മലപ്പുറം | മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങള്‍, സംഭവങ്ങള്‍ ആസ്പദമാക്കി മഅ്ദിന്‍ അക്കാദമി സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന ഹറമൈന്‍ എക്സ്പോക്ക് പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ ഉള്‍പ്പെടെ നിരവധി കാഴ്ചക്കാരെത്തുന്നു. മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള സാദാത്ത് അക്കാദമി, സ്‌കൂള്‍ ഓഫ് എക്സലന്‍സ്, മഅ്ദിന്‍ ദഅ്‌വാ കാമ്പസ് പെരുമ്പറമ്പ്, മഅ്ദിന്‍ എജ്യൂപാര്‍ക്ക് ദഅ്‌വാ കാമ്പസ്, മോഡല്‍ അക്കാദമി, അറബിക് വില്ലേജ് തുടങ്ങിയ കാമ്പസുകളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ പഠനാര്‍ഹവും ശ്രദ്ധേയവുമായ പത്ത് സ്റ്റാളുകളാണ് ഹറമൈന്‍ എക്സ്പോയില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഞായറാഴ്ച (ആഗസ്റ്റ് 24) വൈകിട്ട് ആറുവരെ പ്രദര്‍ശനം തുടരും.
മക്കയില്‍ നിന്നും തുടങ്ങി മദീനയില്‍ അവസാനിക്കുന്ന പ്രധാനപ്പെട്ട 45 കേന്ദ്രങ്ങളുടെ മിനിയേച്ചര്‍ മാതൃക, മക്ക, മദീന പഴയതും പുതിയതുമായ ദൃശ്യാവിഷ്‌കാരം, പരമ്പരാഗത രീതിയിലുള്ള ഹജ്ജ് തീര്‍ഥാടനത്തെ പുനരാവിഷ്‌കരിക്കല്‍, സഫ, മര്‍വ മലകള്‍, അറഫ, മിന, മുസ്ദലിഫ, ജംറകള്‍ എന്നിവയെ പരിചയപ്പെടുത്തല്‍, തീം പ്രസന്റേഷന്‍, വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് മക്ക, മദീന ആസ്വാദനം, കഅ്ബയുടെ നിര്‍മാണ ഘട്ടങ്ങള്‍, പ്രവാചകര്‍ ഹിജ്റ വേളയില്‍ ഉപയോഗിച്ച പാതയുടെ വിശദീകരണം, മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി ചരിത്രവിവരണം, സൗര്‍ ഗുഹ, നൂര്‍ പര്‍വതം എന്നിവയുടെ ആവിഷ്‌കാരം, ക്ലോക്ക് ടവര്‍ മാതൃക, ഖുര്‍ആന്‍ ലോകം തുടങ്ങി ഒട്ടേറെ ചരിത്രപരവും വ്യത്യസ്തങ്ങളുമായ വിഷയങ്ങളാണ് എക്സപോയില്‍ ഒരുക്കിയിട്ടുള്ളത്. ജിദ്ദയില്‍ നിന്നും മക്കയിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തിയിലുള്ള കവാടത്തിന്റെ മാതൃകയാണ് എക്‌സ്‌പോയിലേക്കുള്ള പ്രവേശനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.
ഹജ്ജും കാളവണ്ടിയും
അറബികള്‍ കൈരളിയുടെ വാണിജ്യ മേഖല ഭരിക്കുന്ന കാലം കോഴിക്കോടും വളപ്പട്ടണവും ബേപ്പൂരും കൊടുങ്ങല്ലൂരുമെല്ലാം ഹാജിമാരുടെ തുറമുഖങ്ങളായിരുന്നുവെന്നാണ് ചരിത്രം. നാടുകളില്‍ നിന്നും ഈ തുറമുഖങ്ങളിലേക്ക് ആഘോഷങ്ങളുടെ അകമ്പടികളോടെ യാത്ര ചെയ്തിരുന്ന കാളവണ്ടിയുടെ മോഡല്‍ എക്സ്പോയിലെ പ്രധാന കാഴ്ചയായി. ഹജ്ജിന് പോവുക എന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യമുള്ള വലിയ കര്‍മമായതിനാല്‍ ഏറ്റവും മുന്തിയ വണ്ടിയില്‍ തന്നെ യാത്രയയക്കണമെന്നാണ് നാട്ടുചര്യ. അതനുസരിച്ച് ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച വണ്ടിയെന്നോണം കാളവണ്ടികളിലാണ് ഹാജിമാരെ തുറമുഖങ്ങളിലേക്ക് യാത്രയയച്ചിരുന്നത്. മേല്‍ക്കൂരക്കു പകരം വടിനാട്ടി അതില്‍ തുണി തൂക്കിയിടുന്ന പഴയകാല സാഹചര്യങ്ങളെ ഓര്‍മിപ്പിക്കും വിധമാണ് എജ്യൂപാര്‍ക്ക് ദഅ്വാ കാമ്പസിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുള്ളത്.
source https://www.sirajlive.com/many-spectators-attend-the-historical-exhibition-in-madinah-haramain-it-will-conclude-on-sunday.html
إرسال تعليق