കച്ചത്തീവ് ബി ജെ പിക്ക് രാഷ്ട്രീയ ആയുധം

കച്ചത്തീവ് ദ്വീപാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന പ്രചാരണായുധം. ഉത്തരാഖണ്ഡിലെ രുദ്രപുരിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, കച്ചത്തീവിനെ ശ്രീലങ്കക്ക് വിട്ടുകൊടുത്ത മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി രംഗത്തു വന്നതോടെയാണ് ഇടവേളക്കു ശേഷം വിഷയം വാര്‍ത്തകളില്‍ വീണ്ടും ഇടം നേടിയത്. ദേശീയ താത്പര്യങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് ഒരു വിലയും കല്‍പ്പിച്ചില്ല, ഇന്ത്യയുടെ അഖണ്ഡതയും കെട്ടുറപ്പും താത്പര്യങ്ങളും തകര്‍ക്കുന്നതായിരുന്നു 75 വര്‍ഷമായുള്ള കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തന രീതിയെന്നാണ് കച്ചത്തീവ് വിട്ടുകൊടുത്തതിനെ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി കുറ്റപ്പെടുത്തുന്നത്. എത്ര ലാഘവത്തോടെയാണ് തന്ത്രപ്രധാനമായ ഈ ദ്വീപിനെ ഇന്ദിരാ ഗാന്ധി ശ്രീലങ്കക്ക് നല്‍കിയതെന്നും മോദി ചോദിക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് 23 കിലോമീറ്ററും ശ്രീലങ്കയില്‍ നിന്ന് 27 കിലോമീറ്ററും ദൂരെ സ്ഥിതി ചെയ്യുന്ന 285 ഏക്കര്‍ വിസ്തീര്‍ണമുള്ള ആള്‍താമസമില്ലാത്ത ചെറുദ്വീപാണ് കച്ചത്തീവ്. രാമനാഥപുരം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ദ്വീപില്‍ ഇന്ത്യയും ശ്രീലങ്കയും അവകാശമുന്നയിച്ചിരുന്നു. ഈ തര്‍ക്കം വര്‍ഷങ്ങളോളം നീണ്ടുനിന്നു. അതിനിടെയാണ് 1974ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് അന്നത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയുമായുള്ള ചര്‍ച്ചയില്‍, കച്ചത്തീവിനെക്കുറിച്ചുള്ള അവകാശവാദം ഇന്ത്യ ഉപേക്ഷിക്കാന്‍ ഇന്ദിരാ ഗാന്ധി സമ്മതിച്ചത്. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ ഇതിനെ ചോദ്യം ചെയ്യുകയും പ്രശ്‌നം കോടതി കയറുകയും ചെയ്തു. കച്ചത്തീവ് ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും ഇന്ത്യയുടേതല്ലാത്ത ഒരു ഭാഗം തിരിച്ചു പിടിക്കുന്നതെങ്ങനെയെന്നുമാണ് അന്ന് സര്‍ക്കാര്‍ കോടതിയോട് ചോദിച്ചത്.

ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ച അതിര്‍ത്തി കരാറിന്റെ മാതൃകയില്‍ തികച്ചും സൗഹൃദപരമായാണ് കച്ചത്തീവ് വിഷയത്തില്‍ ശ്രീലങ്കയുമായി കരാറുണ്ടാക്കിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതടിസ്ഥാനത്തില്‍ കോടതി പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കാനുള്ള രാഷ്ട്രീയ ആയുധമെന്ന നിലയിലാണ് പ്രധാനമന്ത്രി ഇപ്പോള്‍ പ്രശ്‌നമെടുത്തിട്ടത്. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ മത്സ്യത്തൊഴിലാളി വോട്ട് നിര്‍ണായകമാണ്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്യുന്നത് പതിവായിട്ടും മോദി സര്‍ക്കാര്‍ ഇടപെടുകയോ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് ഫലപ്രദമായ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കേന്ദ്രവിരുദ്ധ വികാരം ശക്തമാണ്. മത്സ്യത്തൊഴിലാളികളുടെ രോഷത്തെ അതിജീവിക്കുന്നതിനാണ്, ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ കച്ചത്തീവ് ശ്രീലങ്കക്കു വിട്ടുകൊടുത്തതാണ് പ്രശ്‌നത്തിനെല്ലാം കാരണമെന്ന് പ്രധാനമന്ത്രി വരുത്തിത്തീര്‍ക്കുന്നത്.

അല്ലാതെ ദേശീയ താത്പര്യത്തിന്റെ പേരിലല്ല. മാത്രമല്ല പത്ത് വര്‍ഷമായി അധികാരത്തിലിരുന്നിട്ടും കച്ചത്തീവിന്റെ മേല്‍ മോദി സര്‍ക്കാര്‍ അവകാശവാദമുന്നയിക്കുകയോ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തതുമില്ല.

തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ഭയമായും തടസ്സങ്ങളില്ലാതെയും മീന്‍പിടിക്കുന്നതിന് കച്ചത്തീവ് തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മോദിക്ക് കത്തയച്ചിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് വിക്രമസിംഗെയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം ഉന്നയിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിക്കുകയോ സ്റ്റാലിന്റെ കത്തിന് അനുകൂലമായി പ്രതികരിക്കുകയോ ചെയ്തില്ല നരേന്ദ്ര മോദി. മാത്രമല്ല, 1974ലെ കരാറിലൂടെ ദ്വീപ് ഇന്ത്യ ശ്രീലങ്കക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് 2015ല്‍ മോദി സര്‍ക്കാറിന്റെ കാലത്ത് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതുമാണ്.

ദേശീയത വേണ്ടതു തന്നെ. എന്നാല്‍ അത് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആയുധമാക്കുന്ന തരംതാണ രാഷ്ട്രീയക്കളി രാജ്യത്തിന് ഒരുഗുണവും ചെയ്യില്ലെന്നു മാത്രമല്ല, വിദേശകാര്യ-നയതന്ത്ര രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടിയതു പോലെ അത് രാജ്യത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുകയും ചെയ്‌തേക്കും.

കച്ചത്തീവ് ആയുധമാക്കിയുള്ള പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയക്കളി ബൂമറാംഗ് പോലെ തിരിച്ചടിക്കുകയും ഇന്ത്യക്ക് ദോഷകരമായി ഭവിക്കുകയും ചെയ്യുമെന്നാണ് മുന്‍ വിദേശ കാര്യസെക്രട്ടറിയും 1997-2000 കാലഘട്ടത്തില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ ഹൈക്കമ്മീ ഷണറുമായിരുന്ന ശിവശങ്കര്‍ മേനോന്റെ അഭിപ്രായം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രങ്ങളില്‍ ഉലച്ചിലുണ്ടാക്കുമെന്ന് മറ്റൊരു വിദേശകാര്യ സെക്രട്ടറിയും ഹൈക്കമ്മീ ഷണറുമായിരുന്ന നിരുപമ റാവു ആശങ്ക പ്രകടിപ്പിക്കുന്നു. കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് ഇത്തരം വിഷയങ്ങളില്‍ നിലപാട് മാറുന്നത് രാജ്യത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുകയും മോശം മാതൃക സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയുടെ പ്രതികരണം.

കച്ചത്തീവിന്റെ കാര്യത്തില്‍ കാണിക്കുന്ന താത്പര്യം മോദിയുടെ ഭരണകാലത്ത് ചൈന പിടിച്ചെടുത്ത പ്രദേശങ്ങളുടെ കാര്യത്തില്‍ പ്രകടിപ്പിക്കാത്തതെന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യവും പ്രസക്തമാണ്. ലഡാക്കില്‍ ചൈന കടന്നു കയറിയ പ്രദേശം ഇപ്പോഴും ചൈനയുടെ അധീനതയിലാണ്. അരുണാചലിലും ലഡാക്കിലും അഞ്ച് വര്‍ഷത്തിലേറെയായി ചൈന ഗ്രാമങ്ങളുണ്ടാക്കുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രതിരോധം.

 

 

 



source https://www.sirajlive.com/kachathiv-is-a-political-weapon-for-bjp.html

Post a Comment

أحدث أقدم