‍ മുംബൈ ഹജ്ജ് ഹൗസിലാണ് അവസാനമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്നത്. 2023ല്‍ യോഗം നടന്നിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഈ മാസം എട്ടിന് വൈകിട്ട് 3.30ന് മുംബൈയിലെ ഹജ്ജ് ഹൗസില്‍ ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. സംസ്ഥാനത്ത് നിന്നുള്ള അംഗമായ സി മുഹമ്മദ് ഫൈസിയുള്‍പ്പെടെയുള്ളവർ പങ്കെടുത്തു.
ഈ വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍, 2022-23 വര്‍ഷത്തെ ഹജ്ജ് കമ്മിറ്റിയുടെ വാര്‍ഷിക കണക്ക് തുടങ്ങിയവയായിരുന്നു പ്രധാന അജന്‍ഡകള്‍.
ന്യൂനപക്ഷ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി(ഹജ്ജ്) യോഗത്തിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് നടപടികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പില്‍ വരുത്താന്‍ യോഗം തീരുമാനിച്ചു. ഇതുവരെയും യോഗം വിളിച്ചുചേര്‍ക്കാത്തത് കാരണം 2024 ഹജ്ജിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സാധാരണഗതിയില്‍ ഓരോ ഹജ്ജ് കഴിയുമ്പോഴും അവലോകന യോഗം ചേരാറുണ്ട്. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം ഇതും നടന്നിട്ടില്ല. ഈ വര്‍ഷത്തെ ഹജ്ജ് നടപടിക്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. യോഗം വിളിച്ചു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം നാലിനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ക്ക് കത്തയച്ചത്.
2022 ഏപ്രിലിലാണ് പുതിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിലവില്‍ വന്നത്. ചെയര്‍മാനും രണ്ട് വൈസ് ചെയര്‍പേഴ്‌സന്‍മാരും അടക്കം 12 പേരാണ് നിലവിലുള്ളത്. ഇതില്‍ തന്നെ നാല് പേര്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്. കേരളത്തില്‍ നിന്ന് സി മുഹമ്മദ് ഫൈസി മാത്രമാണ് കമ്മിറ്റിയിലുള്ളത്.
source https://www.sirajlive.com/after-a-year-and-a-half-the-central-hajj-committee-met.html
Post a Comment