ശബരിമലയിലെ കാണിക്ക വഞ്ചി മോഷണം: പ്രതി അറസ്റ്റില്‍

പത്തനംതിട്ട | ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസില്‍ തമിഴ്നാട് സ്വദേശിയെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി ജില്ലയില്‍, കീലസുരണ്ട എന്ന സ്ഥലത്ത് താമസിക്കുന്ന മുരുകന്റെ മകന്‍ സുരേഷ് (32) ആണ് അറസ്റ്റിലായത്.

ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുന്‍ഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരുന്ന കാലയളവില്‍ ആഗസ്റ്റ് 20ന് സന്നിധാനത്തെ വഞ്ചി കുത്തിപ്പൊളിച്ച് ഇയാള്‍ പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. നട അടച്ച ശേഷം സംഭവം ശ്രദ്ധയില്‍പെട്ട ദേവസ്വം ബോര്‍ഡ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രത്യേക സംഘം രൂപവത്കരിച്ചാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കന്നിമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു. അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്.

വര്‍ഷങ്ങളായി എല്ലാ മാസവും ശബരിമലയില്‍ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഈ മാസം ശബരിമലയിലെത്തിയില്ല. തിങ്കളാഴ്ച പുലര്‍ച്ചയോടെ തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള സുരണ്ട എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണസംഘം വിദഗ്ധമായി കുടുക്കി. തുടര്‍ന്ന് പമ്പ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും, കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

റാന്നി ഡിവൈ എസ് പി. ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്‍, എസ് ഐ. കെ വി സജി, എസ് സി പി ഒമാരായ സൂരജ് ആര്‍ കുറുപ്പ്, ഗിരിജേന്ദ്രന്‍, സി പി ഒമാരായ അനു എസ് രവി, വി എം അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 



source https://www.sirajlive.com/show-boat-theft-in-sabarimala-accused-arrested.html

Post a Comment

Previous Post Next Post