തിരുവനന്തപുരം | കെ ടി ഡി സി ചെയര്‍മാനും സി പി എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ സി പി എം അന്വേഷണ കമ്മീഷന്റെ ഗുരുതര കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് കെ ടി ഡി സി ചെയര്‍മാന്‍ പദവി നഷ്ടപ്പെടും.
ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടികള്‍. ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു.
പാര്‍ട്ടി ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. സി പി എം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടില്‍ നിന്ന് 10 ലക്ഷവുമാണ് പി കെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. എന്‍ എന്‍ കൃഷ്ണദാസ് ഒഴികെ എല്ലാവരും ശശിയെ കൈവിട്ടതോടെയാണ് നടപടിയിലേക്ക് എത്തിയത്.
അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ശശിയെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തു.
source https://www.sirajlive.com/pk-sasi-will-lose-the-post-of-ktdc-chairman.html
إرسال تعليق