കോഴിക്കോട് | നവോത്ഥാനത്തിന്റെ നൂറ്റാണ്ടാഘോഷത്തിലേക്ക് ഇനി ഒരാണ്ട് ദൂരം. കേരള മുസ്ലിം ജീവിതത്തെ പൊതുമണ്ഡലവുമായി ചേര്‍ത്തുനിര്‍ത്തി നടത്തിയ മഹാമുന്നേറ്റത്തിന്റെ നിര്‍വൃതിയുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നാളെ 99ാം പിറന്നാള്‍ ആഘോഷിക്കുന്നു. വിശ്വാസ വിഷയങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെല്ലാം കേരളത്തിലെ മുസ്ലിം സമുദായത്തെ വഴിനടത്തിയത് സമസ്തയാണ്. ചരിത്രത്തിലും വര്‍ത്തമാനത്തിലും കര്‍മ നൈരന്തര്യത്തിന്റെയും ആദര്‍ശ ജാഗ്രതയുടെയും കൈയൊപ്പ് പതിപ്പിച്ച പ്രസ്ഥാനത്തിന്റെ 99ാം ജന്മദിനം സമുചിതമായി ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ആഘോഷത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് കാലിക്കറ്റ് ടവറില്‍ സംസ്ഥാന പണ്ഡിത പ്രതിനിധി സമ്മേളനം നടക്കും. രാവിലെ 11ന് സമസ്ത പ്രസിഡന്റ്ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംസാരിക്കും.
മേഖലാ തലങ്ങളില്‍ രാവിലെ പത്തിന് കേന്ദ്ര മുശാവറ അംഗങ്ങളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രസ്ഥാന സംഗമം നടക്കും. 617 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ വൈകിട്ട് അഞ്ചിന് പ്രകടനവും സന്ദേശ പ്രഭാഷണവും നടക്കും. 2026ല്‍ സെന്റിനറി സമ്മേളനം വിപുലമായി ആഘോഷിക്കാന്‍ സമസ്ത തീരുമാനിച്ചിട്ടുണ്ട്.
source https://www.sirajlive.com/99-for-samasta-kerala-jamiatul-ulama-academic-conference-tomorrow.html
Post a Comment