കണ്ണൂർ | സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ നിത്യസംഭവമാകുമ്പോഴും ജലാശയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ യാതൊരു നടപടിയുമുണ്ടാകുന്നില്ല. കേരളത്തിൽ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്നത് ജലാശയങ്ങളിലാണ്. റോഡപകടങ്ങൾ കുറക്കാനും ഇല്ലാതാക്കാനും പോലീസും ട്രാഫിക് പോലീസും നിരന്തരം നിരീക്ഷിക്കുകയും ആവർത്തിക്കാതിരിക്കാനുള്ള പഠനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്രയധികം പേർ മരിച്ചിട്ടും കേരളത്തിലെ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ആസൂത്രിതമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടായിട്ടില്ലെന്നതാണ് സത്യം.
കേരളത്തിൽ വർഷത്തിൽ 1,600 ലധികം പേർ മുങ്ങിമരിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസവും നാലിൽ കൂടുതൽ ജീവനുകളാണ് വെള്ളത്തിൽ മുങ്ങി ഇല്ലാതാകുന്നതെന്ന് സാരം. മുങ്ങിമരണം തടയേണ്ടത് തത്്കാലം ആരുടെയും ഉത്തരവാദിത്വമല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താനാവുക തദ്ദേശ സ്ഥാപനങ്ങൾക്കാണ്. എന്നാൽ അതാതു സ്ഥാപനങ്ങളുടെ അധികാരപരിധിയിൽ എത്ര വെള്ളക്കെണികൾ ഉണ്ട് എന്ന കാര്യത്തിൽ ഒരു കണക്കും തദ്ദേശ സ്ഥാപനങ്ങളുടെയും പക്കലില്ല. മുങ്ങിമരണം തടയുക എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രവർത്തനവും കേരളത്തിൽ ഏറ്റെടുത്ത് നടത്തപ്പെട്ടിട്ടില്ല. അവധിക്കാലത്തെ മുങ്ങിമരണങ്ങളിൽ പലതും നടക്കുന്നത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികളിലും ക്വാറികളിലും ഒക്കെയാണ്. അവിടെ ഏതുഭാഗത്ത് എത്ര ആഴമുണ്ടാകും എന്ന കാര്യത്തിൽ ഒരു ധാരണയും ആർക്കുമുണ്ടാകാറില്ല.
കുട്ടികളുമായി ബന്ധപ്പെട്ട അപകടങ്ങൾ കൂടുതലും നടക്കുന്നത് അവധിക്കാലത്താണെന്നാണ് ചില പഠനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നത്. വെള്ളത്തിൽ വീണപ്പോൾ നീന്താനറിയാത്തതുകൊണ്ടാണ് കുട്ടികൾ മുങ്ങി മരിക്കുന്നതെന്നാണ് സ്വാഭാവികമായും ധരിക്കുകയെങ്കിലും പഠനം സൂചിപ്പിക്കുന്നത് നേരെ തിരിച്ചാണ്. നീന്തൽ അറിയാത്തവരേക്കാൾ കൂടുതലായി മുങ്ങി മരിക്കുന്നത് നീന്തൽ പഠിച്ചിട്ടുള്ളവരാണ് എന്നാണ്. ജലാശയങ്ങളുടെ അപരിചിതസ്വഭാവം തന്നെയാണ് കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നതിന്റെ പ്രധാന കാരണം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജലാശയങ്ങൾ കേന്ദ്രീകരിച്ച് സംരക്ഷണമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
മുങ്ങി മരണങ്ങൾ മഴക്കാലമായതോടെ വർധിക്കുകയാണ്. ഇത്തരത്തിൽ മരിക്കുന്നവരിൽ അധികവും കുട്ടികളുമാണ്. മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് നിരവധി കുട്ടികളാണ് മുങ്ങി മരിച്ചത്.
source https://www.sirajlive.com/no-action-to-ensure-safety-of-water-bodies-more-than-1600-people-drown-in-kerala-every-year.html
إرسال تعليق