പറക്കും മുന്പ് പൊള്ളാത്ത ഭക്ഷണം

ന്യൂഡൽഹി | വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് താങ്ങാവുന്ന വിലയിൽ ഭക്ഷണങ്ങളും പനീയങ്ങളും ലഭ്യമാക്കുന്നതിന് പുതിയ ഇക്കോണമി സോൺ കേന്ദ്ര സർക്കാർ പരിഗണനയിൽ. വിമാനത്താവളങ്ങളിൽ ഭക്ഷണത്തിന് അമിത വിലയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പദ്ധതി ആലോചിക്കുന്നത്.
വിമാനത്താവളത്തിലെ റസ്റ്റോറന്റുകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക ഇക്കണോമി സോണുകളിൽ ഇരിപ്പിട ക്രമീകരണങ്ങൾ ഉണ്ടായിരിക്കില്ല. യാത്രക്കാർ കൗണ്ടറുകളിൽ നിന്ന് ഭക്ഷണം ശേഖരിക്കുകയും ഫാസ്റ്റ് ഫുഡ് ടേബിളിൽ നിന്ന് കഴിക്കുകയും വേണം. ടേക്ക് എവേ സൗകര്യവും ഏർപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രാലയം സൂചിപ്പിച്ചു.
ഇത് സംബന്ധിച്ച സിവിൽ വ്യോമയാന മന്ത്രിയുടെ നേതൃത്വത്തിൽ പല തവണ ചർച്ചകൾ നടത്തിയതായും ഇക്കോണമി സോണുകളുടെ പ്രവർത്തനം ആരംഭിക്കാൻ സമവായത്തിലെത്തിയിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ), വിമാനത്താവളങ്ങളിലെ ഫുഡ് ഔട്ട്‌ലെറ്റുകൾ, മറ്റ് ഏജൻസികൾ എന്നിവയുമായി ചർച്ചകൾ തുടരുകയാണ്.
ആദ്യ ഘട്ടത്തിൽ പുതുതായി നിർമിക്കുന്ന വിമാനത്താവളങ്ങളിലാണ് ഇത്തരം സോണുകൾ വരിക. തുടർന്ന് മറ്റ് വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
എയർപോർട്ട് ഔട്ട്‌ലെറ്റുകളിൽ വിൽക്കുന്ന ഭക്ഷണ സാധനങ്ങൾക്ക് പ്രത്യേക നികുതി ഉൾപ്പെടെ അമിത വിലയാണ് ഈടാക്കുന്നത്. ഇത് പല യാത്രക്കാരെയും ഭക്ഷണം ഒഴിവാക്കാൻ നിർബന്ധിതരാക്കുന്നുവെന്ന ആക്ഷേപം സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമാണ്. പരാതികൾ വ്യാപകമായതോടെയാണ് നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.



source https://www.sirajlive.com/uncooked-food-before-flying.html

Post a Comment

Previous Post Next Post