സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി വൈകുന്നു; കുടിവെള്ള ലോബി ഇടപെടുന്നതായി സംശയം

പത്തനംതിട്ട | ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിലേക്കുള്ള കുടിവെള്ള പദ്ധതി വൈകിപ്പിക്കുന്നതിന് കുടിവെള്ള ലോബി ഇടപെടുന്നതായി സംശയം. നവംബര്‍ 10ന് മുമ്പ് പദ്ധതിയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് നിലയ്ക്കലില്‍ എത്തിക്കാന്‍ കഴിയുമെന്ന് പമ്പയില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രി വി എന്‍ വാസവനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണികള്‍ ഏറെ തീരാനുണ്ട്. നിലവില്‍ 65 ശതമാനം പൂര്‍ത്തിയായി. നിലയ്ക്കലില്‍ വലിയ മൂന്ന് കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കുകളില്‍ ഒന്നു മാത്രമാണ് പൂര്‍ത്തിയാകാറായത്. മുകളിലെ സ്ലാബിന്റെ പണി പുരോഗമിക്കുകയാണ്. മറ്റ് രണ്ട് വാട്ടര്‍ ടാങ്കുകളുടെ കോണ്‍ക്രീറ്റിംഗിനുള്ള കമ്പികള്‍ കെട്ടുന്ന ജോലികളാണ് നടക്കുന്നത്. എന്നാല്‍ ഈ തീര്‍ഥാടന കാലത്തെങ്കിലും പദ്ധതി പൂര്‍ത്തിയാകുമോ എന്നുള്ളതാണ് ഇപ്പോഴുയരുന്ന സംശയം.

ആങ്ങമൂഴി തത്തയ്ക്കാമണ്ണില്‍ രണ്ടും പ്ലാപ്പള്ളിയില്‍ ഒന്നും പമ്പ് ഹൗസുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും മോട്ടോറുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി കണക്ഷന് അനുമതി കിട്ടാനുണ്ട്. 175 ഹോര്‍സ് പവറുള്ള മോട്ടോറുകളാണ് സ്ഥാപിക്കുന്നത്. സീതത്തോട്ടില്‍ കക്കാട്ടാറില്‍ നിന്ന് വെള്ളം ശേഖരിച്ച് പ്ലാന്റില്‍ ശുദ്ധീകരിച്ച് തത്തക്കാമണ്ണിലെയും പ്ലാപ്പള്ളിയിലെയും പമ്പ് ഹൗസുകളിലെ ടാങ്കില്‍ എത്തിക്കും. അവിടെ നിന്ന് നിലയ്ക്കലിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിച്ചാണ് വിതരണം. 2016ല്‍ ആരംഭിച്ചതാണ് പദ്ധതി. 200 കോടി രൂപയോളമാണ് പദ്ധതിയുടെ ചെലവ്.

130 കോടിയുടെതാണ് പദ്ധതി. മൂന്നു വര്‍ഷമാണ് കാലപരിധി നിശ്ചയിച്ചിരുന്നത്. നിലയ്ക്കലില്‍ പൂര്‍ത്തിയാകാനുള്ളത് 20 ലക്ഷം ലിറ്റര്‍ വീതം സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളാണ്.

പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ എട്ടുവര്‍ഷത്തോളമായി ഇഴഞ്ഞുനീങ്ങുകയാണ്. കരാര്‍ ഏറ്റെടുത്തയാള്‍ പണി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വരുത്തിയതുകൊണ്ട് പദ്ധതി തടസ്സപ്പെട്ടു. പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍, കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു. കോയമ്പത്തൂര്‍ ആസ്ഥാനമായ ആര്‍ പി പി കമ്പനിയാണ് ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്നത്.

26 കിലോമീറ്റര്‍
സീതത്തോട്ടില്‍ കക്കാട്ടാറില്‍ നിന്ന് 26 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ വഴി നിലയ്ക്കലില്‍ എത്തിക്കുന്നതാണ് പദ്ധതി. സീതത്തോട്, പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും പൈപ്പ്ലൈനില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കാം. 4,500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടും.

തുരങ്കം വയ്ക്കുന്നത് കുടിവെള്ള ലോബി
നിലയ്ക്കല്‍ കുടിവെള്ള പദ്ധതിക്ക് തുടക്കം മുതല്‍ തുരങ്കം വയ്ക്കുന്നത് കുടിവെള്ള ലോബിയാണ്. പമ്പയില്‍ നിന്ന് ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നതാണ് നിലവിലെ രീതി. 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് ടാങ്കറുകളിലൂടെ എത്തിക്കുന്നത്. ഇതിന് കോടികളുടെ കരാറാണ് നല്‍കുന്നത്.

 



source https://www.sirajlive.com/seethath-nilakkal-drinking-water-project-delayed-suspicion-of-involvement-of-drinking-water-lobby.html

Post a Comment

Previous Post Next Post