ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിര്‍ണായക തെളിവായി കണക്കാക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി | ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിര്‍ണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവിധ സേവനങ്ങള്‍ക്കുള്ള ആധികാരിക തിരിച്ചറിയല്‍ രേഖയായി ആധാറിനെ പരിഗണിക്കുമ്പോഴും അത് പൗരത്വം നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നും കൃത്യമായ പരിശോധന അതിന് ആവശ്യമാണെന്നുമാണ് സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം. ആധാര്‍ കാര്‍ഡില്‍ പരിശോധന വേണ്ടിവരുമെന്നും ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു.

വോട്ടര്‍ പട്ടികയുടെ പരിശോധനക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടോയെന്നാണ് നോക്കേണ്ടത്. അങ്ങനെയുണ്ടെങ്കില്‍ അത്തരം നടപടിക്ക് തടസ്സം നില്‍ക്കാനില്ല. നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്ര പരിഷ്‌കരണം റദ്ദാക്കും. വോട്ടര്‍ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കി.

1950നുശേഷം ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണെന്നും എന്നാല്‍, ഇപ്പോഴത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ പൗരത്വം നല്‍കാനുള്ള ഏജന്‍സിയാക്കി മാറ്റരുതെന്ന വാദവും സിബല്‍ ഉന്നയിച്ചു. കേസിലെ വാദം നാളെയും തുടരും.

 



source https://www.sirajlive.com/aadhaar-card-cannot-be-considered-conclusive-proof-of-citizenship-supreme-court.html

Post a Comment

Previous Post Next Post