കോഴിക്കോട് | തിരുനബി(സ്വ)യെ സ്നേഹിക്കുന്നതും പിന്‍പറ്റുന്നതും ആവിഷ്‌കാരങ്ങളിലൂടെ ആ സ്നേഹം പ്രകടിപ്പിക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണെന്നും നബി(സ്വ)യുടെ ജീവിതവും ദര്‍ശനവും വിളംബരം ചെയ്യുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കാന്‍ ഏവരും മുന്നോട്ടുവരണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ ആഹ്വാനം ചെയ്തു.
ലോകത്ത് അറിയപ്പെട്ട പണ്ഡിതരെയും സാദാത്തുക്കളെയും പ്രകീര്‍ത്തന സംഘങ്ങളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ മുന്‍കാലങ്ങളിലെ മീലാദ് സമ്മേളനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. കേരളത്തില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരാചാരമാണ് മൗലിദ് എന്ന വാദം അപ്രസക്തമാകുന്നത് ഇങ്ങനെയാണ്. ആ അര്‍ഥത്തില്‍ മീലാദ് സമ്മേളനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും സാന്നിധ്യംകൊണ്ട് പരിപാടി വിജയകരമാക്കാനും എല്ലാവരും തയ്യാറാകണമെന്ന് സമസ്ത സാരഥികളായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
നഗരിയില്‍ മധുരം വിളമ്പാന്‍ കോഴിക്കോട്
കോഴിക്കോട് | അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിനെത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ക്കും ശ്രോതാക്കള്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ മുന്നോട്ടുവന്ന് കോഴിക്കോട് ജില്ലാ സുന്നി പ്രവര്‍ത്തകര്‍. മൗലിദുകളും തിരുനബി കീര്‍ത്തനങ്ങളും ആലാപനം ചെയ്യുന്ന വേദികളില്‍ ചീരണി വിതരണം ചെയ്യുന്ന വിശ്വാസി പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് മധുരം നല്‍കാന്‍ പ്രവര്‍ത്തകരും വീട്ടമ്മമാരും സ്വമേധയാ ഒരുങ്ങുന്നത്. വിവിധ തരം അപ്പങ്ങള്‍ക്കും പലഹാരങ്ങള്‍ക്കും പേരുകേട്ട കോഴിക്കോടിന്റെ രുചിവൈവിധ്യം വിദൂര ദിക്കുകളില്‍ നിന്നെത്തുന്നവരെ ആസ്വദിപ്പിക്കാന്‍ നബിദിനാഘോഷങ്ങളുടെ ഭാഗമായ നല്ലൊരു വേദി ലഭിച്ച സന്തോഷത്തിലാണ് കടുംബങ്ങള്‍.
മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, കൊടുവള്ളി, ഫറോക്ക്, പൂനൂര്‍, കുന്ദമംഗലം സോണുകളുടെ നേതൃത്വത്തിലാണ് മധുര പലഹാരങ്ങള്‍ ശേഖരിക്കുക. പലഹാരങ്ങള്‍ക്കൊപ്പം ചായ നല്‍കുന്നതിനായി കോഴിക്കോട് പുതിയങ്ങാടി ചീനേടത്ത് മഹല്ല് കമ്മിറ്റി 400 ലിറ്റര്‍ പാലും നല്‍കും. കൊവിഡ് ഇടവേളയ്ക്ക് ശേഷം നഗരത്തില്‍ വിരുന്നെത്തുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തെ തങ്ങളാലാവും വിധം വരവേല്‍ക്കാന്‍ ഉത്സാഹിക്കുകയാണ് കോഴിക്കോട്ടെ സുന്നി സമൂഹം.
അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കും
മലപ്പുറം | നാളെ (25 ബുധന്‍) വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് സ്വപ്ന നഗരിയില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ യൂണിറ്റില്‍ നിന്നും പ്രത്യേക വാഹനങ്ങളിലായി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലെത്തും.
മീലാദ് സമ്മേളനം വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹിമാന്‍ സഖാഫി , വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സി കെയു മൗലവി മോങ്ങം, പി കെ മുഹമ്മദ് ബശീര്‍ പടിക്കല്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, യൂസുഫ് ബാഖവി മാറഞ്ചേരി, കെ പി ജമാല്‍ കരുളായി, ബഷീര്‍ ചെല്ലക്കൊടി പങ്കെടുത്തു.
source https://www.sirajlive.com/be-a-part-of-the-international-milad-conference-samasta-leadership.html
Post a Comment