നഗരനയ റിപോര്‍ട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ കേരളം

തിരുവനന്തപുരം | കേരള നഗരനയ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ടിന്മേല്‍ സാമൂഹിക ചര്‍ച്ചകളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്തി നഗരനയത്തിന് അന്തിമരൂപം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ്. കേരളം മുഴുവന്‍ ഒരു നഗരമായി വികസിക്കുന്ന സ്ഥലപരമായ പ്രവണതകള്‍ വിലയിരുത്തിയാണ് നയശിപാര്‍ശകള്‍ രൂപവത്കരിക്കുന്നത്. രാജ്യത്ത് നഗരനയ റിപോര്‍ട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

ബെല്‍ഫസ്റ്റ്, ക്വീന്‍സ് സര്‍വകലാശാലയിലെ ഡോ. എം സതീഷ് കുമാര്‍ അധ്യക്ഷനായ കമ്മീഷനാണ് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി മാത്രമേ നഗരവത്കരണ നടപടികള്‍ സാധ്യമാവുകയുള്ളൂ. നഗരവത്കരണത്തെ സമഗ്രതയില്‍ കണ്ടുകൊണ്ടുള്ള സമീപനമാണ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും റിപോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനായി തുടര്‍ചര്‍ച്ചകള്‍ നടത്തും. യു എന്‍ ഹാബിറ്റാറ്റ്, യുനിസെഫ്, ലോകാരോഗ്യ സംഘടന, സെപ്റ്റ്, അര്‍ബന്‍ ഇക്കോണമി ഫോറം, ജി ഐ ഇസഡ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ്, നിംഹാന്‍സ്, സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഡല്‍ഹി, ഭോപ്പാല്‍, വിജയവാഡ, എന്‍ ഐ ടി കോഴിക്കോട്, സി ഇ ടി തിരുവനന്തപുരം, ടി കെ എം കൊല്ലം, ഗോഖലേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സ്, ജാമിയ മിലിയ ഇസ്‌ലാമിയ, ഐ ഐ എസ് ടി തിരുവനന്തപുരം, ആക്ഷന്‍ എയിഡ്, പാര്‍ട്ടിസിപ്പേഷന്‍ റിസര്‍ച്ച് ഇന്‍ ഏഷ്യ, ജനാഗ്രഹ ബെംഗളൂരു, ഐ ഡി എഫ് സി ഫൗണ്ടേഷന്‍, സി എസ് ഇ എസ് കൊച്ചി, ആരോഗ്യ സര്‍വകലാശാല, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍, ഡിജിറ്റല്‍ യൂനിവേഴ്സിറ്റി, കില എന്നീ സ്ഥാപനങ്ങളാണ് നഗരനയ കമ്മീഷനു വേണ്ടി പഠനം നടത്തിയത്.

എല്‍ എസ് ജി ഡിക്കു പുറമെ ടൂറിസം, പൊതുമരാമത്ത് വകുപ്പ്, ആസൂത്രണ ബോര്‍ഡ്, ജലവിഭവ വകുപ്പ്, ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, കേരള ഖരമാലിന്യ മാനേജ്മെന്റ് പ്രോജക്ട്, റവന്യൂ വകുപ്പ്, വനിതാ ശിശുക്ഷേമം, ഭവന നിര്‍മ്മാണം തുടങ്ങി വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി.

സി ഐ ഐ കേരള, ക്രെഡായ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ച്ചര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനിംഗ്, ബില്‍ഡേഴ്സ് അസ്സോസിയേഷന്‍, ഐ എം എ എന്നിങ്ങനെ നഗര ജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ നഗര തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലുള്ള പങ്കാളികള്‍, പ്രതിനിധികള്‍ എന്നിവരുമായി കമ്മീഷന്‍ ആശയ വിനിമയം നടത്തി. 200 പഠനങ്ങളും റിപോര്‍ട്ടുകളും കഴിഞ്ഞാഴ്ച കിലയില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. ഒരാഴ്ചയിലേറെ നീണ്ടുനിന്ന യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ക്ക് പുറമെ വിവിധ മേഖലകളിലെ വിദഗ്ധരും വിഷയങ്ങള്‍ അവതരിപ്പിച്ചു. ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി നടന്ന ദീര്‍ഘവും കാര്യമാത്രപ്രസക്തവുമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് റിപോര്‍ട്ട് തയ്യാറാക്കിയത്.

സെന്‍സസ് ഡാറ്റ അനുസരിച്ച് 2035 ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവത്കരിക്കപ്പെടുമെന്ന സാഹചര്യത്തിലാണ് കേരളത്തിനായി പ്രത്യേക നഗരനയം രൂപവത്കരിക്കാന്‍ തിരുമാനിച്ചത്. 2023 ഡിസംബറിലാണ് നഗരനയ കമ്മീഷന്‍ രൂപവത്കരിച്ചത്.

 



source https://www.sirajlive.com/kerala-to-become-first-state-to-prepare-urban-policy-report.html

Post a Comment

أحدث أقدم