കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കക്കയത്ത് കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപ നാളെ കൈമാറും

കോഴിക്കോട് | കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്‍ഷകന്‍ അബ്രഹാം മരിച്ച സംഭവത്തില്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപ നാളെ കൈമാറും.

മരിച്ച അബ്രഹാമിന്റെ കുടുംബവുമായി ജില്ലാ കലക്ടറും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഫോറസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം നാളെ രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തി ഉച്ചയോടെ സംസ്‌കരിക്കും. 50 ലക്ഷം രൂപയും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കാനുള്ള ശുപാര്‍ശയും സര്‍ക്കാരിന് നല്‍കും.

കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിച്ചു. കക്കയത്ത് കാട്ടുപോത്ത് ഇറങ്ങുന്ന രണ്ടര കിലോമീറ്ററില്‍ നാളെ ഫെന്‍സിങ് ആരംഭിക്കും. അബ്രഹാമിന്റെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നാളെ രാവിലെ 8 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടങ്ങും.

കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് സി സി എഫ് പുറത്തിറക്കിയ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കലക്ടറും എബ്രഹാമിന്റെ ബന്ധുക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നാളെ വൈകീട്ട് മൂന്നു മണിയോടെ കക്കയം പള്ളിയിലാണ് എബ്രഹാമിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

 



source https://www.sirajlive.com/10-lakh-rupees-will-be-handed-over-to-the-family-in-the-case-of-the-death-of-a-gourd-farmer-in-a-wild-buffalo-attack.html

Post a Comment

Previous Post Next Post