പതിവ് പോലെ ഈ വര്‍ഷവും ചോര്‍ന്നിരിക്കുന്നു പൊതുപരീക്ഷാ ക്ലാസ്സുകളിലെ ചോദ്യപേപ്പര്‍. അര്‍ധവാര്‍ഷിക പരീക്ഷക്കുള്ള പത്താം ക്ലാസ്സ് ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോര്‍ന്നത്. പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പറിന്റെ മാതൃക ഒരു സ്വകാര്യ യൂട്യൂബ് ചാനലിലൂടെ പുറത്തു വന്നതോടെയാണ് ചോര്‍ത്തിയ കാര്യം പുറംലോകമറിയുന്നത്. ചോദ്യത്തിന്റെ ക്രമം പോലും തെറ്റാതെയാണ് ചാനലില്‍ ഇത് വന്നത്. പത്താം ക്ലാസ്സ് പരീക്ഷയുടെ ചോദ്യങ്ങളില്‍ 70 ശതമാനത്തിലേറെയും ചാനല്‍ പുറത്തുവിട്ട ചോദ്യങ്ങളിലുണ്ട്. ഫോണിലൂടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും വിദ്യാര്‍ഥികള്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെയാണ് ചോര്‍ച്ച അധ്യാപകരുടെ ശ്രദ്ധയില്‍ വന്നത്.
പതിവു സംഭവമാണ് സംസ്ഥാനത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച. കഴിഞ്ഞ വര്‍ഷം ഓണപ്പരീക്ഷാ വേളയില്‍ പത്താം ക്ലാസ്സ് ചോദ്യങ്ങള്‍ ചോര്‍ന്നിരുന്നു. 2017ല്‍ എസ് എസ് എല്‍ സി പരീക്ഷക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലിലെ ഒരു അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍ അതേപടി മലപ്പുറത്തെ ഒരു ട്യൂഷന്‍ സെന്ററിനു ലഭിച്ചു. 2016ല്‍ എസ് എസ് എല്‍ സി ഐ ടി പരീക്ഷാ പേപ്പര്‍ ചോര്‍ന്നു. ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് 2005ലെ എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ച്ച. പരീക്ഷാഭവനിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥന്‍ അടക്കം ചേര്‍ന്ന ഒരു ലോബിയാണ് അന്ന് ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്തിരുന്ന ചെന്നൈയിലെ അച്ചടിശാലയിലെ തൊഴിലാളിയെ കൂട്ടുപിടിച്ച് ചോര്‍ത്തിയത്. ഈ കേസിലെ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുണ്ടായി തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി.
യൂട്യൂബ് ചാനലിന് ചോദ്യപേപ്പര്‍ ലഭിച്ച സംഭവത്തില്‍ സ്വകാര്യ സ്‌കൂളുകളില്‍ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്ക് പങ്കുള്ളതായി സംശയിക്കപ്പെടുന്നു. ചോദ്യപേപ്പര്‍ “മാതൃക’ പുറത്തുവിട്ട ചാനല്‍ കാണാന്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന വിവരം ഈ സന്ദേഹത്തിന് ആക്കം കൂട്ടുന്നു. ഇതടിസ്ഥാനത്തില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ട്യൂഷനെടുക്കുന്ന സര്‍ക്കാര്‍ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമഗ്ര അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന ഉന്നതതല യോഗം ഇത്തരം അധ്യാപകര്‍ക്ക് നല്‍കേണ്ട ശിക്ഷാ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല.
വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം. എവിടെയാണ് സുരക്ഷാവീഴ്ച സംഭവിച്ചതെന്ന് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി ചോദ്യപേപ്പര്‍ തയ്യാറാക്കിയവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോര്‍ച്ച സംഭവിക്കുകയില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതേസമയം ആരാണ് ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കുക പ്രയാസകരമാണെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പക്ഷം. സമഗ്രശിക്ഷാ കേരളം (എസ് എസ് കെ) ഡയറ്റുകളാണ്, ക്ലാസ്സുകളില്‍ അതാത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഉപയോഗിച്ച് ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷക്കുള്ള ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത്. എസ് എസ് കെ തന്നെയാണ് ഇത് അച്ചടിച്ച് വിതരണം ചെയ്യുന്നതും. അധ്യാപകരും അനധ്യാപകരുമായി നിരവധി പേര്‍ പങ്കാളികളാകുന്ന ഈ പ്രക്രിയക്കിടെ, ചോര്‍ത്തുന്നവരെ കണ്ടെത്തുക ദുഷ്‌കരമാണ്. പേപ്പര്‍ തയ്യാറാക്കുന്നതു മുതല്‍ അച്ചടിശാല, ചോദ്യങ്ങള്‍ എത്തുന്ന സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ചോര്‍ച്ചക്ക് സാധ്യതയുണ്ട്.
എസ് സി ഇ ആര്‍ ടി സംഘടിപ്പിക്കുന്ന ശില്‍പ്പശാലയാണ് പ്ലസ്‌വണ്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്. ഓരോ ഗ്രൂപ്പിലും എട്ട് വരെ അധ്യാപകരും പുറമെ എസ് സി ഇ ആര്‍ ടി ഉദ്യോഗസ്ഥരുമുണ്ടാകും. ഇവര്‍ തയ്യാറാക്കുന്ന രണ്ട് ചോദ്യപേപ്പറില്‍ നിന്ന് ഒന്നിന്റെ പ്രിന്റിംഗ് കേരളത്തിനു പുറത്തെ പ്രസ്സിലായിരിക്കും. ഇവിടെ നിന്ന് തന്നെയാണ് പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ചോദ്യപേപ്പര്‍ എത്തിക്കുന്നതും. വാട്‌സ്ആപ്പും ഇ മെയിലുമെല്ലാം ഉപയോഗിച്ച് നടത്തുന്ന ഈ പ്രക്രിയയില്‍ പൊതുപരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ പാലിക്കുന്ന കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടാറില്ല.
ഗുരുതര പ്രശ്‌നമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച. സംസ്ഥാനത്തെ സ്‌കൂള്‍ പഠനനിലവാരത്തെക്കുറിച്ച് പുറംനാടുകളിലും വിദേശ രാജ്യങ്ങളിലും മതിപ്പുകേട് സൃഷ്ടിക്കാന്‍ ഇത് ഇടവരുത്തും. അധ്വാനിച്ചു പഠിക്കുന്ന കുട്ടികളില്‍ നിരാശയും സൃഷ്ടിക്കും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണ് ചോര്‍ച്ചയെന്നാണ് അധ്യാപക സംഘടനകളുടെ പക്ഷം.
ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്നതാണ് നിരന്തരം ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദ്യോഗതലത്തിലെ കുറ്റവാളികള്‍ക്ക് പരമാവധി ലഭിക്കുന്ന ശിക്ഷ സസ്‌പെന്‍ഷനാണ്. ദിവസങ്ങള്‍ക്കുള്ളില്‍ അവരെ തിരച്ചെടുക്കുകയും ചെയ്യും. 2005ലെ ചോര്‍ച്ചയില്‍ മാത്രമാണ് പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ലഭ്യമായത്. അന്വേഷണം സി ബി ഐ ഏറ്റെടുത്തതിനെ തുടര്‍ന്നായിരുന്നു അത്. ചോദ്യപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്കും പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികളും മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കണം. ചോദ്യപേപ്പര്‍ തയ്യാറാക്കല്‍, വിതരണം എന്നീ പ്രക്രിയകളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
source https://www.sirajlive.com/is-question-paper-leakage-a-common-occurrence.html
Post a Comment