ഉമർ ഫൈസിക്കെതിരെ നടപടിയില്ല; പഠിക്കാൻ സമിതി

കോഴിക്കോട്| ലീഗ് അധ്യക്ഷൻ സ്വാദിഖലി തങ്ങൾക്കെതിരെയും പാണക്കാട് ഖാസി ഫൗണ്ടേഷനെതിരെയും നടത്തിയ പരാമർശത്തിൽ ഇ കെ സമസ്ത സെക്രട്ടറി ഉമർ ഫൈസിക്കെതിരെ നടപടിയില്ല. ഇന്നലെ ചേർന്ന മുശാവറ യോഗത്തിൽ ലീഗ് ഉന്നയിച്ച ഈ വിഷയത്തിൽ തീരുമാനമെടുത്തില്ല. ഇതുൾപ്പെടെയുള്ള വിവാദങ്ങൾ പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. വൈസ് പ്രസിഡന്റ്എം ടി അബ്ദുല്ല മുസ്്ലിയാരുടെ നേതൃത്വത്തിലാണ് സമിതി.

പല കത്തുകളും കിട്ടിയിട്ടുണ്ടെന്നും ഇവ പഠിക്കാനായി ഉപസമിതിയെ നിയോഗിക്കുകയാണെന്നും പ്രസിഡന്റ് സയ്യിദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ യോഗത്തെ അറിയിച്ചു. നൂറാം വാർഷികവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ലീഗ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഉമർ ഫൈസിയുടെ പരാമർശവുമായി ബന്ധമില്ലെന്ന പ്രസ്താവന മാത്രം പോരെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും മശാവറ ഈ മുന്നറിയിപ്പ് മുഖവിലക്കെടുത്തില്ല.

സംഘടനയിലെ ഒരു വിഭാഗം നേതാക്കളും ഉമർ ഫൈസിക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഫൈസിക്കെതിരെ നടപടിയെടുപ്പിക്കൽ മുഖ്യലക്ഷ്യമാക്കി ലീഗ് അനുകൂലികൾ കോഴിക്കോട് ആദർശ സംരക്ഷണ സമിതിയും രൂപവത്കരിച്ചിരുന്നു. മുശാവറ യോഗത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങൾക്ക് വിരുദ്ധമായി മാധ്യമങ്ങളോട് സംസാരിച്ച ബഹാഉദ്ദീൻ നദ്‌വി, കോഴിക്കോട് നളന്ദയിൽ യോഗം ചേർന്ന് സമാന്തര സമിതിയുണ്ടാക്കിയ കീഴ്ഘടകങ്ങളുടെ നേതാക്കൾ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് വിരുദ്ധ പക്ഷവും പരാതി നൽകിയിരുന്നു. ഇതിലും നടപടിയെടുത്തിട്ടില്ല. മാസങ്ങളായി ഇ കെ സമസ്തക്കുള്ളിൽ ലീഗ് അനുകൂല പക്ഷവും എതിർപക്ഷവും പരസ്യ ഏറ്റുമുട്ടലിലാണ്. ഉമർ ഫൈസി നടത്തിയ പരാമർശവും ഇ കെ സമസ്തക്ക് സമാന്തരമായി ഉണ്ടാക്കിയ കമ്മിറ്റിയും ഉൾപ്പെടെയുള്ള വിഷയങ്ങളായിരുന്നു ചേരിപ്പോരിന് ആക്കം കൂട്ടിയത്. ഈ പ്രശ്നം ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനവുമെടുത്തില്ല. സമകാലിക വിഷയങ്ങൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചതായും സോഷ്യൽ മീഡിയയിലും മറ്റും അനാവശ്യ ചർച്ചകൾ നടത്തി പരസ്പരം വിദ്വേഷമുണ്ടാക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും യോഗം അഭ്യർഥിച്ചതായും മുശാവറക്ക് ശേഷം ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്്ലിയാർ സ്വാഗതം പറഞ്ഞു.



source https://www.sirajlive.com/no-action-against-umar-faizi-committee-to-study.html

Post a Comment

أحدث أقدم