സിഡ്‌നി | ആസ്‌ത്രേലിയയുടെ എക്കാലത്തെയും മഹാനായ ക്രിക്കറ്റര്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമായി നിലവിലെ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടേക്കും. ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര 3-1 ന് ആസ്‌ത്രേലിയ കൈവശപ്പെടുത്തിയതോടെ ക്യാപ്റ്റനെന്ന നിലയില്‍ ജൈത്രയാത്ര തുടരുകയാണ് കമ്മിന്‍സ്.
അഞ്ചു മത്സര പരമ്പരയിലെ അവസാന അങ്കത്തില്‍ അരങ്ങേറ്റക്കാരനായ ബ്യൂ വെബ്സ്റ്റര്‍ വിജയ റണ്‍ കുറിച്ചതോടെ 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇതിഹാസ താരമായ അലന്‍ ബോര്‍ഡറുടെ രാജ്യത്തേക്ക് വീണ്ടുമെത്തുകയായിരുന്നു. രാജ്യത്തും വിദേശത്തുമായി നടന്ന രണ്ട് പരമ്പര സ്വന്തമാക്കി കഴിഞ്ഞ 10 വര്‍ഷത്തോളം ഇന്ത്യ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കപ്പ്.
നായകനെന്ന റോളില്‍ മാത്രമല്ല, പാറ്റ് കമ്മിന്‍സ് തിളങ്ങിയത്. താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനവും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ടൂര്‍ണമെന്റില്‍ 21.36 ആവറേജില്‍ 25 വിക്കറ്റുകളാണ് കമ്മിന്‍സ് കൊയ്‌തെടുത്തത്. ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഇതില്‍ ഉള്‍പ്പെടും. എട്ട് ഇന്നിംഗ്‌സുകളിലായി 159 റണ്‍സും താരം തന്റെ പേരില്‍ കുറിച്ചു. മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നേടിയ 49ഉം 41ഉം റണ്‍സായിരുന്നു ഇതില്‍ ഏറ്റവും ഉയര്‍ന്നത്.
തന്ത്രപരമായ മികവ്, പ്രധാന വിക്കറ്റുകള്‍ കടപുഴക്കാനും, നിര്‍ണായക അവസരങ്ങളില്‍ വിക്കറ്റെടുക്കാനുമുള്ള കഴിവ് എന്നിവയെല്ലാം കമ്മിന്‍സിനെ വ്യത്യസ്തനാക്കുന്നു. 2021ല്‍ ടെസ്റ്റിന്റെയും 2022ല്‍ ഏകദിനത്തിന്റെയും നായക സ്ഥാനം ഏറ്റെടുത്ത ശേഷം ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കമ്മിന്‍സ്. ഇംഗ്ലണ്ടില്‍ നടന്ന ആഷസ് കപ്പ് പരമ്പര സമനിലയിലാക്കി തിരിച്ചുപിടിച്ച കമ്മിന്‍സ്, 2023 ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ക്രിക്കറ്റ് വേള്‍ഡ് കപ്പും ഇന്ത്യയെ തോല്‍പ്പിച്ച് സ്വന്തമാക്കി. ഇപ്പോഴിതാം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഓസീസ് നായകനെന്ന നിലയില്‍ സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് കമ്മിന്‍സ്.
ആഷസില്‍ കമ്മിന്‍സ് 37.72 ആവറേജില്‍ 18 വിക്കറ്റും (നാലാമത്തെ ഉയര്‍ന്നത്) കമ്മിന്‍സ് സ്വന്തമാക്കി. 91 റണ്‍സ് മാത്രം വിട്ടുകൊടുത്തുള്ള ആറ് വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. ഒമ്പത് ഇന്നിംഗ്‌സുകളിലായി 162 റണ്‍സും (23.14 ആവറേജ്) താരം നേടി. ഒരിന്നിംഗ്‌സില്‍ നേടിയ 44 റണ്‍സാണ് ഇതില്‍ മികച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നാല് വിക്കറ്റ് കമ്മിന്‍സ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ 3/83 ഉം ഇതിലുള്‍പ്പെടും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും അജിങ്ക്യ രഹാനെയുടെയും വിക്കറ്റുകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ 34.33 ആവറേജില്‍ 15 വിക്കറ്റാണ് കമ്മിന്‍സ് വീഴ്ത്തിയത്. 51ന് മൂന്നായിരുന്നു ഇതിലെ മികച്ച ഫിഗര്‍. ഫൈനലില്‍ മികവുറ്റ രീതിയില്‍ പന്തെറിഞ്ഞ കമ്മിന്‍സ് 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. വിരാട് കോലിയുടെ വിക്കറ്റും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 32 ആവറേജില്‍ നിര്‍ണായകമായ 128 റണ്‍സും താരം സ്വന്തം പേരിലാക്കി. 37 ആയിരുന്നു ഇതിലെ ഉയര്‍ന്ന സ്‌കോര്‍.
source https://www.sirajlive.com/border-wins-gavaskar-trophy-cummins-continues-winning-streak-as-captain.html
إرسال تعليق