ഇസ്‌റാഈലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി

യു എന്‍ | ഇസ്‌റാഈലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ ആക്രമിച്ചത് ആണവ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.

ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ നിര്‍ണായക നിലപാടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചത്. പഴുതുകളില്ലാത്ത നിരീക്ഷണത്തിലൂടെ ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാന്‍ കഴിയുമെന്നും ദീര്‍ഘകാല കരാറിലൂടെ സമാധാനം സാധ്യമാണെന്നും ഏജന്‍സി അറിയിച്ചു.

നാറ്റന്‍സ് നിലയത്തില്‍ ഭൂഗര്‍ഭ വേധ ആയുധങ്ങള്‍ ഇസ്‌റാഈല്‍ പ്രയോഗിച്ചുവെന്നും ഇനി ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്നും ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി. നിലയത്തിനുള്ളില്‍ രാസ – ആണവ മലിനീകരണമുണ്ടെന്നും ഫോര്‍ഡോ നിലത്തിന് കേടുപാടുകളില്ലെന്നും ബുഷഹര്‍ നിലയം ആക്രമിക്കപ്പെട്ടാല്‍ വന്‍ ആണവ വികിരണ സാധ്യതയുണ്ടെന്നും ആയിരക്കണക്കിന് കിലോ ന്യൂക്ലിയര്‍ സാമഗ്രികളാണുള്ളതെന്നും ഏജന്‍സി വ്യക്തമാക്കി.

ആണവ നിലയം ആക്രമിക്കപ്പെടാല്‍ നൂറുകണക്കിന് കിലോമീറ്റര്‍ ഒഴിപ്പിക്കേണ്ടി വരും. ഇറാന് പുറത്തേക്കും അപകട സാധ്യത ഉണ്ടായേക്കാം. ബുഷഹര്‍ നിലയം ആക്രമിച്ചതായി ഇസ്‌റാഈല്‍ ഇന്നലെ തെറ്റായ വാര്‍ത്താക്കുറിപ്പിറക്കിയെന്നും പിന്നീട് തിരുത്തിയെന്നും ഏജന്‍സി അറിയിച്ചു. യു എന്നില്‍ ജി സി സി രാജ്യങ്ങള്‍ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ചു.

 



source https://www.sirajlive.com/the-atomic-energy-agency-has-issued-a-stern-warning-to-israel.html

Post a Comment

Previous Post Next Post