വിധിയെഴുത്ത് കാത്ത് ജമ്മു കശ്മീര്‍

പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം കുറിച്ചു കൊണ്ട് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വന്നു. പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഉന്നത ഐ പി എസ് ഉദ്യോഗസ്ഥരടക്കമുള്ള ഇരുനൂറോളം പോലീസുകാരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സ്ഥലം മാറ്റിയ നടപടി സംസ്ഥാനത്തെ ബി ജെ പി ഒഴികെയുള്ള പാര്‍ട്ടികള്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇത് ബി ജെ പിയെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷ ആരോപണം.

ജമ്മു കശ്മീരിനൊപ്പം ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കരുതിയതായിരുന്നു. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് ആവര്‍ത്തിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചത് ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളാണ്. നാല് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് ദുരൂഹമാണ്. ഹരിയാനയോടൊപ്പം മഹാരാഷ്ട്ര നിയമസഭയുടെയും കാലാവധി നവംബര്‍ 26ന് അവസാനിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്കേറ്റ തിരിച്ചടിയാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വൈകിക്കാന്‍ കാരണമെന്ന് സംശയിക്കുന്നവരുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജമ്മു കശ്മീരില്‍ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. സംസ്ഥാന പദവിയില്‍ നിന്ന് കേന്ദ്ര ഭരണപ്രദേശമായി മാറിയതാണ് ഒന്ന്. അര്‍ധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരമേ ജമ്മു കശ്മീരിനിപ്പോഴുള്ളൂ. 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. കൂടാതെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് ഈയിടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പോലീസ്, ക്രമസമാധാനം, അഖിലേന്ത്യാ സര്‍വീസ് തുടങ്ങി നിര്‍ണായക മേഖലകളില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടേതാണ് അവസാന വാക്ക്. തിരഞ്ഞെടുത്ത സര്‍ക്കാറും മുഖ്യമന്ത്രിയും അപ്രസക്തമാകുന്ന സ്ഥിതിയാണ്. മണ്ഡല പുനര്‍നിര്‍ണയവും വിവാദമായിരുന്നു. ബി ജെ പിക്ക് സ്വാധീനമുള്ള ജമ്മുവില്‍ ആറ് സീറ്റുകള്‍ അധികരിച്ചപ്പോള്‍ കശ്മീരില്‍ ഒരു സീറ്റാണ് വര്‍ധിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യ പ്രചാരണം ജമ്മു കശ്മീരിന് സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചു കിട്ടണമെന്നതായിരിക്കും. ഈ ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആറ് വര്‍ഷമായി ആവശ്യപ്പെട്ടുവരികയാണ്. ഈ ആവശ്യത്തിനായി പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നിലും കോടതി ഇടപെടലുണ്ട്. 2019 ആഗസ്റ്റിലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപ്പാക്കിയ 370ാം വകുപ്പ് റദ്ദാക്കിയ നടപടിക്കെതിരെയും നിരവധി പേര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി കേസ് ഭരണഘടനാ ബഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2023 ഡിസംബറില്‍ 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെക്കുകയാണ് ചെയ്തത്. ഇതോടൊപ്പം 2024 സെപ്തംബര്‍ 30നകം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എത്രയും വേഗം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ക്രമസമാധാന പാലനമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സമീപകാലത്തു നടന്ന തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് ഘട്ടം എന്നത് ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം ആശ്വാസപരമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്. നുഴഞ്ഞുകയറ്റക്കാരുടെ ഭീഷണികള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ച സംഭവം സംസ്ഥാനത്തുണ്ടായിട്ടുണ്ട്. 2014ല്‍ അഞ്ച്ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിനു മുമ്പ് തിരഞ്ഞെടുപ്പ് നടന്നത് ഏഴ് ഘട്ടങ്ങളിലായാണ്. കശ്മീര്‍ മേഖല നിലവില്‍ ഏതാണ്ട് ശാന്തമാണ്. ലെഫ്റ്റനന്റ്ഗവര്‍ണര്‍ മനോജ് സിന്‍ഹ തിരഞ്ഞെടുപ്പ് സമാധാനപരവും നീതിയുക്തവുമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2014 ഡിസംബറിലാണ്. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാനായില്ല. പി ഡി പി 28 സീറ്റും ബി ജെ പി 25 സീറ്റും നേടിയപ്പോള്‍ നാഷനല്‍ കോണ്‍ഫറന്‍സ് 15 സീറ്റിലും കോണ്‍ഗ്രസ്സ് 12 സീറ്റിലും വിജയിച്ചു. ബി ജെ പിയുമായി സഖ്യമുണ്ടാക്കി പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രൂപവത്കരിച്ചു. സംസ്ഥാന ചരിത്രത്തില്‍ ബി ജെ പിക്ക് പങ്കാളിത്തമുള്ള ആദ്യ സര്‍ക്കാര്‍ ആയിരുന്നു അത്. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത കാരണം സര്‍ക്കാറിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനായില്ല. 2018 ജൂണ്‍ 19ന് മെഹ്ബൂബ മുഫ്തി രാജിവെച്ചു. തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ടു. ആറ് വര്‍ഷമായി സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലാണ്.

ജമ്മു കശ്മീരില്‍ 83 നിയമസഭാ സീറ്റുകളാണുണ്ടായിരുന്നത്. മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനു ശേഷം സീറ്റുകള്‍ 90 ആയി വര്‍ധിച്ചു. ജമ്മു മേഖലയില്‍ 43ഉം കശ്മീര്‍ മേഖലയില്‍ 47ഉം സീറ്റുകളാണുള്ളത്. 90 സീറ്റുകളില്‍ 74 എണ്ണം പൊതു സീറ്റുകളാണ്. 16 എണ്ണം സംവരണ സീറ്റുകളാണ്. ഇത്തവണ രണ്ട് സംവരണ സീറ്റുകള്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.

1951 മുതല്‍ 2002 വരെ സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും നാഷനല്‍ കോണ്‍ഫറന്‍സും ആയിരുന്നു. നിലവില്‍ ജമ്മു മേഖലയിലെ പ്രമുഖ പാര്‍ട്ടി ബി ജെ പിയും കോണ്‍ഗ്രസ്സും ആണ്. ഈ പാര്‍ട്ടികള്‍ക്ക് പുറമെ സംസ്ഥാനത്ത് മെഹ്ബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി), സജ്ജാദ് ലോണിന്റെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അല്‍ത്താഫ് ബുഖാരിയുടെ ജെ ആന്‍ഡ് കെ അപ്നി പാര്‍ട്ടി, മുന്‍ കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി ഡി പിയില്‍ നിന്ന് വേര്‍പിരിഞ്ഞ് രൂപവത്കരിച്ച അല്‍ത്താഫ് ബുഖാരിയുടെ ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി അനന്തനാഗ്-രജൗരി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ മത്സരിച്ചെങ്കിലും രണ്ടിടത്തും മൂന്നാം സ്ഥാനത്തായിരുന്നു. ഗുലാം നബി ആസാദിന്റെ പാര്‍ട്ടിക്കും വേരോട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇവരെ കൂടാതെ ചില മതസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകാറുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണിയിലെ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സ് മുന്നോട്ടു വെച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് ഒരു പരീക്ഷണമായിരിക്കും. മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നിട്ടു നില്‍ക്കാനായത് 29 സീറ്റുകളിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ ബി ജെ പിയും നാഷനല്‍ കോണ്‍ഫറന്‍സും രണ്ട് സീറ്റുകള്‍ വീതം നേടിയപ്പോള്‍ ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ജയിലില്‍ കിടന്ന് ജനവിധി തേടിയ എന്‍ജിനീയര്‍ റാശിദാണ് ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്കിലെ ഏക സീറ്റില്‍ ജയിച്ചതും സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.

 



source https://www.sirajlive.com/jammu-and-kashmir-waiting-for-verdict.html

Post a Comment

أحدث أقدم