മുതഅല്ലിമുകള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം: സൈത്തൂന്‍ അക്കാദമി പ്രവേശന പരീക്ഷ നാളെ തുടങ്ങും

തിരുവനന്തപുരം | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ദഅ്വാ സിലബസിനോടൊപ്പം തീവ്ര സിവില്‍ സര്‍വീസ് പരിശീലനം കൂടി നല്‍കുന്ന തിരുവനന്തപുരം സൈത്തൂന്‍ അക്കാദമിയുടെ പ്രവേശന പരീക്ഷ ആദ്യഘട്ടം നാളെ കോഴിക്കോട് പട്ടുതെരുവ് മസ്ജിദ് സ്വഹാബ ക്യാമ്പസില്‍ നടക്കും. രണ്ടാം ഘട്ടം തിരുവനന്തപുരം സൈത്തൂന്‍ അക്കാദമിയില്‍ ഈ മാസം 21ന് നടക്കും.

എസ് എസ് എല്‍ സിക്ക് ശേഷം സപ്തവത്സര ദഅ്വ സിവില്‍ സര്‍വീസ് പ്രോഗ്രാമിലേക്കും പ്ലസ്ടുവിന് ശേഷമുള്ള പഞ്ചവത്സര ദഅ്വ സിവില്‍ സര്‍വീസ് പ്രോഗ്രാമിലേക്കുമാണ് പ്രവേശനം. പ്രവേശനം നേടുന്നവര്‍ക്ക് മതപഠനത്തോടൊപ്പം തിരുവനന്തപുരത്തെ പ്രധാന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളില്‍ തീവ്ര പരിശീലനത്തിനും അവസരമുണ്ടാകും. കോഴ്സ് പൂര്‍ണമായും സൗജന്യമാണ്.

സൈത്തൂന്‍ അക്കാദമി ഓണററി അക്കാദമിക് ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫിയുടെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം സൈഫുദ്ദീന്‍ ഹാജിയുടെയും നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഒരുപറ്റം വിദ്യാഭ്യാസ വിചക്ഷണരാണ് നേതൃത്വം നല്‍കുന്നത്. പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രസ്തുത ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് മുമ്പ് തന്നെ അതാതു ക്യാമ്പസുകളില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ സിദ്ദീഖ് സഖാഫി നേമം അറിയിച്ചു. കേരളത്തിനു പുറമെ വിവിധ ഗള്‍ഫു രാഷ്ട്രങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7510931300.

 



source https://www.sirajlive.com/civil-service-training-for-mutallims-saitoon-academy-entrance-exam-will-start-tomorrow.html

Post a Comment

Previous Post Next Post