എ കെ ജി സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടത്; തലശ്ശേരി അതിരൂപത

തലശ്ശേരി | എ കെ ജി സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന ചോദ്യവുമായി തലശ്ശേരി അതിരൂപത. ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അവസര വാദിയാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അതിരൂപത.

ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമര്‍ശിച്ചു. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ അതിരൂപത ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടില്‍ മാറ്റമില്ല. സി പി എം സംസ്ഥാന സെക്രട്ടറിയുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്. നേരത്തെ ഡി വൈ എഫ് ഐയുടെ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതാണ്. എന്നാല്‍, എം വി ഗോവിന്ദന്‍ ഇതിന് കുടപിടിക്കുന്നത് അപലപനീയമാണെന്നും അതിരൂപത കുറ്റപ്പെടുത്തി.

അവസരവാദം ആപ്തവാക്യമാക്കിയത് സി പി എം സംസ്ഥാന സെക്രട്ടറിയാണെന്നും സ്വന്തം പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്ന നിലപാടാണ് ഗോവിന്ദന്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിരൂപത അഭിപ്രായപ്പെട്ടു. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോല്‍ ആക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കേന്ദ്രത്തിന് നന്ദിയറിയിച്ചതാണ് ഗോവിന്ദന്റെ വിമര്‍ശനങ്ങള്‍ക്ക് കാരണം. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി പാടി. അച്ഛന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

 



source https://www.sirajlive.com/should-bishops-work-after-purchasing-the-theettooram-from-akg-center-archdiocese-of-thalassery.html

Post a Comment

Previous Post Next Post