അമേരിക്കയില്‍ പഠന വിസ; പത്തര ലക്ഷം തട്ടിയ യുവതി പിടിയില്‍

പത്തനംതിട്ട | വിദേശ പഠനത്തിന് വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 10,40,288 രൂപ കൈക്കലാക്കിയ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കോളശ്ശേരില്‍ വീട്ടില്‍ രാജേഷ് ബാബുവിന്റെ ഭാര്യ കെ കെ രാജി (40) യാണ് പിടിയിലായത്.

ഇവര്‍ ഇതുകൂടാതെ സമാന രീതിയിലുള്ള നാല് വിശ്വാസവഞ്ചന കേസുകളില്‍ കൂടി മുമ്പ് പ്രതിയായിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ ഒരുകേസും തിരുവല്ല സ്റ്റേഷനില്‍ തന്നെ മൂന്നു കേസുകളുമാണുള്ളത്. കര്‍ണാടക മംഗലാപുരം ബാല്‍ത്തങ്കടി ഓഡില്‍നാളയില്‍ നിന്ന് ചുനക്കര തെക്കെടത്ത് വീട്ടില്‍ താമസിക്കുന്ന വിഷ്ണു മൂര്‍ത്തി എം കെ ഭട്ടിന്റെ പരാതിയില്‍ തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

ഇദ്ദേഹത്തിന്റെ മകള്‍ക്ക് യു എസ്സില്‍ ഉപരിപഠനത്തിന് വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. 2022 ഏപ്രില്‍ 14 ന് യുവതി താമസിച്ചുവന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടില്‍ വച്ച് ആദ്യം നാലര ലക്ഷം രൂപ നല്‍കി. തുടര്‍ന്ന്, 21 മുതല്‍ പലപ്പോഴായി ഭട്ടിന്റെ വെച്ചൂചിറയിലെ സെന്‍ട്രല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പ്രതിയുടെ റാന്നി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴിയും അക്കൗണ്ട് മുഖേനയും 5,90,288 കൈമാറി. വിസ തരപ്പെടുത്തികൊടുക്കുകയോ തുക തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചു എന്നാണ് കേസ്.
ഈ വര്‍ഷം ഓഗസ്റ്റ് 24 നാണ് ഭട്ട് തിരുവല്ല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എസ് സി പി ഓ സുശീല്‍ കുമാര്‍ മൊഴി രേഖപ്പെടുത്തി. എസ് ഐ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ച് പരിശോധിച്ചതില്‍, പ്രതി പണം കൈപ്പറ്റിയതായി വെളിപ്പെട്ടു.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പ്രതിയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. പല സ്ഥലങ്ങളിലും വാടകക്കും മറ്റും മാറിമാറി താമസിച്ചുവരികയായിരുന്നു പ്രതി. വ്യാപകമാക്കിയ അന്വേഷണത്തിനൊടുവില്‍ മഞ്ഞാടിയില്‍ യുവതി വാടകക്ക് താമസിക്കുന്നതായി വിവരം ലഭിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ എസ് ഐ മുഹമ്മദ് സാലിഹ്, എസ് സി പി ഒ മനോജ്, സി പി ഒ പാര്‍വതി എന്നിവരടങ്ങുന്ന അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇന്നലെ ഉച്ചക്ക് രണ്ടരക്ക് വീടിനു സമീപത്തുനിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറില്‍ യാത്രക്കിടെയാണ് പിടികൂടിയത്. കാര്‍ പോലീസ് പിടിച്ചെടുത്തു.

വൈദ്യപരിശോധക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. പോലീസ് ഇവരുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ എ ഐ എം എസ് ട്രാവല്‍സ് എന്നപേരില്‍ സ്ഥാപനം നടത്തുന്നുണ്ടെന്നും എയര്‍, ബസ് ടിക്കറ്റുകള്‍, വിദേശപഠന വിസകള്‍ എന്നിവ തരപ്പെടുത്തി കൊടുക്കുന്നുണ്ടെന്നും മറ്റും പ്രതി വെളിപ്പെടുത്തി. ഭട്ടിനെ പരിചയപ്പെട്ടശേഷം മകള്‍ക്ക് വിദേശപഠനം നേടികൊടുക്കുന്നതിനു പണം കൈപ്പറ്റിയതായി സമ്മതിച്ചു. വിസ നല്‍കുകയോ പണം തിരികെകൊടുക്കുകയോ ചെയ്തില്ലെന്ന് പ്രതി സമ്മതിച്ചു. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞശേഷം, പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല ഡിവൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

 



source https://www.sirajlive.com/study-visa-in-america-woman-arrested-for-embezzling-rs-10-5-lakh.html

Post a Comment

أحدث أقدم