തനത് വരുമാനം വര്‍ധിപ്പിച്ച് കടമെടുപ്പ് കുറക്കണം

കടമെടുപ്പ് സംബന്ധിച്ച കേന്ദ്രത്തിനെതിരായ ഹരജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടത് കേരളത്തിനു തിരിച്ചടിയായി. കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന കേരളത്തിന്റെ ഹരജിയാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി രണ്ടംഗ ബഞ്ച് ഭരണഘടനാ ബഞ്ചിലേക്ക് റഫര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ 10,000 കോടി കൂടി അനുവദിച്ച് ഇടക്കാലാശ്വാസം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി വിസമ്മതിക്കുകയും കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് കെടുകാര്യസ്ഥത മൂലമുണ്ടായ സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അധിക കടമെടുപ്പിന് അനുമതി നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിതരണം അവതാളത്തിലാകുമെന്നും അറിയിച്ചെങ്കിലും കോടതി കനിഞ്ഞില്ല. 10,000 കോടി രൂപയുടെ കടമെടുപ്പിനുള്ള അടിയന്തര സാഹചര്യമെന്തെന്ന് കോടതിയെ ബേധ്യപ്പെടുത്തുന്നതില്‍ കേരളത്തിന്റെ അഭിഭാഷകര്‍ പരാജയപ്പെട്ടു.

അതേസമയം വിഷയം ഭരണഘടനാ ബഞ്ചിനു വിട്ടത് കേരളത്തിനു മാത്രമല്ല, സംസ്ഥാനങ്ങള്‍ക്ക് പൊതുവെ ഗുണകരമായി ഭവിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആശ്വാസം കൊള്ളുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഭരണഘടനാ ബഞ്ചിന്റെ പരിഗണന സഹായകമാകുമെന്നും ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങളെ സംബന്ധിച്ച ഒരു കേസ് ഭരണഘടനാ ബഞ്ചിന് വിടുന്നത് ചരിത്രത്തില്‍ ആദ്യമാണ്. കേരളത്തിന്റെ ഹരജി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍വലിഞ്ഞ് 13,000 കോടി അനുവദിക്കാന്‍ കേന്ദ്രം തയ്യാറായതും കേരളത്തിന്റെ വിജയമായി കാണേണ്ടതുണ്ടെന്ന് മന്ത്രി പറയുന്നു.

നിലവിലെ വ്യവസ്ഥ പ്രകാരം സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാവുന്ന പരിധി. ഈ പരിധിയില്‍ കിഫ്ബിയും പെന്‍ഷന്‍ കമ്പനി എടുക്കുന്ന വായ്പയും ഉള്‍പ്പെടുത്തുന്നു കേന്ദ്രം. ഇതുകാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വായ്പ കേരളം പ്രതീക്ഷിച്ചിരുന്ന മൂന്ന് ശതമാനത്തില്‍ നിന്ന് 1.6 ശതമാനമായി കുറഞ്ഞു. കിഫ്ബിയും പെന്‍ഷന്‍ കമ്പനി എടുക്കുന്ന വായ്പയും മൂന്ന് ശതമാന പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തില്‍ കൈയിടുന്ന കേന്ദ്ര നടപടി തടയണമെന്നും ഹരജിയില്‍ കേരളം ഉന്നയിക്കുന്നു. ഇതടിസ്ഥാനത്തില്‍ പൊതുകടമെടുപ്പില്‍ എന്തെല്ലാം ഉള്‍പ്പെടുത്താം, കടമെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം, സംസ്ഥാനത്തിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത സംസ്ഥാനത്തിന്റെ കടമെടുപ്പിനെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഭരണഘടനാ ബഞ്ച് പരിശോധിക്കുക.
നിലവില്‍ കടമെടുപ്പാണ് സംസ്ഥാനത്തിന്റെ മുഖ്യ വരുമാന സ്രോതസ്സ്. റിസര്‍വ് ബേങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങള്‍ വിറ്റാണ് കടമെടുക്കുന്നത്. ബജറ്റടക്കം തയ്യാറാക്കുന്നത് ഇത് മുന്നില്‍ കണ്ടാണ.് കടമെടുപ്പില്‍ കേന്ദ്രം നിയന്ത്രണങ്ങളോ വെട്ടിക്കുറവോ വരുത്തിയാല്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാകും. പരിധി പരിഗണിക്കാതെയുള്ള അധിക കടം വഴിയാണ് അനുദിനം വര്‍ധിക്കുന്ന ഭരണപരമായ അധികച്ചെലവ് കേരളം പരിഹരിച്ചിരുന്നത്. കിഫ്ബി വഴി 14,497 കോടി അധിക കടമെടുത്തിട്ടുണ്ട് 2016-2020 വര്‍ഷ കാലയളവില്‍.

കടമെടുപ്പ് ഭരണതലങ്ങളില്‍ സാധാരണമാണ്. എന്നാല്‍ കടമെടുക്കുന്ന പണത്തിന്റെ വിനിയോഗത്തില്‍ അതീവ ശ്രദ്ധയും സൂക്ഷ്മതയും വേണം. അതില്ലാതെ പോയതാണ് സംസ്ഥാനം ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം. കിട്ടാവുന്നിടങ്ങളില്‍ നിന്നെല്ലാം കടം വാങ്ങി. തിരിച്ചടവിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുമില്ല. വിഭവവും മനുഷ്യശേഷിയും ഉണ്ടായിട്ടും വേണ്ടവിധം പ്രയോജനപ്പെടുത്തിയതുമില്ല. കടത്തില്‍ മുങ്ങിയിട്ടും ഭരണ തലത്തിലെ ആഡംബരത്തിനും ധൂര്‍ത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതുമില്ല. കടമെടുക്കുന്ന പണമെല്ലാം വിനിയോഗിക്കുന്നത് പ്രത്യുത്പാദനപരമല്ലാത്ത മേഖലകളിലും.

കടമെടുപ്പ് മാത്രമല്ല സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. നികുതി പിരിവ് ഊര്‍ജിതമാക്കുക, ടൂറിസം, വ്യവസായം പോലുള്ള മേഖലകള്‍ പരിപോഷിപ്പിക്കുക തുടങ്ങി മാര്‍ഗങ്ങള്‍ പലതും മുമ്പിലുണ്ട്. അയല്‍ സംസ്ഥാനങ്ങള്‍ നിക്ഷേപങ്ങളും അതുവഴി തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ കേരളത്തില്‍ തുടക്കം കുറിച്ച പദ്ധതികള്‍ പോലും ഇഴഞ്ഞു നീങ്ങുകയാണ്. നികുതി നല്‍കാനുള്ള ജനങ്ങളുടെ ശേഷിയില്‍ കേരളം ഒന്നാമതാണ്. 1972-73 കാലഘട്ടത്തില്‍ രാജ്യത്ത് ഗാര്‍ഹിക ഉപഭോഗത്തിന്റെ കാര്യത്തില്‍ എട്ടാം സ്ഥാനത്തായിരുന്നു കേരളം. 1983 ആയപ്പോഴേക്കും മൂന്നാം സ്ഥാനത്തും 1999-2000ത്തില്‍ ഒന്നാം സ്ഥാനത്തുമെത്തി. ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. ആഡംബര ഉത്പന്നങ്ങളുടെ ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ 10 ശതമാനവും ജനസംഖ്യയില്‍ മൂന്ന് ശതമാനം താഴെ മാത്രം വരുന്ന കേരളത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. നികുതി ശേഷിയില്‍ കേരളത്തിന്റെ അത്യുന്നത ശ്രേണിയാണിത് കാണിക്കുന്നത്.

അതേസമയം നികുതി ഉള്‍പ്പെടെയുള്ള കേരളത്തിന്റെ തനത് വരുമാനം കുറഞ്ഞു വരികയാണ്. 1957-67 കാലയളവില്‍ രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളുടെ തനത് വരുമാനത്തില്‍ 4.45 ശതമാനമായിരുന്നു കേരളത്തിന്റെ പങ്കാളിത്തം. ഇപ്പോഴത് 3.87 ശതമാനമായി കുറഞ്ഞു. നികുതി പിരിവിലൂടെ വിഭവ സമാഹരണം വര്‍ധിപ്പിക്കുന്നതില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് സംഭവിച്ച വീഴ്ചയാണ് കാരണം. ഇതുമൂലം സംഭവിച്ച റവന്യൂ കമ്മി പരിഹരിക്കാന്‍ കടമെടുപ്പിനെയാണ് ആശ്രയിച്ചത്. നികുതി പിരിവില്‍ വീഴ്ച വരുത്തിയാല്‍ പിന്നീട് അത് തിരിച്ചു പിടിക്കുക പ്രയാസമാണ്. കടം വാങ്ങിയാല്‍ പലിശ സഹിതം കൃത്യമായി തിരിച്ചടക്കുകയും വേണം. അതൊരു തീരാബാധ്യതയായി തീരും സംസ്ഥാനത്തിന്. സര്‍ക്കാറിന്റെ ഈ പിടിപ്പുകേടിന്റെ ഭാരം പേറേണ്ടി വരുന്നത് പൊതുജനമാണ്. തനത് വരുമാനം വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി കടമെടുപ്പ് കുറക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്.



source https://www.sirajlive.com/increase-own-income-and-reduce-borrowing.html

Post a Comment

أحدث أقدم