ഭരണഘടന നല്‍കുന്ന സംരക്ഷണത്തിന്റെയും സുപ്രീംകോടതി നിലപാടുകളുടെയും ലംഘനമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരായ അസം സര്‍ക്കാറിന്റെ വേട്ട. ഓണ്‍ലൈന്‍ മാധ്യമമായ “ദ വയറി’ന്റെ സ്ഥാപക എഡിറ്ററാണ് സിദ്ധാര്‍ഥ് വരദരാജ്. കരണ്‍ ഥാപ്പര്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററും.
ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് “ദി വയറി’ല്‍ വന്ന ലേഖനത്തിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി സര്‍ക്കാര്‍ ഇരുവരെയും പീഡിപ്പിക്കുന്നത്. ചോദ്യം ചെയ്യലിന് നാളെ ക്രൈംബ്രാഞ്ചിനു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ് അസം പോലീസ്. അതേസമയം ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്തെല്ലാമെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. നേരത്തേ ഇരുവര്‍ക്കുമെതിരെ അസം സര്‍ക്കാര്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ഉള്‍പ്പെടെ പ്രസ്തുത കേസിലെ തുടര്‍ നടപടികള്‍ സുപ്രീം കോടതി തടയുകയും ചെയ്തിരുന്നു. ആഗസ്റ്റ് പന്ത്രണ്ടിനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഇത്തരമൊരു സാഹചര്യത്തിലാണ് കോടതിയെ അപ്രസക്തമാക്കുന്ന തരത്തില്‍ രാജ്യദ്രോഹമുള്‍പ്പെടെ ആറ് വകുപ്പുകള്‍ ചേര്‍ത്ത് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തത്.
ഓപറേഷന്‍ സിന്ദൂറില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പാകിസ്താനില്‍ നഷ്ടമായതു സംബന്ധിച്ച് ജൂണ്‍ 28ന് ദി വയര്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടാണ് കേസിനാധാരമെന്നാണ് വിവരം. ഇത് രാജ്യത്തെ അപമാനിക്കലും രാജ്യദ്രോഹവുമാണെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേനക്ക് വിമാനങ്ങള്‍ നഷ്ടമായതായി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
മേയ് മാസത്തില്‍ സിംഗപ്പൂരിലെ സംഭാഷണത്തിനിടെ ബ്ലൂംബെര്‍ഗ് ടി വിയുമായുള്ള സംഭാഷണത്തില്‍ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. “ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തപ്പെട്ടതല്ല. മറിച്ച് അവ എന്തുകൊണ്ട് സംഭവിച്ചുവെന്നതാണ് പ്രധാനം.’ യുദ്ധവേളയില്‍ ഇന്ത്യന്‍ ജെറ്റ് വിമാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. എങ്കിലും അത് പാകിസ്താന്‍ നടത്തിയ വെടിവെപ്പിലല്ലെന്നാണ് അദ്ദേഹം പറയുന്നത്. “താമസിയാതെ ഇന്ത്യന്‍ സേനയുടെ ഭാഗത്തുണ്ടായ പാളിച്ചകള്‍ പരിഹരിച്ച് മുന്നേറി’യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്കുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലാണ് അനില്‍ ചൗഹാന്റെ ഈ പരാമര്‍ശമെന്ന് മിക്ക ദേശീയ മാധ്യമങ്ങളും വിലയിരുത്തുകയുമുണ്ടായി.
ജൂലൈ മധ്യത്തില്‍ വൈറ്റ് ഹൗസില്‍ റിപബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കുള്ള അത്താഴവിരുന്നില്‍ സംസാരിക്കവെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുദ്ധത്തില്‍ ഇന്ത്യന്‍ വിമാനം തകര്‍ന്നെന്ന മട്ടിലുള്ള പ്രസ്താവന നടത്തിയിരുന്നു. ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ ഭരണകൂടം ഒരക്ഷരം ഉരിയാടിയിട്ടില്ല. എന്നിരിക്കെ “ദി വയറി’ന്റെ റിപോര്‍ട്ടില്‍ അപാകത കാണുന്ന അസം സര്‍ക്കാറിന്റെ നടപടിയില്‍ ദുരൂഹതയുണ്ട്. രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരോ രാജ്യദ്രോഹപരമോ അല്ല പ്രസ്തുത റിപോര്‍ട്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതുമാണ്.
സുപ്രീം കോടതി പലതവണ ആവര്‍ത്തിച്ചതാണ് വാര്‍ത്തകളില്‍ സര്‍ക്കാറുകളെ വിമര്‍ശിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ അവകാശം. 2024 ഒക്ടോബര്‍ നാലിന് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് എന്‍ വി ഭാട്ടി എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നടത്തിയ വിധിപ്രസ്താവം ഇങ്ങനെ: “വാര്‍ത്തകള്‍ വഴി സര്‍ക്കാറിനെ വിമര്‍ശിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ അവകാശം ഭരണഘടനാപരമാണ്. അക്കാരണം കൊണ്ട് മാത്രം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താവതല്ല. ജനാധിപത്യ രാജ്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടനയുടെ 19(എ1) അനുഛേദ പ്രകാരം മാധ്യമ പ്രവര്‍ത്തകരുടെ അവകാശവും സംരക്ഷിക്കപ്പെടുന്നുണ്ട്.’ ഉത്തര്‍പ്രദേശില്‍ പൊതുഭരണത്തിലെ ജാതിഘടകങ്ങളെക്കുറിച്ച് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് മാധ്യമ പ്രവര്‍ത്തകന്‍ അഭിഷേക് ഉപാധ്യായക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തിയതുമായ ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
ഓപറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച റിപോര്‍ട്ടിലുപരി അസം സര്‍ക്കാറിനെതിരെ നേരത്തേ നടത്തിയ വിമര്‍ശനത്തിനുള്ള പ്രതികാരമാണ് ദി വയറിനെതിരെയുള്ള നടപടിയെന്നാണ് പറയപ്പെടുന്നത്. അസം സര്‍ക്കാറിന്റെ ജനവിരുദ്ധമായ നിലപാടുകള്‍ മുമ്പ് പലപ്പോഴും തുറന്നു കാട്ടിയിട്ടുണ്ട് ഈ മാധ്യമം. വിമര്‍ശനങ്ങളോട് ആരോഗ്യകരമായി പ്രതികരിക്കുന്നതിനു പകരം അസഹിഷ്ണുതയോടെ കാണുകയും ഭരണസ്വാധീനമുപയോഗിച്ച് മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നിലപാടാണല്ലോ ഭരണാധികാരികളില്‍ പൊതുവെ കണ്ടുവരുന്നത്. വര്‍ഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാടുള്ള, മതേതര നിലപാട് മുറുകെ പിടിക്കുന്ന മാധ്യമമാണ് “ദി വയര്‍’. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് മാസങ്ങളോളം കശ്മീര്‍ ജനത അനുഭവിച്ച ദുരിതങ്ങള്‍ തുടങ്ങി ഭരണകൂട, ഹിന്ദുത്വ വിധേയത്വം പുലര്‍ത്തുന്ന വലതുപക്ഷ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന പല വാര്‍ത്തകളും ദി വയര്‍ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. പലപ്പോഴും ഭരണകൂട വേട്ടക്ക് ഈ സ്ഥാപനവും ജീവനക്കാരും വിധേയമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ജനാധിപത്യ വ്യവസ്ഥിതിയിലെ സുപ്രധാന ഘടകമാണ് അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും. ജനാധിപത്യത്തെ തകരാതെ താങ്ങി നിര്‍ത്തുന്നതില്‍ മാധ്യങ്ങള്‍ക്ക് മികച്ച പങ്കുണ്ട്. എങ്കിലും കേരള നിയമസഭാ സ്പീക്കര്‍ എം വി രാജേഷ് അഭിപ്രായപ്പെട്ടതു പോലെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഇന്ന് തോക്കിനും തുറുങ്കിനുമിടയിലാണ്. പല വാര്‍ത്തകളും വസ്തുതാപരമായി റിപോര്‍ട്ട് ചെയ്താല്‍ ഒന്നുകില്‍ ജീവന്‍ അപകടത്തിലാകും. അല്ലെങ്കില്‍ ജയിലുകളില്‍ അഴി എണ്ണേണ്ടി വരും. അതാണിപ്പോള്‍ സിദ്ധാര്‍ഥ് വരദരാജനെയും കരണ്‍ ഥാപ്പറെയും പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ് മാധ്യമങ്ങളെ വിലക്കുന്നതും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിര കള്ളക്കേസ് ചുമത്തി നിശബ്ദരാക്കുന്നതും.
source https://www.sirajlive.com/quot-press-freedom-between-a-gun-and-a-prison-quot.html
إرسال تعليق