വിധി നിര്‍ണയിക്കുന്നത് കള്ളപ്പണം

ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പ്രക്രിയ ആയാണ് തിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന പ്രക്രിയയാണ് നിലവില്‍ രാജ്യത്തെ തിരഞ്ഞെടുപ്പ്. ജനങ്ങളുടെ സ്വതന്ത്രമായ സമ്മതിദാനമല്ല, കള്ളപ്പണവും അഴിമതിയുമാണ് തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുന്നത്. വന്‍തോതിലാണ് തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പണത്തിന്റെ ഒഴുക്ക്. രാജ്യത്തെ രാഷ്ട്രീയ ചെലവുകള്‍ നിരീക്ഷിക്കുന്ന ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ (സി എം എസ്) നിരീക്ഷണമനുസരിച്ച് ഒരുലക്ഷത്തി ഇരുപതിനായിരം കോടിയിലെത്തും ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചെലവ്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ചെലവ് തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടിയായി ഉയരുകയാണ്. 30,000 കോടി രൂപയായിരുന്നു 2014ലെ തിരഞ്ഞെടുപ്പ് ചെലവ്. 2019ലെത്തിയപ്പോള്‍ ഇരട്ടിയായി 60,000 കോടിയിലെത്തി.

സി എം എസിന്റെ 2019ലെ തിരഞ്ഞെടുപ്പ് കണക്കനുസരിച്ച് ഓരോ ലോക്സഭാ മണ്ഡലത്തിലെയും ശരാശരി ചെലവ് 100 കോടിയിലേറെയാണ്. വോട്ടര്‍മാരുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഒരു വോട്ടര്‍ക്ക് 700 രൂപ. മൊത്തം ചെലവ് വരുന്ന സംഖ്യയില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിന് കമ്മീഷന്‍ വിനിയോഗിക്കുന്നത് ഇരുപത് ശതമാനമാണ്. 35 ശതമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിന് ചെലവിടുന്നു. ഇതിനു പുറമെയാണ് സ്ഥാനാര്‍ഥികള്‍ സ്വമേധയാ വിനിയോഗിക്കുന്ന പണം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍, വോട്ടര്‍മാര്‍ക്ക് കൈക്കൂലിയും മദ്യവും, ഗുണ്ടകളെ ഏര്‍പ്പെടുത്തല്‍, റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും വേദി നിറക്കാന്‍ ആളുകളെ വാടകക്കെടുക്കല്‍, കട്ടൗട്ടുകളും പോസ്റ്ററുകളും സ്ഥാപിക്കല്‍, കവറേജിനായി മാധ്യമങ്ങള്‍ക്ക് പണം നല്‍കല്‍ തുടങ്ങിയവക്കെല്ലാം വലിയ തോതില്‍ പണം ചെലവിടുന്നുണ്ട് മിക്ക സ്ഥാനാര്‍ഥികളും. ഇതില്‍ ഭൂരിഭാഗവും നിയമവിധേയമല്ലാത്ത കള്ളപ്പണമാണ്.

പ്രചാരണ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട് തിര. കമ്മീഷന്‍. വലിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു ലോക്സഭാ സീറ്റില്‍ പരമാവധി 95 ലക്ഷം രൂപയും ചെറിയ സംസ്ഥാനങ്ങളില്‍ പരമാവധി 70 ലക്ഷം രൂപയും മാത്രമേ ചെലവിടാവൂ എന്നാണ് കമ്മീഷന്‍ നിര്‍ദേശം. പൊതുയോഗങ്ങള്‍, റാലികള്‍, പോസ്റ്ററുകള്‍, പരസ്യങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി എല്ലാ ചെലവുകളും ഇതില്‍ ഉള്‍ക്കൊള്ളണം. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം ചെലവുകളുടെ വിശദമായ കണക്ക് കമ്മീഷന് സമര്‍പ്പിക്കേണ്ടതുണ്ട്. പ്രചാരണത്തിനു കൂടുതല്‍ തുക ചെലവിട്ടാല്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 10 എ പ്രകാരം മൂന്ന് വര്‍ഷം തടവിനു ശിക്ഷിക്കാം.

ഇതൊക്കെ പക്ഷേ കടലാസില്‍ മാത്രം. കോടികളാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചേര്‍ന്ന് ഓരോ മണ്ഡലത്തിലും വാരിയെറിയുന്നത്. പ്രമുഖര്‍ മത്സരിക്കുന്നയിടങ്ങളില്‍ വിശേഷിച്ചും. എങ്കിലും സ്ഥാനാര്‍ഥി സമര്‍പ്പിക്കുന്ന കണക്കില്‍ കമ്മീഷന്‍ നിര്‍ദേശിച്ച സംഖ്യയേ കാണുകയുള്ളൂ. എങ്കില്‍ ബാക്കി സംഖ്യയുടെ വരവും പോക്കുമെങ്ങനെ? തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ ഒഴുക്കിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കറന്‍സിയായി മാത്രമല്ല തിരഞ്ഞെടുപ്പ് മേഖലയില്‍ കള്ളപ്പണം എത്തുന്നത്. മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, വെള്ളി എന്നിങ്ങനെ പല വിധ വസ്തുക്കളായും എത്തുന്നുണ്ട്. പ്രഖ്യാപിത ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ 18 വരെയായി വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്തത് പണമുള്‍പ്പെടെ 115 കോടി രൂപ മൂല്യം വരുന്ന വസ്തുക്കളാണ്. രാജസ്ഥാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രവീണ്‍ ഗുപ്തയാണ് ഇത് വെളിപ്പെടുത്തിയത്.

രാജസ്ഥാനിലേക്ക് ഒഴുകുന്ന കണക്കില്‍ പെടാത്ത കള്ളപ്പണത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണിത്. പിടിക്കപ്പെടാത്ത കള്ളപ്പണം ഇതിന്റെ അനേക മടങ്ങ് വരും. ഇതുപോലെ എല്ലാ സംസ്ഥാനങ്ങളിലേക്കുമുണ്ട് കള്ളപ്പണത്തിന്റെ ഒഴുക്ക്. 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൊടകരയില്‍ നടന്ന കുഴല്‍പ്പണ കവര്‍ച്ച വന്‍ വിവാദമായതാണ്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കള്ളപ്പണം പാര്‍ട്ടിയിലെ തന്നെ ചിലര്‍ തട്ടിയെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാനത്ത് 40 കോടിയുടെ ഹവാല പണമെത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ ഇടപാട് കേസിലും പാഞ്ഞെത്തിയ ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍, കൊടകര കേസില്‍ കള്ളപ്പണം ബി ജെ പിയുടേതായതിനാല്‍ കേസില്‍ തലയിടാതെ പിന്‍വലിയുകയായിരുന്നു.

പാര്‍ട്ടി മുന്‍വെക്കുന്ന നയപരിപാടികളും നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ജനത്തിനു മുമ്പാകെ അവതരിപ്പിച്ച് തദടിസ്ഥാനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുകയെന്നതാണ് ജനാധിപത്യപരമായ പ്രചാരണ രീതി. ഇത് പക്ഷേ എന്നോ അന്യമായിക്കഴിഞ്ഞു. പകരം വോട്ടര്‍മാരെ വിലക്കെടുക്കുന്ന രീതിയാണ് സാര്‍വത്രികമായി കണ്ടുവരുന്നത്. ഈ വഴിവിട്ട പ്രചാരണ രീതിയാണ് പ്രചാരണ ചെലവ് വന്‍തോതില്‍ ഉയരാനും കള്ളപ്പണം രംഗം കൈയടക്കാനും ഇടയാക്കുന്നത്. അഴിമതിയുടെ വളര്‍ച്ചയിലും സുതാര്യമല്ലാത്ത ഈ പ്രചാരണ രീതിക്ക് പങ്കുണ്ട്. തിരഞ്ഞെടുപ്പിന് വിനിയോഗിച്ച ഉയര്‍ന്ന തുക തിരിച്ചു പിടിക്കാന്‍ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കൈക്കൂലി ഉള്‍പ്പെടെയുള്ള വക്രമാര്‍ഗങ്ങള്‍ വിനിയോഗിക്കേണ്ടി വരികയാണ്.

അഴിമതിരഹിത ഭരണമാണ് തിരഞ്ഞെടുപ്പുകളില്‍ ഓരോ പാര്‍ട്ടിയും വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ് കര്‍ശനമായി നിയന്ത്രിക്കുകയും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയും ചെയ്യാത്ത കാലത്തോളം അഴിമതി നിര്‍മാര്‍ജനം സാധ്യമല്ലെന്നു മാത്രമല്ല, അത് പൂര്‍വോപരി വര്‍ധിക്കുകയേ ഉള്ളൂ.

 

 

 



source https://www.sirajlive.com/black-money-dictates-fate.html

Post a Comment

Previous Post Next Post