രാജ്യം ഒരിക്കല്‍ കൂടി ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവത്തിലേക്ക് നീങ്ങുകയാണ്. 543 മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. കേരളത്തില്‍ ഒറ്റ ഘട്ടമായി ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. സുദീര്‍ഘമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇത്തവണത്തേത്. അതത് കാലത്ത് ഭരിക്കുന്നവരുടെ നയസമീപനങ്ങള്‍ വിലയിരുത്തി യുക്തമെന്ന് തോന്നുന്നുവെങ്കില്‍ തുടര്‍ച്ച നല്‍കുകയും ജനവിരുദ്ധമെങ്കില്‍ വലിച്ചു താഴെയിടുകയും ചെയ്യാന്‍ വോട്ടെടുപ്പ് പ്രക്രിയക്ക് കെല്‍പ്പുണ്ടാകണം. സ്വേച്ഛാധിപത്യത്തെയും ഫ്യൂഡല്‍ വാഴ്ചയെയും കുടുംബവാഴ്ചയെയും ഫാസിസത്തെയും മതാന്ധതയെയും വര്‍ണവെറിയെയുമെല്ലാം ചെറുത്ത് തോല്‍പ്പിക്കാനും എല്ലാ തരം അതിക്രമങ്ങളെയും ഭരണവ്യവസ്ഥയില്‍ നിന്ന് അകറ്റിനിര്‍ത്താനും തിരഞ്ഞെടുപ്പ് പ്രക്രിയ പൗരന്‍മാര്‍ക്ക് അവസരമൊരുക്കുന്നുവെന്നാണ് സിദ്ധാന്തം. എന്നാല്‍ യാഥാര്‍ഥ്യം പലപ്പോഴും ഇങ്ങനെയായിരിക്കണമെന്നില്ല. മനുഷ്യരുടെ യഥാര്‍ഥ ജീവിത പ്രശ്‌നങ്ങള്‍ മറയ്ക്കാന്‍ പോന്ന അതിവൈകാരിക ആയുധങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തെടുക്കും. പണം വാരിയെറിഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണ മഹാമഹം ഒരുക്കും. വോട്ടര്‍മാരെ പണം നല്‍കി വശത്താക്കും. വോട്ടര്‍മാരെ വര്‍ഗീയമായി വിഭജിച്ചും വംശീയ വികാരം ആളിക്കത്തിച്ചും തിരഞ്ഞെടുപ്പിന്റെ അജന്‍ഡയെയാകെ അട്ടിമറിക്കുകയും ചെയ്‌തേക്കാം. ഇവ്വിധം സാധ്യമാകുന്ന ഭൂരിപക്ഷം ജനാധിപത്യപരമാണെന്ന് പറയാന്‍ സാധിക്കുമോ?
രാഷ്ട്രീയ രംഗത്തെ കോടികളുടെ ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇലക്ടറല്‍ ബോണ്ട് കേസില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കടപ്പത്രങ്ങള്‍ വഴി ഭരണകക്ഷി നേടിയെടുത്ത പണം മറ്റെല്ലാ പാര്‍ട്ടികളും കൂടി കരസ്ഥമാക്കിയതിന്റെ ഇരട്ടി വരും. കേന്ദ്ര ഏജന്‍സികളെ അയച്ച് ഭീഷണിപ്പെടുത്തുക, പിറകേ ഇലക്ടറല്‍ ബോണ്ടുകളില്‍ കോടികള്‍ വന്നുവീഴുക. ഇതാണ് സംഭവിച്ചത്. ഈ പണം ഏതെല്ലാം വഴികളില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്ന് കണ്ടറിയണം. ഇലക്ടറല്‍ ബോണ്ടുകളുടെ കാര്യത്തില്‍ സുപ്രീം കോടതിയെടുത്ത ധീരമായ നിലപാട് തിരഞ്ഞെടുപ്പ് കമ്മീഷനും മാതൃകയാക്കേണ്ടതാണ്. കമ്മീഷണര്‍മാരുടെ നിയമനത്തില്‍ കേന്ദ്രത്തിന്റെ മേല്‍ക്കൈ നിലനില്‍ക്കെ പക്ഷപാതിത്വത്തിന്റെ പഴിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കമ്മീഷന്‍ നന്നായി വിയര്‍ക്കേണ്ടി വരും.
ജനാധിപത്യവിരുദ്ധമായ നയനിലപാടുകള്‍ ജനാധിപത്യത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ച് തന്നെ ശക്തിയാര്‍ജിക്കുന്നതാണ് ഈയിടെ ഇന്ത്യയില്‍ കണ്ടുവരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ദുര്‍ബലമാക്കുകയാണ്. തികച്ചും മനുഷ്യത്വവിരുദ്ധമായ നയങ്ങള്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവര്‍ വോട്ടെടുപ്പുകളില്‍ വിജയിച്ചു വരുന്നുവെങ്കില്‍ അതിനര്‍ഥമെന്താണ്? ജനാധിപത്യം അക്കങ്ങളുടെ കളിയാകുകയും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് വിലകല്‍പ്പിക്കാത്തവര്‍ ഈ കളിയില്‍ ജയിക്കുകയും ചെയ്യുമ്പോള്‍ ഇരകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നിസ്വര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി നിലകൊള്ളുന്നവര്‍ എങ്ങനെ അതിജീവിക്കും? രാജ്യം ഒരിക്കല്‍ കൂടി ബൂത്തിലേക്ക് പോകുമ്പോള്‍ ഈ ചോദ്യങ്ങളാണ് ഓരോ വോട്ടര്‍മാരും ചോദിക്കേണ്ടത്. രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ഥികളാണ് ജയിച്ചുവരേണ്ടത്.
ജനാധിപത്യ പ്രക്രിയയില്‍ വോട്ടെടുപ്പിനോളം തന്നെ പ്രധാനമാണ് അതിന്റെ പ്രചാരണം. ജനങ്ങളെ രാഷ്ട്രീയ സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നതും തീരുമാനങ്ങളെടുക്കാന്‍ സജ്ജമാക്കുന്നതും തിരഞ്ഞെടുപ്പ് പ്രചാരണമാണ്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാര്‍ഥിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരിപാടികളും അവര്‍ മുന്നോട്ട് വെക്കുന്ന പ്രവര്‍ത്തന പദ്ധതികളും സമഗ്ര പരിശോധനക്കായി വരുന്നു. പ്രകടനപത്രികകളെ മുന്‍നിര്‍ത്തി വോട്ട് തേടുന്നുവെന്നാണ് സങ്കല്‍പ്പം. മുഴുവന്‍ പേരെയും രാഷ്ട്രീയ ജാഗ്രതയുള്ളവരാക്കുകയാണ് പ്രചാരണ കാലത്തിന്റെ യഥാര്‍ഥ ലക്ഷ്യം. അതുകൊണ്ടാണ് മതം, ജാതി തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രചാരണം സുപ്രീം കോടതി ശക്തമായി വിലക്കിയത്. പണക്കൊഴുപ്പും വ്യക്തിഹത്യയും തടയാനും ചട്ടങ്ങള്‍ എമ്പാടുമുണ്ട്. എന്നാല്‍ ഇത്തരം വിലക്കുകള്‍ക്ക് യാതൊരു വിലയുമില്ലെന്നതാണ് മുന്‍ അനുഭവങ്ങള്‍. കേന്ദ്രം ഭരിക്കുന്നവര്‍ പത്ത് വര്‍ഷത്തിനിടെ കൊണ്ടുവന്ന കശ്മീര്‍ വിഭജനം, മുത്വലാഖ് നിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവയെല്ലാം ലക്ഷ്യമിട്ടത് വര്‍ഗീയ ധ്രുവീകരണം തന്നെയായിരുന്നു. ഒടുവില്‍ സി എ എയുടെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബി ജെ പിയുടെ പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ രാമക്ഷേത്രമാണ്. പ്രധാനമന്ത്രി നേരിട്ട് കാര്‍മികനായി മാറിയ പ്രാണപ്രതിഷ്ഠാ ചടങ്ങ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി തന്നെയായി മാറിയിരുന്നു. അവിടെ നിന്നില്ല. ഗ്യാന്‍വാപിയടക്കമുള്ള പള്ളികളിലേക്ക് അവകാശവാദവും വ്യവഹാരവും നീണ്ടിരിക്കുന്നു.
ഈ വിഭജന തന്ത്രങ്ങളെ ശരിയായ രാഷ്ട്രീയം പറഞ്ഞു കൊണ്ട് തന്നെയാണ് പ്രതിപക്ഷ സഖ്യം മറികടക്കേണ്ടത്. വിദ്വേഷ, അപകീര്‍ത്തി പരാമര്‍ശങ്ങള്‍ എല്ലാവരും ഒഴിവാക്കണം. പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകള്‍ക്ക് നേരേ കടുത്ത നിലപാടെടുക്കുന്ന കമ്മീഷന്‍ ഭരണ പക്ഷത്തുള്ളവരോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇതുസംബന്ധിച്ച ചോദ്യത്തോട് തിരഞ്ഞെടുപ്പ് പ്രഖ്യാപന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ കമ്മീഷണര്‍ പ്രതികരിച്ചില്ലെന്നോര്‍ക്കണം. ജനങ്ങളുടെ വിശ്വാസപരവും ആചാരപരവുമായ വസ്തുതകള്‍ കണക്കിലെടുത്താണ് വോട്ടെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കാറുള്ളത്. ഇത്തവണ ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. കേരളത്തിലടക്കം നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് തീയതി വെള്ളിയാഴ്ചയാണ്. ജുമുഅ ദിവസത്തെ വോട്ടെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ഏജന്റുമാരായ വിശ്വാസികള്‍ക്കും വോട്ടര്‍മാര്‍ക്കും പ്രയാസം സൃഷ്ടിക്കും. ഈ ദിവസത്തെ വോട്ടെടുപ്പ് മാറ്റാന്‍ കമ്മീഷന്‍ തയ്യാറാകണം.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്. ഈ ലക്ഷ്യം തകര്‍ക്കുന്ന ഒരു പ്രവണതയും വകവെച്ച് കൊടുത്തുകൂടാ. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി, നിര്‍ഭയമായി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാം.
source https://www.sirajlive.com/election-should-be-fair.html
Post a Comment