ജമ്മുവില്‍ ഭീകരാക്രമണം; സൈനികന് വീരമൃത്യു

ശ്രീനഗര്‍ | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ഉധംപൂരില്‍ പട്രോളിംഗിനിടെ സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ സി ആര്‍ പി എഫ് ജവാന് വീരമൃത്യു. 187ാം ബറ്റാലിയനിലെ ഇന്‍സ്പെക്ടറായ കുല്‍ദീപ് സിംഗ് ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ഒരു സുരക്ഷാ സേനാംഗത്തിന് പരുക്കേറ്റു.

സി ആര്‍ പി എഫ് സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘത്തിനു നേരെ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഈ മാസം 14ന് ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെ സൈനിക ക്യാപ്റ്റന്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

2019ല്‍ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമാണ് ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സെപ്തംബര്‍ 18 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്.

 



source https://www.sirajlive.com/terror-attack-in-jammu-the-soldier-died-a-heroic-death.html

Post a Comment

أحدث أقدم