ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി; മന്ത്രി വിളിച്ച സുപ്രധാന യോഗം ഇന്ന്

തിരുവനന്തപുരം | ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള ഉന്നതതലയോഗം ഇന്നു വൈകിട്ട് അഞ്ചിന് ചേരും. അധ്യാപകരുടെ സ്വകാര്യ ട്യൂഷനില്‍ സര്‍ക്കാര്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടറിഞ്ഞ ശേഷമായിരിക്കും പോലീസ് നടപടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സാധ്യതയുണ്ട്.

ഏത് തരത്തിലുള്ള അന്വേഷണമായിരിക്കും വിഷയത്തില്‍ നടക്കാന്‍ പോവുക എന്നതില്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ അന്തിമ തീരുമാനമാകും. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അധ്യാപകരുണ്ടെങ്കില്‍ അവര്‍ക്കെതിരായ കര്‍ശന നടപടിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച ഉടന്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് സൈബര്‍ സെല്ലിനും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. ആ നിലയിലുള്ള അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.

പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്ണിലെ ഗണിത പരീക്ഷയുടെയും ക്രിസ്മസ് പരീക്ഷാ ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായ എം എസ് സൊല്യൂഷന്റെ യുട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേ ദിവസം പ്രഡിക്ഷന്‍ എന്ന നിലയില്‍ ചോദ്യപേപ്പര്‍ പ്രത്യക്ഷപ്പെട്ടത്. എം എസ് സൊലൂഷന്‍സിനെതിരെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഓണപ്പരീക്ഷ സമയത്ത് പരാതി ഉയര്‍ന്നിരുന്നു.

 



source https://www.sirajlive.com/action-taken-on-question-paper-leak-minister-calls-important-meeting-today.html

Post a Comment

Previous Post Next Post