മണിപ്പൂര്‍ ഇന്ത്യയിലല്ലേയെന്ന ചോദ്യം രാജ്യമാകെ മുഴങ്ങുമ്പോഴും ധിക്കാരപരമായ നിസ്സംഗത തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. വംശീയ കലാപമെന്ന് വിളിച്ചതില്‍ നിന്ന് രാഷ്ട്രീയ കലാപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണോയെന്ന് സംശയിക്കാവുന്ന നിലയിലാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് വരുന്ന രൂപമാറ്റം. ഡ്രോണുകളും വിദൂര നിയന്ത്രിത ബോംബുകളും ഉപയോഗിക്കുന്നുവെന്നത് മാത്രമല്ല സംഘര്‍ഷത്തെ കൂടുതല്‍ അപകടകരമാക്കുന്നത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ പക്ഷം ചേരുന്നുവെന്ന നേരത്തേ ഉയര്‍ന്ന ആരോപണം കൂടുതല്‍ ബലപ്പെടുത്തുന്നു പുതിയ സംഘര്‍ഷം. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലെ ബോരോബെക്രയില്‍ സി ആര്‍ പി എഫ് ജവാന്മാരുടെ വെടിയേറ്റ് 11 കുകി ആയുധധാരികളാണ് മരിച്ചത്. ഏറ്റുമുട്ടലില്‍ സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കുകി ആയുധധാരികള്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് വെടിയുതിര്‍ത്തതെന്ന് സി ആര്‍ പി എഫ് വൃത്തങ്ങള്‍ പറയുന്നു. ഈ പ്രദേശത്ത് കഴിഞ്ഞയാഴ്ച ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവര്‍ വീട് ആക്രമിച്ച് ബലാത്സംഗം ചെയ്തിരുന്നു. ഇവരെ വീടിനുള്ളിലിട്ട് അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ ദാരുണ സംഭവത്തില്‍ ഫലപ്രദമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാതെ വന്നതോടെയാണ് പ്രകോപിതരായ കുകി വിഭാഗം സി ആര്‍ പി എഫിനെയും പോലീസിനെയും നേരിടാനിറങ്ങിയതെന്നാണ് ആരോപണം. ഏതായാലും സംഘര്‍ഷം വ്യാപിക്കുക തന്നെയാണ്. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇതേ പ്രദേശത്ത് നിന്ന് ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. ഈ ആക്രമണ, പ്രത്യാക്രമണത്തിന് ഒരു അറുതിയില്ലേ? സമ്പൂര്‍ണമായ അരാജകത്വത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാറുകള്‍ക്ക് ഒന്നും ചെയ്യാനില്ലേ? മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ പദവിയില്‍ നിന്ന് മാറ്റണമെന്ന് ബി ജെ പി. എം എല്‍ എമാര്‍ തന്നെ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തത് എന്തുകൊണ്ടാണ്? “വടക്കു കിഴക്കന്‍ മേഖലയെ കാരുണ്യപൂര്‍വം നോക്കി’യെന്ന് ഇടക്കിടക്ക് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിപ്പൂരില്‍ ഒന്നു പോകാന്‍ പോലും സമയമില്ലാത്തതെന്താണ്? ശക്തമായ കേന്ദ്ര സര്‍ക്കാറുണ്ടെന്നും സംസ്ഥാനം കൂടി ബി ജെ പി ഭരിക്കുന്നതിനാല്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാറാണെന്നും അവകാശപ്പെടുന്നവര്‍ക്ക് മണിപ്പൂര്‍ വിഷയത്തില്‍ എന്ത് മറുപടിയാണ് പറയാനുള്ളത്?
കഴിഞ്ഞ ദിവസം 11 പേര്‍ സി ആര്‍ പി എഫ് വെടിവെപ്പില്‍ മരിച്ചതിന് പിറകെ കുകി- സോ വിഭാഗത്തില്‍ നിന്നുള്ള എം എല്‍ എമാര്‍ പുറത്തിറക്കിയ പ്രസ്താവന പ്രശ്‌നത്തിന്റെ മര്‍മത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. മുഖ്യമന്ത്രി ബിരേന്‍ സിംഗ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഈ പ്രസ്താവന പുറപ്പെടുവിച്ച പത്ത് എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവരില്‍ ആറ് പേരും ബി ജെ പിക്കാരാണെന്നോര്‍ക്കണം. കുകി വിഭാഗവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെന്നും പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചുവെന്നും സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. 2023 മെയില്‍ സംസ്ഥാനത്ത് സംഘര്‍ഷം തുടങ്ങിയത് മുതല്‍ മുഖ്യമന്ത്രി കുകി പ്രതിനിധികളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. സംഘര്‍ഷത്തിന്റെ യഥാര്‍ഥ സൂത്രധാരനായ അദ്ദേഹത്തെ ഇനിയൊട്ട് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പക്ഷം ചേര്‍ന്നുവെന്ന് സംശയിക്കാവുന്ന ഓഡിയോ ക്ലിപ്പ് നേരത്തേ പ്രചരിച്ചിരുന്നു. ഇതിന്റെ ആധികാരികത തെളിഞ്ഞിട്ടില്ലാത്തതിനാല്‍ മുഖവിലക്കെടുക്കേണ്ടതില്ലെങ്കിലും വംശീയതക്കപ്പുറം വര്‍ഗീയത കൂടി ഉള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയടക്കം ഔദ്യോഗിക സംവിധാനം ഒരു ഭാഗത്തേക്ക് ചായുന്നുണ്ടെന്നും സംശയിക്കാവുന്ന നാള്‍വഴിയാണ് മണിപ്പൂര്‍ സംഘര്‍ഷത്തിനുള്ളത്. നിഷ്പക്ഷമായി പ്രവര്‍ത്തിച്ചിരുന്ന അസം റൈഫിള്‍സ് ബറ്റാലിയനുകളെ മാറ്റി കൂടുതല്‍ സി ആര്‍ പി എഫുകാരെ നിയോഗിച്ചതും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്.
മേഖലാപരമായ അസന്തുലിതാവസ്ഥയില്‍ നിന്നാണ് തുടങ്ങിയത്. താഴ്‌വരയില്‍ കഴിയുന്ന മെയ്‌തെയ് വിഭാഗത്തിന് വാരിക്കോരി വികസനം. പര്‍വത മേഖലയിലെ കുകികള്‍ക്ക് അവഗണന. പിന്നെയത് വംശീയതയിലേക്ക് വഴിമാറി. ബി ജെ പി സര്‍ക്കാറിന്റെ വിവേചനപരമായ സമീപനങ്ങളാണ് സംഘര്‍ഷത്തിന്റെ പ്രത്യക്ഷ കാരണമായത്. പക്ഷപാതപരമായി മെയ്‌തെയ്കളെ പിന്തുണക്കുകയും ഏറെയും ക്രിസ്തുമത വിശ്വാസികളായ കുകികളെ എല്ലാ അര്‍ഥത്തിലും തഴയുകയുമാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മെയ്‌തെയ് വിഭാഗത്തെ പട്ടിക വര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശം സംഘര്‍ഷത്തിന് അടിയന്തര കാരണമായി. ഈ സംവരണ നയം തങ്ങളുടെ വാസമേഖലയായ പര്‍വത, വനാതിര്‍ത്തി മേഖലയിലേക്ക് മെയ്‌തെയ്കള്‍ കടന്നു കയറുന്നതിന് ഇടയാക്കുമെന്ന് സ്വാഭാവികമായും കുകി, നാഗാ വിഭാഗങ്ങള്‍ ഭയന്നു. കുകികള്‍ക്കിടയിലെ ചില തീവ്ര ഗ്രൂപ്പുകള്‍ ഇത് അവസരമായെടുത്തു. കുകികളെ നുഴഞ്ഞുകയറ്റക്കാരും വനം കൊള്ളക്കാരുമായി ചിത്രീകരിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. വനഭൂമി സര്‍വേ നടത്തുന്നതിന്റെ യഥാര്‍ഥ ലക്ഷ്യം തങ്ങളെ സ്വന്തം ഭൂപ്രദേശത്തു നിന്ന് കുടിയൊഴിപ്പിക്കലാണെന്ന് കുകി സംഘടനകള്‍ കരുതി. സംസ്ഥാനത്ത് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവും അവരെ പ്രകോപിപ്പിച്ചു.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മെയ്‌തെയ്- കുകി സംഘര്‍ഷത്തിന്റെയും സംശയത്തിന്റെയും തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന കലാപമെന്ന ആഖ്യാനം ഇനി വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ അവിടെ നടക്കുന്നത് വര്‍ഗീയ കലാപം തന്നെയാണ്. ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നത്. ചര്‍ച്ചുകളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. ഈ സംഘര്‍ഷം വഷളാക്കിയതിലെ രാഷ്ട്രീയവും വര്‍ഗീയതയും ചര്‍ച്ച ചെയ്യാതെ വംശീയ പ്രശ്‌നം മാത്രമാണെന്ന ആഖ്യാനം ആവര്‍ത്തിക്കുന്നതില്‍ ഒരര്‍ഥവുമില്ല. തിരഞ്ഞെടുപ്പ് വിജയത്തിനായി മനുഷ്യരെ പലതട്ടായി തിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയ കൗശലങ്ങളാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. അതുകൊണ്ട് ആ നയം തിരുത്തി ഇരു പക്ഷത്തെയും വിശ്വാസത്തിലെടുത്ത് മാത്രമേ യഥാര്‍ഥ പരിഹാരത്തിലേക്ക് നീങ്ങാനാകൂ.
source https://www.sirajlive.com/manipur-center-39-s-indifference-is-brazen.html
Post a Comment